ലോകത്തിലെ തന്നെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ഈ മരങ്ങളെ രക്ഷിക്കാനുള്ള തീവ്രമായ പരിശ്രമത്തിലാണ് തീ കത്തിപ്പടർന്ന പ്രദേശങ്ങളിൽ അഗ്നിരക്ഷാസേനാംഗങ്ങൾ. തീപടർന്ന പ്രദേശത്തിനടത്തുള്ള താമസക്കാരെയും ക്യാമ്പ് ചെയ്‍തിരിക്കുന്നവരെയും ഒഴിപ്പിച്ചു കഴിഞ്ഞു.
മാത്രമല്ല, തീ പടർന്നതിനെ തുടർന്ന് പ്രദേശത്തെ വായു മലിനപ്പെട്ടിരിക്കുകയാണ്. അതുപോലെ സമീപത്തെ പാർക്കിനെയും ഇത് ബാധിച്ചിട്ടുണ്ട്. ജൂലൈ 7 -ന് ആരംഭിച്ച തീപിടിത്തത്തിൽ, മാരിപോസ ഗ്രോവിലെ 500 ഭീമൻ സെക്കോയകളെങ്കിലും ഭീഷണിയിലാണ് എന്നാണ് പറയുന്നത്. അതിൽ, ഏകദേശം 3,000 വർഷം പഴക്കമുണ്ട് എന്ന് കരുതുന്ന പ്രശസ്തമായ ഗ്രിസ്ലി ജയന്റും ഉൾപ്പെടുന്നു.
ഈ തീപിടിത്തത്തിൽ ഇതുവരെ മരങ്ങളൊന്നും പൂർണമായും കത്തിനശിച്ചിട്ടില്ല. തോട്ടത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം സജീവമായി നടത്തുന്നുണ്ട് എന്ന് യോസെമൈറ്റ് ഫയർ ആൻഡ് ഏവിയേഷൻ മാനേജ്മെന്റ് വകുപ്പ് പറഞ്ഞു.
തീ കാരണം പ്രദേശത്ത് നിന്നും 1600 -നടുത്ത് ആളുകളെ ഒഴിപ്പിച്ച് കഴിഞ്ഞു. അതിൽ നാഷണൽ പാർക്കിനകത്തെ വാവോന കമ്മ്യൂണിറ്റിയിൽ പെട്ടവരും വാവോനയ്ക്ക് സമീപത്തായി ക്യാമ്പ് ചെയ്തിരിക്കുന്നവരും എല്ലാം ഉൾപ്പെടുന്നു.
തീപിടിത്തത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നതേ ഉള്ളൂ. വരണ്ട കാലാവസ്ഥയും മറ്റും കാരണം തീയണക്കുക ശ്രമകരമാണ് എന്നാണ് അഗ്നിശമനസേനാംഗങ്ങൾ പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരങ്ങളാണ് ഭീമൻ സെക്കോയ മരങ്ങൾ.
ഏറ്റവും വലിയ മരത്തിന് 83 മീറ്റർ (275 അടി) ഉയരവും 11 മീറ്ററിൽ കൂടുതൽ (36 അടി) വ്യാസവുമുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇവയുടെ ജീവിതകാലം 3000 വർഷം വരെയാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ മരങ്ങളിലൊന്നാണ് ഇത്.
കഴിഞ്ഞ വർഷം കാലിഫോർണിയയിൽ ആയിരക്കണക്കിന് സെക്കോയ മരങ്ങൾ തീപിടിത്തത്തിൽ കത്തിപ്പോയിരുന്നു. കാലിഫോർണിയയിൽ തീപിടിത്തം ഒരു തുടർക്കഥയാവുകയാണ്. ഏക്കർ കണക്കിന് കാടുകളാണ് കത്തി നശിക്കുന്നത്.
ഈ വർഷം ഇതുവരെയായി യുഎസിൽ ഉടനീളം ചെറുതും വലുതുമായി 35,000 -ത്തിലധികം കാട്ടുതീ കത്തിപ്പടർന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കൊടും വരൾച്ചയുമാണ് ഈ കാട്ടുതീകളുടെ പ്രധാന കാരണം എന്നാണ് പറയപ്പെടുന്നത്.