Covid-19: കൊവിഡ് മാലിന്യം ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍

First Published | Jul 30, 2022, 11:26 AM IST

കൊവിഡ് മഹാമാരി മനുഷ്യനില്‍ സൃഷ്ടിച്ച ആഘാതത്തിന്‍റെ വ്യാപ്തിയെത്രയെന്ന്  ഇനിയും കണക്ക് കൂട്ടിയിട്ടില്ല. എന്നാല്‍, കൊവിഡിനെ തുടര്‍ന്ന് മനുഷ്യന്‍ ഈ പ്രകൃതിക്കേല്‍പ്പിച്ച ആഘാതത്തിന്‍റെ ചിത്രങ്ങള്‍ മനുഷ്യനോട് മറ്റ് ചില കഥകളാണ് പറയുന്നത്. കൊവിഡിനെ തുടര്‍ന്ന് ലോകമെങ്ങുമുള്ള മനുഷ്യര്‍ മാസ്കും കൈയ്യുറകളും മറ്റും വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. എന്നാല്‍, ഉപയോഗ ശേഷം ഇവ കാര്യക്ഷമമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നില്‍ക്കാതെ വഴിയരികിലേക്കും മറ്റും സൗകര്യപൂര്‍വ്വം വലിച്ചെറിയപ്പെട്ടു.  ഇങ്ങനെ വലിച്ചെറിയപ്പെട്ട മാലിന്യങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഡൽഹൗസി സർവകലാശാലയിലെ ഗവേഷകർ അത്തരമൊരു നീക്കം നടത്തി.  പിപിഇ കിറ്റ്, മാസ്ക്, എന്നിവയിൽ കുടുങ്ങിയ വന്യജീവികളുടെ ഫോട്ടോകൾ ശേഖരിക്കാനുള്ള ശ്രമമാണ് അവര്‍ ആരംഭിച്ചത്. അതിനായി  സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ കണ്ടെത്തിയ ചിത്രങ്ങള്‍ ചില കഥകള്‍ പറയും. 

2020 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെ 23 രാജ്യങ്ങളിലായി 114 ചിത്രങ്ങളാണ് ഇത്തരത്തില്‍ ഡൽഹൗസി സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. ഇത്തരം ചിത്രങ്ങളില്‍ ഏറ്റവും കുടുതല്‍ ഇരകളാക്കപ്പെട്ടത് പക്ഷികളായിരുന്നു. കൊവിഡ് കാലത്തിന് മുമ്പ് മുഖാവരണങ്ങള്‍ അത്യപൂര്‍വ്വകാഴ്ചയായിരുന്നു. എന്നാല്‍ കൊവിഡാനന്തരം ലോകത്ത് മുഖാവരണങ്ങള്‍ സര്‍വ്വസാധാരണമായി. 

ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന മുഖാവരണങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടപ്പോള്‍ അവ സംസ്കരിക്കപ്പെടാതെ അത് പോലെ തന്നെ ഭൂമിയിലേക്ക് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട മുഖാവരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെട്ടതും പക്ഷികളായിരുന്നു. 


ഈ ചിത്രങ്ങള്‍ നമ്മുടെ മാലിന്യ സംസ്കരണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മുന്നറിയിപ്പ് നല്‍കുന്നു. അതുവഴി അനിവാര്യമായ ഭാവി പകർച്ചവ്യാധികളിൽ നിന്ന് സമാനമായ ചോർച്ച തടയാൻ കഴിയുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകർച്ചവ്യാധികൾക്കിടയിൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ കിറ്റ്) പ്രധാനമാണ്. മാസ്കുകൾ, ഡിസ്പോസിബിൾ കൈയുറകൾ, പരിശോധനാ കിറ്റുകൾ, ശുചിത്വ വൈപ്പുകൾ എന്നിവ രോഗം പടരുന്നത് തടയാൻ വ്യാപകമായി ഉപയോഗിക്കുന്നു.

മഹാമാരിയുടെ കാലത്ത് പ്രതിമാസം 129 ബില്യൺ മുഖാവരണങ്ങളും 65 ബില്യൺ കൈയ്യുറകളും ഉപയോഗിക്കപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാല്‍, ശരിയായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതിനാൽ, ഈ വസ്തുക്കളുടെ ഭൂരിഭാഗവും മാലിന്യങ്ങളായി ഭൂമിയില്‍ പലയിടത്തായി നിക്ഷേപിക്കപ്പെട്ടു. 

