38th പാരലൽ എന്നത് ഉത്തര ദക്ഷിണ കൊറിയയുടെ അതിർത്തിയാണ്. നമ്മുടെ വാഗാ ബോർഡർ എന്നൊക്കെ പറയുന്ന പോലുള്ള ഇടം. AD 668 -ൽ ഒന്നിച്ച, 1254 -ൽ നടന്ന മംഗോളിയൻ അധിനിവേശത്തിനു ശേഷം അവരുടെ ഭരണത്തിന് കീഴിലായ, 1905 മുതൽ ജപ്പാന്റെ അധിനിവേശത്തിന് സാക്ഷ്യം വഹിച്ച കൊറിയ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോഴാണ് വിഭജിതമാകുന്നത്. 1945 ഓഗസ്റ്റിൽ മേല്പറഞ്ഞ 38th പാരലലിന് തെക്കും വടക്കുമായി രണ്ടായി പകുത്തുകൊണ്ട് അമേരിക്കയും, സോവിയറ്റ് റഷ്യയും കാര്യങ്ങൾ നീക്കുന്നു. വടക്കൻ കൊറിയ റഷ്യയും, തെക്കൻ കൊറിയ അമേരിക്കയും ഭരിക്കുന്നു. 1948 -ൽ അമേരിക്കയുടെ കാർമികത്വത്തിൽ ഇരു കൊറിയകളിലും തെരഞ്ഞെടുപ്പ് നടക്കുന്നു. ദക്ഷിണ കൊറിയയിൽ സിംഗ്മാൻ റീയുടെ ഗവണ്മെന്റും, ഉത്തര കൊറിയയിൽ റഷ്യയുടെ ചരടിന്മേൽ നീങ്ങുന്ന, കോമ്രേഡ് കിം ഇൽ സങ് നേതൃത്വം നൽകുന്ന ഒരു കമ്യൂണിസ്റ്റ് ഭരണകൂടവും നിലവിൽ വരുന്നു. 1949 -ൽ അമേരിക്കൻ, റഷ്യൻ സൈന്യങ്ങൾ പിന്മടങ്ങി കൊറിയ കൊറിയക്കാർക്ക് വിട്ടുനൽകുന്നു. ഭരണത്തിലേറിയ അന്നുതൊട്ട് കിം ഇൽ സങ് ചെയ്തതും സിംഗ്മാൻ റീ ചെയ്യാതിരുന്നതും ഒരു കാര്യമാണ്, സൈനികബലം വർധിപ്പിക്കുക. ഒടുവിൽ 1950 ജൂൺ 25 -ന് പ്യോങ്യാങ്ങിൽ നിന്നുള്ള അപ്രതീക്ഷിതമായ ആക്രമണമുണ്ടാകുന്നു. ആ യുദ്ധത്തിന്റെ നാൾവഴികളിലൂടെ...
ജൂൺ 25 : ഉത്തര കൊറിയൻ സൈന്യം 38th പാരലൽ കടന്ന് തെക്കോട്ട് മാർച്ച് ചെയ്യുന്നു. സിയോളിനുനേർക്ക് 110,000 സൈനികർ, 1400 ആർട്ടിലറി പീരങ്കികൾ, 126 ടാങ്കുകൾ എന്നിവകൊണ്ട് ഉത്തരകൊറിയ നടത്തിയ അക്രമണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനുള്ള അങ്കത്തികവോ ആയുധബലമോ ഒന്നും ദക്ഷിണ കൊറിയക്ക് ഉണ്ടായിരുന്നില്ല.
ജൂൺ 26 : ഐക്യരാഷ്ട്ര സഭ പ്രശ്നത്തിൽ ഇടപെട്ടു. ഉത്തരകൊറിയ കാണിച്ചത് തോന്നിയവാസമാണ് എന്നും, ഉടനടി പിന്മാറണമെന്നും അഭിപ്രായപ്പെട്ടു. ഉത്തരകൊറിയ ചെവിക്കൊള്ളാനുള്ള മൂഡിൽ അല്ലായിരുന്നു.
ജൂൺ 27 : പ്രശ്നത്തിൽ ഇടപെട്ട് ദക്ഷിണ കൊറിയയിലെ ജനാധിപത്യ ഗവണ്മെന്റിനെ രക്ഷിക്കണം എന്നുള്ള നിർദേശം സഭയുടെ രക്ഷാസമിതിയിൽ നിന്ന് അംഗരാഷ്ട്രങ്ങൾക്ക് കിട്ടുന്നു.ജൂൺ 28 : ഉത്തരകൊറിയൻ സൈന്യം സോൾ നഗരം പിടിച്ചെടുക്കുന്നു. ഹാൻ നദി കടന്ന് നഗരത്തിന്റെ തെക്കുഭാഗത്തേക്ക് മാർച്ച് ചെയ്യുന്നു.
