നിരയൊപ്പിച്ചും നിരയില്ലാതെയും കിടക്കുന്ന ആയിരക്കണക്കിന് വീടുകള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞൊഴുകുന്ന നദി പോലെ വഴികള്‍ കാണാം. 'സ്വന്തം രാജ്യമായ മ്യാൻമറിലെ ഭയാനകമായ അക്രമങ്ങളിൽ നിന്ന് പലായനം ചെയ്യുന്നവരുടെ ആവാസ കേന്ദ്രമാണ് ചുവപ്പും പച്ചയും വെള്ളയും നിറത്തിലുളള വീടുകൾ, അല്ല കുടിലുകള്‍. ആയിരക്കണക്കിന് താൽക്കാലിക വീടുകൾ ഈ ചിത്രങ്ങളിൽ കാണാം,' റോണി പറയുന്നു.
നല്ല തെളിച്ചയുള്ള പടങ്ങള്‍ ലഭിക്കാനായി ഞാൻ ഒരു ദിവസം മുഴുവൻ ചിത്രങ്ങള്‍ പകര്‍ത്തി. അത്ര എളുപ്പമല്ലായിരുന്നു കാര്യങ്ങള്‍ എങ്കിലും ഞാനത് ആസ്വദിച്ചാണ് ചെയ്തത്. ഈ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.' റോണി പറയുന്നു.
രോഹിങ്ക്യകൾ ഒരു മുസ്ലീം വംശീയ വിഭാഗമാണ്, അവരിൽ 7,00,000-ത്തിലധികം പേർ 2017 ഓഗസ്റ്റിൽ അയൽരാജ്യമായ മ്യാൻമറിലുണ്ടായ പീഡനവും അക്രമവും കാരണം പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിവരാണ്. ബംഗ്ലാദേശ് ഏതാണ്ട് 1.1 ദശലക്ഷം രോഹിങ്ക്യകള്‍ക്ക് അഭയം നൽകി.
അതിര്‍ത്തി പ്രദേശമായ കുട്ടുപലോംഗിലെത്തിയ ആദ്യത്തെ അഭയാര്‍ത്ഥികള്‍ പ്രദേശത്തെ നദിക്കരയില്‍ വീടുകള്‍ പണിത് താമസം ആരംഭിച്ചു. പിന്നീട് എത്തിയവര്‍ അതിന് സമീപത്തായി കുടിലുകള്‍ കെട്ടി തുടങ്ങി. അങ്ങനെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന കണക്കിന് കുടിലുകള്‍ ഉയര്‍ന്നു. ഇന്ന് ആ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി കേന്ദ്രമായി മാറിയിരിക്കുന്നു. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാൻമാര്‍ രോഹിങ്ക്യകളെ രാജ്യത്തെ പൗരന്മാരായി അംഗീകരിച്ചിട്ടില്ല.
അതിനാല്‍ തന്നെ അവർ രാജ്യമില്ലാത്തവരാണ്. കൂടാതെ മ്യാന്മാറിലെ പട്ടാള ഭരണകൂടം രോഹിങ്ക്യകള്‍ക്കെതിരെ കടുത്ത വിവേചനവും അക്രമവും നടത്തി. റോണിയുടെ ഡ്രോൺ ഫോട്ടോഗ്രാഫുകൾ, കുട്ടുപലോംഗ് ക്യാമ്പിലൂടെ വളഞ്ഞുപുളഞ്ഞ നദികൾ പോലെ ഒഴുകുന്ന, ചെറുതും ഇടുങ്ങിയതുമായ ചെറു വഴികള്‍ കാണിക്കുന്നു.
ഈ ചെറു വഴികള്‍ ഇടതൂർന്ന പ്രധാന സ്ഥലത്തേക്ക് നയിക്കുന്ന ഓറഞ്ച് നിറത്തിലുള്ള പ്രധാന റോഡുകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. മണ്ണ് കാണാവുന്ന എല്ലാ പ്രദേശത്തും താല്‍ക്കാലിക വീടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായ വെള്ള നിറമുള്ള മേൽക്കൂര - പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമ്മിച്ചത് - ക്യാമ്പിലെ താമസക്കാർക്ക് ഏറ്റവും ഇഷ്ട കൂടുതലുള്ള നിറമോ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റോ ആകാമെന്ന് റോണി പറയുന്നു.
ഇഷ്ടിക ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള മേൽക്കൂരകള്‍ ചെറിയ കൂട്ടങ്ങളായി ഒന്നിച്ചിരിക്കുന്നതും കാണാം. അതിനിടയിൽ, ആളുകൾ തെരുവുകളിലും കെട്ടിടങ്ങൾക്കിടയിലും കറങ്ങിനടക്കുന്നതും ചിത്രങ്ങളില്‍ കാണാം, ക്യാമ്പിന് മുകളിൽ നിന്നുള്ള ആകാശ ദൃശ്യത്തില്‍ മനുഷ്യന്‍റെ ചലനങ്ങള്‍ പുല്ലിലൂടെ ഉറുമ്പുകൾ നീങ്ങുന്നത് പോലെ തോന്നും.
പകലിലെ തിളങ്ങുന്ന നിറങ്ങൾക്ക് പകരം രാത്രിയിൽ, മിന്നുന്ന വിളക്കുകൾ. പ്രധാന റോഡുകളുടെ ഇരുപുറവും ഇപ്പോഴും തെരുവ് വിളക്കുകൾ കൊണ്ട് ദൃശ്യമാണ്. ക്യാമ്പിന് ഇടയിലുള്ള ചില വീടുകളും പ്രകാശിക്കുന്നതായി കാണാം. ക്യാമ്പ് മുകളിൽ നിന്ന് അതിശയകരമാം വിധം മനോഹരമാണെങ്കിലും, നിലത്തെ ഭയാനകമായ അവസ്ഥ വ്യത്യസ്തമായ ദൃശ്യമാണ് കാണിക്കുന്നത്.
