മൂത്രം ജലമാക്കാനുള്ള സംവിധാനം; അടുക്കള, ആശുപത്രി, എ സി, 90 നാള്‍ ബഹിരാകാശത്ത് ചെലവിട്ട് അവരെത്തി

First Published | Sep 17, 2021, 7:14 PM IST

90 ദിവസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മൂന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികള്‍തിരിച്ചെത്തി. ഭൂമിയില്‍നിന്നും 400 കിലോ മീറ്റര്‍ ഉയരെ ബഹിരാകാശത്തെ ചൈനീസ് നിലയത്തില്‍ താമസിച്ച ഇവര്‍  ഷെന്‍ഴൗ- 12 ബഹിരാകാശവാഹനത്തില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35-നാണ് വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണമേഖലയിലുള്ള ഗോബി മരുഭൂമിയിലെ ദോംഗ്‌ഫെംഗ് ലാന്റിംഗ് സൈറ്റില്‍  തിരിച്ചിറങ്ങിയത്.  

മുന്‍ ബഹിരാകാശ ദൗത്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഇവരുടെ മടക്കയാത്ര നേരത്തെ സെറ്റ് ചെയ്തിരുന്നില്ല. ഭൂപ്രകൃതിയും കാലാവസ്ഥയും അടക്കമുള്ള വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ഗോബി മരുഭൂമിയിലേക്ക് തിരിച്ചിറക്കം നിശ്ചയിച്ചതെന്ന് ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചുവരവ് സുഗമമായിരുന്നുവെന്ന് മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ പറഞ്ഞു. ഇവരുടെ ആരോഗ്യനില ഭദ്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജൂണ്‍ 17-നാണ് മൂന്ന് ചൈനീസ് സഞ്ചാരികളുമായി ലോങ് മാര്‍ച്ച് 2 എഫ് റോക്കറ്റ്, ബഹിരാകാശത്ത് ചൈന സ്ഥാപിച്ച ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. നീയ് ഹെയ്‌ഷെങ്, ലിയു ബോമിങ്,  ടാങ് ഹോങ് ബോ എന്നിവരാണ് ദൗത്യം നിര്‍വഹിച്ചത്.  ഇവരില്‍ രണ്ടു പേര്‍ മുന്‍ സൈനികരാണ്. 



നീയ് ഹെയ്‌ഷെങ് ആണ് സംഘത്തലവന്‍. പ്രായം കൂടിയ ആളും ഇദ്ദേഹമാണ്. 56 വയസ്സുള്ള നീയ് നേരത്തെ രണ്ടു തവണ ബഹിരാകാശത്ത് പോയിട്ടുണ്ട്.  ഹുബെയ് പ്രവിശ്യയിലെ  ഗ്രാമത്തില്‍ ആറ് മക്കളില്‍ ഒരാളായി ജനിച്ച നീയ് കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുവന്നത്.

ചൈനീസ് വ്യോമസേനാ അംഗമായിരുന്ന അദ്ദേഹം വിമാന അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പിന്നീട് ചൈനീസ് ബഹിരാകാശ പദ്ധതിയുടെ ഭാഗമായി. 1998-ല്‍ ആദ്യമായി ബഹിരകാശത്തുപോയ ചൈനീസ് സംഘത്തില്‍ ഒരാളായിരുന്നു നീയ്. 

54 -കാരനായ ലിയു ബോമിങ് ആണ് സംഘത്തിലെ രണ്ടാമന്‍ ഹെയിലോങ്ജിയാങില്‍ ദരിദ്രകുടുംബത്തില്‍ ജനനനം. ദാരിദ്ര്യം അതിജീവിച്ചാണ് വളര്‍ന്നത്. ചൈനയുടെ 2008ലെ ഷെന്‍സു 7 ബഹിരാകാശ സംഘത്തിലും ലിയു ഉണ്ടായിരുന്നു.


