​ഗ്രാമ​ഗ്രാമാന്തരം കയറി ഇറങ്ങിയിരുന്ന പുസ്തകവണ്ടികൾ, കാണാം ചിത്രങ്ങൾ

First Published | May 5, 2020, 3:20 PM IST

പുസ്തകങ്ങൾ എല്ലാക്കാലത്തും മനുഷ്യന്റെ സാമൂഹ്യജീവിതത്തിൽ വലിയ പങ്ക് വഹിക്കുന്നു. വായനയെന്നത് എത്രയോ കാലമായി മനുഷ്യന്റെ ശീലമാണ്. ഓരോ കാലത്തും വായന ഓരോ തരത്തിൽ മാറിയിട്ടുണ്ട്. പുസ്തകങ്ങളുടെ കാലവും ഒരുപക്ഷേ അവസാനിക്കുകയും പൂർണമായും ഇ റീഡിം​ഗിന്റെ കാലത്തിലേക്ക് നാം മാറുകയും ചെയ്തേക്കാം. എന്നിരുന്നാലും പുസ്തകമെന്നത് പലർക്കും ഒരു വികാരമാണ്. മൊബൈലോ ഇന്റർനെറ്റോ ഒന്നും ഇല്ലാതിരുന്ന കാലത്ത് മനുഷ്യന്റെ ഏറ്റവും വലിയ വിനോദവും ആശ്വാസവും വായന തന്നെയായിരുന്നിരിക്കാം. ഇന്ന് നമുക്ക് പലതരത്തിലും പുസ്തകങ്ങൾ കയ്യിലെത്തും. 

എന്നാൽ, ഈ ആമസോണൊക്കെ വരുന്നതിന് ഒരുപാടൊരുപാട് കാലം മുമ്പ്, അന്നും വായിക്കാനിഷ്ടപ്പെട്ടിരുന്നവരുടെ ഇടയിലേക്ക് പുസ്തകങ്ങളെത്തിയിരുന്നു. അതായത്, അങ്ങോട്ട് തേടിപ്പോവാതെ തന്നെ 'വണ്ടി പിടിച്ച്' പുസ്തകങ്ങളിങ്ങോട്ട് വന്നിരുന്നുവെന്നര്‍ത്ഥം. ​ഗ്രാമപ്രദേശങ്ങളിലോ, ന​ഗരങ്ങളിൽനിന്നും ഒരുപാട് ദൂരെയായും താമസിക്കുന്നവർക്ക് മറ്റുള്ളവരെ പോലെ പുസ്തകം വായിക്കുക എന്നത് എത്തിപ്പിടിക്കാനാവാത്ത മോഹമായിരുന്നു പലപ്പോഴും.
അതുകൊണ്ടുതന്നെ ഇങ്ങനെ പുസ്തകങ്ങളെത്തിച്ചിരുന്നവരുടെ ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല, ലൈബ്രറികളോ മറ്റ് വായിക്കാനുള്ള സൌകര്യങ്ങളോ ഇല്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലും മറ്റുമുള്ള ആളുകള്‍ക്ക് വായന പ്രാപ്യമാകണം എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇങ്ങനെയെത്തുന്ന പുസ്തകവണ്ടികൾക്കായി സ്ത്രീകളും കുട്ടികളുമടക്കം ആളുകൾ കാത്തിരുന്നിരുന്നു.

ആദ്യത്തെ ഇങ്ങനെയുള്ള ബുക്ക് മൊബൈല്‍ പ്രത്യക്ഷപ്പെട്ടത് ഇംഗ്ലണ്ടിലെ വാരിംഗ്ടണ്ണിലാണ്. 1850 -ലാണ് ഇത്. ആദ്യത്തെ വര്‍ഷം തന്നെ ഇവര്‍ക്ക് വിവിധ സമയങ്ങളിലായി 12,000 പുസ്തകങ്ങള്‍ ആളുകളിലെത്തിക്കാനായി. ആദ്യമെല്ലാം കുതിരവണ്ടിയിലായിരുന്നു പുസ്തകമെത്തിച്ചിരുന്നത്.
പിന്നീട് സാധാരണ വാഹനങ്ങളിലായി സഞ്ചാരം. ഇരുപതാം നൂറ്റാണ്ടോടെ ഇങ്ങനെ വാഹനങ്ങളില്‍ പുസ്തകങ്ങളെത്തിക്കുന്നതും അതിനെ കാത്തിരിക്കുന്ന ആളുകളുമെല്ലാം അമേരിക്കല്‍ ജീവിതത്തിന്‍റെ ഭാഗമായി മാറി. പുസ്തകങ്ങൾ കിട്ടാനും വായിക്കാനുമൊന്നും വഴികളില്ലാതിരുന്ന ഒരുപാട് പേർക്ക് ഇത്തരം ബുക്ക് മൊബൈലുകൾ ആശ്വാസവുമായി.
ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചില ലൈബ്രറികള്‍, സ്കൂളുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇതുപോലെ പുസ്തകങ്ങള്‍ എത്തിക്കാറുണ്ട്.

Latest Videos

click me!