'ഉപേക്ഷിക്കുക എന്നാല്‍, സ്വന്തം ചുറ്റുപാടുകളിലേക്ക് വലിച്ചെറിയപ്പെട്ടുയെന്ന് പറയുന്നതാകും ശരി. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങള്‍ സ്വാഭാവികമായും അതത് പ്രദേശത്തെ പക്ഷി, മൃഗങ്ങള്‍ക്ക് ഭീഷണിയായി ഇന്നും അവശേഷിക്കുന്നു. മനുഷ്യന്‍ ഉപേക്ഷിക്കുന്ന ഇത്തരം മാലിന്യങ്ങളിലാണ് പതിവായി പക്ഷി/മൃഗങ്ങളില്‍ എത്തിച്ചേരുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പാരസ്പര്യബന്ധം പ്രശ്നത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

പക്ഷികളില്‍ തന്നെ മിണ്ടൻ സ്വാൻ,  ഓസ്‌ട്രേലിയൻ വൈറ്റ് ഐബിസ്, റെഡ് കിറ്റുകൾ, യുറേഷ്യൻ കൂട്ട് തുടങ്ങിയ നിരവധി പക്ഷി ഇനങ്ങളെല്ലാം സാധാരണയായി ഇത്തരം മാലിന്യങ്ങളുടെ ദുരന്തഫലം നേരിടുന്നവയായിരുന്നു. കിഴക്കൻ ചാരനിറത്തിലുള്ള അണ്ണാൻ മുതല്‍ യൂറോപ്യൻ മുള്ളൻപന്നിയും ചുവന്ന കുറുക്കനും ഇത്തരം കൊവിഡ് മാലിന്യങ്ങളുടെ നേരിട്ടുള്ള ഇരകളായി തീര്‍ന്നു. 114 ചിത്രങ്ങള്‍ ശേഖരിച്ചതില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ പിപിഇ കിറ്റുമായി ബന്ധപ്പെട്ട മൃഗങ്ങളുടെ മരണങ്ങള്‍ ചിത്രീകരിച്ചവയായിരുന്നു. 

അതില്‍ തന്നെ യുഎസിൽ (29), ഇംഗ്ലണ്ട് (16), കാനഡ (13), ഓസ്‌ട്രേലിയ (11), നെതർലൻഡ്‌സ് (10) എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ഭൂരിഭാഗം ചിത്രങ്ങളും കണ്ടെത്തിയത്. 'ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്നത് അവസാനിപ്പിച്ചെങ്കിലും കൊവിഡിന്‍റെ വ്യാപന കാലത്ത് ഉപയോഗിച്ച് ഉപേക്ഷിക്കപ്പെട്ട മാസ്കുകള്‍ ഇന്നും തെരുവുകളില്‍ അലക്ഷ്യമായി കിടക്കുകയാണ്. 

ഇവ കണ്ടെത്തി കൃത്യമായി സംസ്കരിക്കാത്തത് വരും കാലത്ത് നമ്മടെ കര, ജല പരിസ്ഥിതികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ ആഗോള ജന്തുജാലങ്ങളിലും പരിസ്ഥിതിയിലും ചെലുത്തിയ മുഴുവൻ ആഘാതവും വിലയിരുത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

 'ഞങ്ങളുടെ മാലിന്യ സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്, അതുവഴി അനിവാര്യമായ ഭാവിയിലെ പകർച്ചവ്യാധികളിൽ സമാനമായ ചോർച്ച തടയാനാകും.' എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 25,000 ടണ്ണിലധികം പിപിഇ കിറ്റും കോവിഡുമായി ബന്ധപ്പെട്ട മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഇപ്പോള്‍ തന്നെ സമുദ്രത്തിലേക്ക് തള്ളപ്പെട്ടു കഴിഞ്ഞതായി ഒരു പഠനം കണക്കാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പഠനവും പുറത്ത് വരുന്നത്. 

പാൻഡെമിക്കിന്‍റെ തുടക്കം മുതൽ 2021 ഓഗസ്റ്റ് വരെ 193 രാജ്യങ്ങളിൽ നിന്ന് 8.4 ദശലക്ഷം ടൺ പാൻഡെമിക്കുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിച്ചതായി കാലിഫോർണിയയിലെ ഗവേഷകർ കണക്കാക്കുന്നു. ഇന്ന് ഈ മാലിന്യത്തിന്‍റെ ഭൂരിഭാഗവും കടലിലാണ് അവസാനമെത്തിയിരിക്കുന്നതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതായത് കൊവിഡ് മഹാമാരി മനുഷ്യനില്‍ സൃഷ്ടിച്ച ആഘാതത്തിന്‍റെ ഇരട്ടി ദുരന്തം മനുഷ്യന്‍ ഇപ്പോള്‍ തന്നെ പ്രകൃതിക്ക് തിരിച്ച് നല്‍കിയിരിക്കുന്നുവെന്നുവെന്ന്. 

Latest Videos

click me!