മൂന്ന് ആഴ്‌ച മുമ്പ് വടക്കേ ഇംഗ്ലണ്ടിലെ ടൈനി നദീതീരത്തെ നിര്‍മ്മിത നഗരമായ ടൈനിസൈഡിലെ ഗുർൻസിയിൽ നിന്ന് ഇംഗ്ലണ്ടിനും ഫ്രാന്‍സിനും ഇടയിലുള്ള ദ്വീപായ ഗേറ്റ്‌സ്‌ഹെഡിലേക്കാണ് അലൻ ടോഡ് തന്‍റെ പ്രാവായ 'ബോബി'നെ റേസിങ്ങിനായി പറത്തി വിട്ടത്.
644 കിലോമീറ്ററുള്ള ഈ ദൂരം 10 മണിക്കൂറ് കൊണ്ടാണ് സാധാരണ പ്രാവുകള്‍ പറന്നെത്താറ്. എന്നാല്‍, സമയം കഴിഞ്ഞും പ്രാവിനെ കാണാതായതോടെ അറ്റ്ലാന്റിക് കടക്കുന്നതിനിടെ പറക്കലിനിടെ ക്ഷീണിതനായ അവന്‍ ഏതെങ്കിലും കപ്പലില്‍ പറന്നിറങ്ങി കടല്‍ കടന്നിരിക്കാമെന്ന് ചിന്തിച്ചതായി പിന്നീട് ഉടമ അലൻ ടോഡ് പറഞ്ഞു.
ഒടുവില്‍ ബോബിനെ കണ്ടെത്തിയതാകട്ടെ 6437 കിലോമീറ്റര്‍ ദൂരെ തെക്കേ അമേരിക്കയിലെ അലബാമയില്‍ നിന്നും. വെബ്‌ക്യാം വഴി ബോബുമായി വീണ്ടും കണ്ടുമുട്ടിയെന്നും ടോഡ് അവനെ തിരികെ കൊണ്ടുവരാനുള്ള യാത്രയ്ക്ക് പദ്ധതിയിടുന്നതായും പറഞ്ഞു.
ഏതാണ്ട് 95,869 രൂപ (1000 പൗണ്ട്) വിലയുള്ള ആളാണ് ബോബ്. "അവന്‍ അങ്ങനെയൊന്നും പറക്കില്ലായിരുന്നു, കാണാതായപ്പോള്‍ ഏതെങ്കിലും കപ്പലില്‍ കയറിയിരിക്കാമെന്ന് ഞാന്‍ കരുതി." അലന്‍ ടോഡ് പറയുന്നു.
"എന്‍റെ ഊഹം ശരിയായിരുന്നു അവന്‍ ഏതോ എണ്ണക്കപ്പലിലാണ് കയറിയത്. വെബ്ക്യാം വഴി കണ്ടപ്പോള്‍ അവന്‍റെ ദേഹത്താകെ എണ്ണമയമുണ്ടായിരുന്നു." അലന്‍ ടോഡ് പറഞ്ഞു. "അവർ അവനെ വളരെ നന്നായി നോക്കുന്നുണ്ട്. ഇന്നലെ അവനെ കണ്ടപ്പോൾ അവൻ അത്ര നല്ല ഒരു അവസ്ഥയിൽ ആയിരുന്നില്ല. എന്നാൽ ഇന്ന് അവനെ നോക്കുമ്പോൾ ഒരു ദിവസം കൊണ്ട് അവൻ വളരെ മെച്ചപ്പെട്ടതായി തോന്നുന്നു." അദ്ദേഹം തന്‍റെ സന്തോഷം മറച്ച് വച്ചില്ല.
മൺറോ കൗണ്ടി അലബാമ ആനിമൽ ഷെൽട്ടറിലെ ജീവനക്കാരാണ് ഇപ്പോള്‍ ബോബിന്‍റെ സംരക്ഷകര്‍. സോഷ്യൽ മീഡിയ വഴി നല്‍കിയ വിവരങ്ങള്‍ വച്ചാണ് ഉടമയെ ഇംഗ്ലണ്ടില്‍ നിന്നും കണ്ടെത്തിയതെന്ന് ആനിമൽ ഷെൽട്ടറിലെ ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച മെക്സിയയിലെ വീട്ടില്‍ നിന്ന് ഒരു പക്ഷിയെ കണ്ടെത്തിയതായി ഒരു വൃദ്ധനാണ് തങ്ങളെ അറിയിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു.
ബോബ് വ്യത്യസ്‌തമായ ലെഗ് ബാൻഡ് ധരിച്ചിരുന്നതിനാൽ, ഷെൽട്ടറിലെ ജീവനക്കാർ നോർത്ത് ഓഫ് ഈസ്റ്റ് ഹോമിംഗ് യൂണിയനില്‍ അന്വേഷണം നടത്തി. ഒടുവില്‍ അവന്‍റെ ഉടമയെ കണ്ടെത്തുകയായിരുന്നു. "അവന്‍ നന്നായിരിക്കുന്നു." അഭയകേന്ദ്രത്തിൽ പ്രാവിനെ പരിചരിക്കുന്ന മേഗൻ ബ്രയാനും മോണിക്ക ഹാർഡിയും ഒരുപോലെ പറയുന്നു.