45കാരനായ ടാങ് ഹോങ് ബോ ആണ് മൂന്നാമന്‍. മറ്റുള്ളവരെ പോലെ ദരിദ്രകുടുംബത്തില്‍നിന്നും ഉയര്‍ന്നുവന്നതാണ് ഇദ്ദേഹവും. വ്യോമസേനയിലെ 15 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് അദ്ദേഹം 2010-ല്‍ ബഹിരാകാശ ദൗത്യത്തിന് എത്തിയത്.  

 
ചൈനയെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന നിമിഷമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഈ നേട്ടം. 

അമേരിക്കയും റഷ്യയും കാനഡയും യൂറോപും ജപ്പാനും ചേര്‍ന്ന് 1998-ല്‍ ബഹിരാകാശത്ത് സ്ഥാപിച്ച രാജ്യാന്തര ബഹിരാകാശ നിലയം ഉപയോഗിക്കുന്നതിന് ചൈനയെ അമേരിക്ക സമ്മതിച്ചിരുന്നില്ല. അതോടെയാണ് ചൈന സ്വന്തം ബഹിരാകാശ നിലയം സ്ഥാപിച്ചത്. 

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കാലാവധി 2024 -ല്‍ കഴിയുകയാണ്.  ഇതോടെ ചൈനീസ് നിലയം നിര്‍ണായകമായിരിക്കുകയാണ്. മറ്റ് രാജ്യങ്ങളെ നോക്കുകുത്തിയാക്കിയാണ് ചൈന മൂന്ന് ബഹിരാകാശ സഞ്ചാരികളെ അയച്ചത്. 


33 ദിവസമായിരുന്നു നേരത്തെ ചൈനീസ് സഞ്ചാരികള്‍ ബഹിരാകാശത്ത്് കഴിഞ്ഞിരുന്നത്. അതില്‍നിന്നും ഏറെ മുന്നോട്ടുപോയി 90 ദിവസമാണ് ഇവര്‍ ബഹിരാകാശത്ത് കഴിഞ്ഞത്. 

ബഹിരാകാശത്തേക്ക് കൂടുതല്‍ ദൗത്യങ്ങള്‍ എത്തിക്കുക എന്നതാണ് ചൈനയുടെ ഉദ്ദേശ്യം. മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും ഇവിടെ വരാനാവുന്ന രീതിയിലാണ് ചൈന ഇക്കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. 

ഈ വര്‍ഷം തന്നെ രണ്ട് ബഹിരാകാശ യാത്രകള്‍ കൂടി നടത്താനാണ് ചൈനീസ് ബഹിരാകാശ ഏജന്‍സിയുടെ തീരുമാനം. ആദ്യത്തേത് ഒരു കാര്‍ഗോ ബഹിരാകാശ വാഹനമാണ്. 

ഹെയിനാനിലെ വെന്‍ചാംഗ് സ്‌പേസ് പോര്‍ട്ടിലനിന്നും ലോംഗ് മാര്‍ച്ച് 2 റോക്കറ്റ് വഴി ടിയാന്‍ഴൗ 3  കാര്‍ഗോ ബഹിരാകാശ വാഹനത്തെ എത്തിക്കുകയാണ് ഈ ദൗത്യം. 


രണ്ടാമത്തേത്  സഞ്ചാരികളെ കൊണ്ടുപോവുന്ന ദൗത്യമാണ്. ജിയുക്വാന്‍ സെന്ററില്‍നിന്നും ലോംഗ് മാര്‍ച്ച് 2 എഫ് റോക്കറ്റ് വഴി ഷെര്‍ഴൗ 13 ബഹിരാകാശ വാഹനത്തെ നിലയത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം

ഒരു വനിത അടക്കം മൂന്ന് സഞ്ചാരികളെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് പദ്ധതി. ആറു മാസമെങ്കിലും ഇവരെ ബഹിരാകാശനിലയത്തില്‍ താമസിപ്പിക്കാനാണ് പദ്ധതി.