ജൂലൈ 1 : ബുസാനിൽ വന്നിറങ്ങുന്ന അമേരിക്കൻ സൈന്യം ഓപ്പറേഷൻ തുടങ്ങുന്നു. ജപ്പാനിൽ ഉണ്ടായിരുന്ന സഖ്യസേനയെ ഉപയോഗിച്ച് ദക്ഷിണ കൊറിയയെ സംരക്ഷിച്ചു കൊല്ലാൻ ജനറൽ ഡഗ്ലസ് മക് ആർതറിന് അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാന്റെ ഉത്തരവ് കിട്ടുന്നു.
ജൂലൈ 5 : സിയോളിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഒസാനിൽ വെച്ച് നടന്ന ആദ്യ പോരാട്ടത്തിൽ സഖ്യസേനയ്ക്ക് പിന്തിരിഞ്ഞോടേണ്ടി വരുന്നു.സെപ്റ്റംബർ 27 : യുഎൻ സേനകൾ ചേർന്ന് സിയോളിനെ മോചിപ്പിക്കുന്നു. ഉത്തരകൊറിയൻ സൈന്യം 38th പാരലൽ വഴി ഉത്തരകൊറിയയിലേക്ക് പിന്മടങ്ങുന്നു.സെപ്റ്റംബർ 30 : യുഎൻ സേന പിന്തിരിഞ്ഞോടിയ ഉത്തരകൊറിയൻ സൈനികർക്ക് പിന്നാലെ 38th പാരലൽ കടന്ന് വടക്കോട്ട് നീങ്ങുന്നു. ഇനി ഒരടി മുന്നോട്ട് വെച്ചാൽ തങ്ങൾ ഇടപെടും എന്ന് ചൈനയുടെ മുന്നറിയിപ്പുണ്ടാകുന്നു.
ഒക്ടോബർ 19 : യുഎൻ സേന പ്യോങ്യാങ്ങിൽ എത്തുന്ന സമയത്ത് യാലുനദി കടന്നു ചൈനീസ് സൈന്യം യുദ്ധസന്നദ്ധരായി എത്തുന്നു.
ഒക്ടോബർ 25 : ചൈനീസ് സൈന്യം ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ ആറാം ഡിവിഷനുമായി യുദ്ധത്തിലേർപ്പെടുന്നു.1953 ജൂലൈ 27 : കൊറിയൻ ആർമിസ്റ്റൈസ് എഗ്രിമെന്റ് ഒപ്പിട്ടതോടെ യുദ്ധം അവസാനിക്കുന്നു. 38th പാരലലിന്റെ ഇരുപുറവുമായി ഒരു സൈനിക നിർവ്യാപന മേഖല ഉണ്ടാക്കുന്നു. അപ്പുറമിപ്പുറം തെക്കൻ-വടക്കൻ കൊറിയകൾ വീണ്ടും നിലവിൽ വരുന്നു.
യുദ്ധത്തിലെ നാശനഷ്ടങ്ങൾ: വളരെയധികം ആൾനാശവും, സാമ്പത്തികനഷ്ടവും ഉണ്ടാക്കിയ ഒന്നാണ് ഈ യുദ്ധം. ഏതാണ്ട് 30 ലക്ഷത്തോളം സൈനികർക്കാണ് ഈ യുദ്ധത്തിൽ ജീവനാശമുണ്ടായത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ വിയറ്റ്‌നാം യുദ്ധത്തിലോ ഒക്കെ സംഭവിച്ചതിലും അധികം സിവിലിയൻ ജീവനാശവും ഈയുദ്ധത്തിലുണ്ടായി.
ഇരുപക്ഷത്തും പല നഗരങ്ങളും വ്യോമാക്രമണത്തിൽ പാടെ തകർന്നു. ഇരുപക്ഷത്തെയും പൗരന്മാർ കൊടിയ പീഡനങ്ങൾക്കും കൂട്ടക്കൊലകൾക്കും ഇരയായി.ഈ യുദ്ധത്തിലാണ് ലോകത്തിൽ ആദ്യമായി ജെറ്റ് പോർവിമാനങ്ങൾ പരസ്പരം പോരാടിയത്. ഈ യുദ്ധത്തിൽ പ്രധാന താത്പര്യങ്ങൾ ഉണ്ടായിരുന്ന അമേരിക്കയ്ക്ക് അന്ന് യുദ്ധത്തിനുവേണ്ടി ചെലവിടേണ്ടി വന്നത് 67 ബില്യൺ ഡോളറാണ്.