ഈ സഞ്ചാരികള്‍ക്കായി ബാന്‍ഡ് വിഡ്ത് കൂടിയ വൈ ഫൈ സംവിധാനം സജ്ജമാക്കിയിരുന്നു. ബ്ളൂ ടൂത്ത് വഴിയും വൈ ഫൈ വഴിയും വയര്‍ലസ് ആശയവിനിമയം നടത്താനുള്ള സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തി. 

സ്വകാര്യ വോയിസ് കോള്‍ ചാനലും ഉണ്ടായിരുന്നു. ഭൂമിയില്‍നിന്നും ചെയ്യുന്ന അതേ വേഗതയില്‍ ബ്രൗസിംഗ് നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. 

ഇവരുടെ വരവിനു തൊട്ടുമുമ്പായി 6.8 ടണ്‍ സാധനങ്ങളുമായി രണ്ട് കാര്‍ഗോ ബഹിരാകാശ വാഹനങ്ങള്‍ ഇവിടെ എത്തിയിരുന്നു.

സാധനങ്ങള്‍ അടങ്ങിയ 160 പാര്‍സലുകള്‍ ഇതിലുണ്ട്. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ഈ പാര്‍സലുകളിലെ സാധനങ്ങള്‍ കണ്ടെത്താനാവും. 


120 ഇനം ബഹിരാകാശ ഭക്ഷണ വസ്തുക്കള്‍ നിലയത്തിലെത്തിയിരുന്നു. ചൈനയിലെ പ്രശസ്തമായ ഭക്ഷണ ഇനങ്ങളും പോഷകാഹാരങ്ങളും സമീകൃത ആഹാരങ്ങളുമായിരുന്നു ഇതില്‍. 

ബഹിരാകാശ അടുക്കള, ബഹിരാകാശ ആശുപത്രി, എയര്‍ കണ്ടിഷനിംഗ് സിസ്റ്റം എന്നിവയും സജ്ജമായിരുന്നു. ഭക്ഷണം ചൂടാക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ടായിരുന്നതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

മുന്‍ ബഹിരാകാശ ദൗത്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഇവരുടെ മടക്കയാത്ര നേരത്തെ സെറ്റ് ചെയ്തിരുന്നില്ല. ഭൂപ്രകൃതിയും കാലാവസ്ഥയും അടക്കമുള്ള വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ഗോബി മരുഭൂമിയിലേക്ക് തിരിച്ചിറക്കം നിശ്ചയിച്ചതെന്ന് ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചുവരവ് സുഗമമായിരുന്നുവെന്ന് മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ പറഞ്ഞു. ഇവരുടെ ആരോഗ്യനില ഭദ്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


ശരീര താപനില, ഹൃദയമിടിപ്പ്, ശ്വാസഗതി എന്നിവ അളക്കാനുള്ള ഉപകരണങ്ങള്‍ അടങ്ങിയ സിഗരറ്റ്് പാക്കിന്റെ വലിപ്പമുള്ള ഉപകരണങ്ങള്‍ ഇവര്‍ കൊണ്ടുനടന്നു. പരിശോധനാ ഫലങ്ങള്‍ യഥാസമയം ഭൂമിയിലെ സ്റ്റേഷനിലെത്തുന്ന സംവിധാനമായിരുന്നു ഏര്‍പ്പെടുത്തിയത്. 

മൂത്രം സംസ്‌കരിക്കാനും പുനരുല്‍പ്പാദനം നടത്താനുമുള്ള സംവിധാനമായിരുന്നു ഇതിലേറ്റവും പ്രധാനം. ജലവിഭവങ്ങള്‍ പുനരുല്‍പ്പാദനം നടത്താനുള്ള സൗകര്യം എന്നത് ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലാണ്.

ആറു ലിറ്റര്‍ മൂത്രത്തില്‍ നിന്ന് അഞ്ച് ലിറ്റര്‍ ജലം ഉല്‍പ്പാദിപ്പിക്കാനാവുന്ന സംവിധാനമാണ് ഇവിടെ ആവിഷ്‌കരിച്ചത്. 

Latest Videos

click me!