ഭൂമിയില്‍ ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഈ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സാമൂഹിക അകലം അസാധ്യമാക്കുന്നു. മുളയുള്‍പ്പെടെയുള്ള വസ്തുക്കളിൽ നിന്ന് നിർമ്മിച്ചതാണ് അടിസ്ഥാന ഘടന മാത്രമുള്ള കുടിലുകള്‍.
പലപ്പോഴും ഒറ്റ മുറിയുള്ള കൂരകളാണവ. ക്യാമ്പിന് സമീപത്തെ നദിയില്‍ വെള്ളമുയരുമ്പോള്‍ ആളുകള്‍ തെരുവിലെ വഴികള്‍ ഉപേക്ഷിക്കുകയും സഞ്ചാരത്തിനായി ചെറു വള്ളങ്ങളെയോ ചങ്ങാടങ്ങളെയോ ആശ്രയിക്കുന്നു. മ്യാൻമറില്‍ രാജ്യത്തെ സൈന്യവും സൈനീക പിന്തുണയുള്ള അക്രമി സംഘങ്ങളുമാണ് ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചതെങ്കില്‍, ഈ ക്യാമ്പിൽ ക്രിമിനൽ ഗ്രൂപ്പുകളുടെ രൂപത്തിൽ പുതിയ ഭീഷണികൾ അഭയാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവരുന്നു.
ഇതിനൊക്കെ പുറമെ, ബംഗ്ലാദേശ് പൊലീസ്, കുടിയേറ്റക്കാരെ അടിച്ചമർത്താൻ ബലം പ്രയോഗിക്കുന്നതായി ചില താമസക്കാർ ആരോപിക്കുന്നു. ക്യാമ്പിലെ രോഹിക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ന് ബംഗ്ലാദേശി സായുധ സംഘത്തിന്‍റെ അക്രമത്തിനും ബംഗ്ലാദേശി പൊലീസിന്‍റെ അതിക്രമങ്ങൾക്കും ഇരകളാണ്.
പ്രമുഖ റോഹിങ്ക്യൻ ആക്ടിവിസ്റ്റ് മൊഹിബുള്ളയുടെ കൊലപാതകത്തെ തുടര്‍ന്ന് ബംഗ്ലാദേശ് സുരക്ഷാ സേന അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അടിച്ചമർത്തൽ ആരംഭിച്ചതായി അൽ ജസീറ സെപ്തംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. തോക്കുധാരികളുടെ വെടിയേറ്റാണ് മൊഹിബുള്ള കൊല്ലപ്പെട്ടത്.
അദ്ദേഹത്തിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി 'ആരും രക്ഷപ്പെടില്ല' എന്ന് അവകാശപ്പെട്ടു. അതിനുശേഷം ബംഗ്ലാദേശ് സുരക്ഷാ സേന അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അതിക്രൂരമായ വേട്ടയാണ് ആരംഭിച്ചത്. ഈ സംഭവത്തില്‍ 170 ലധികം രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ അറസ്റ്റിലായി.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും ബംഗ്ലാദേശ് സുരക്ഷാ സേനയ്ക്കെതിരെ ഉയര്‍ന്ന അക്രമം, ബ്ലാക്ക്‌മെയിൽ, കൊള്ളയടിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണങ്ങൾക്കെതിരെ രോഹിക്യകളെ അടിച്ചമര്‍ത്താന്‍ മൊഹിബുള്ളയുടെ കൊലപാതകത്തെ സേന കരുതിക്കൂട്ടി ഉപയോഗിക്കുകയായിരുന്നെന്ന് അഭയാര്‍ത്ഥികള്‍ പിന്നീട് അല്‍ജസീറയോട് പറഞ്ഞു.
ഇതിനിടെ മഴക്കാലത്ത് പ്രദേശത്ത് സൃഷ്ടിക്കപ്പെടുന്ന വെള്ളപ്പൊക്കത്തെ കുറിച്ച് അഭയാര്‍ത്ഥികള്‍ക്കിടയിലെ ചില അവകാശ ഗ്രൂപ്പുകള്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നൂറുകണക്കിന് രോഹിങ്ക്യകളെ തങ്ങളുടെ അധീനതയിലുള്ള ബംഗാൾ ഉൾക്കടലിലെ ഒരു ഒറ്റപ്പെട്ട ദ്വീപിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു.
379 അഭയാർത്ഥികളെ ചട്ടോഗ്രാം നഗരത്തിൽ നിന്ന് രാജ്യത്തിന്‍റെ തെക്ക്-കിഴക്കൻ തീരത്തെ ഭാഷൻ ചാർ ദ്വീപിലേക്ക് മാറ്റി. അവർ സ്വമേധയാ അവിടെ പോകാന്‍ തയ്യാറായിരുന്നു. 379 അഭയാർത്ഥികളും മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിതത്തിനായി അവിടെ ജീവിക്കാൻ തെരഞ്ഞെടുത്തു' എന്ന് അഭയാര്‍ത്ഥികളുടെ സ്ഥലം മാറ്റത്തിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന ബംഗ്ലാദേശ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷംസുദ് ദൗസ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അഭയാര്‍ത്ഥികളുടെ ഭക്ഷണം മുതൽ മരുന്ന് വരെ എല്ലാം അധികാരികൾ ശ്രദ്ധിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.
11 മാസം മുമ്പാണ് ബംഗ്ലാദേശ് സർക്കാർ രോഹിങ്ക്യൻ അഭയാർത്ഥികളെ ഒറ്റപ്പെട്ട ദ്വീപിലേക്ക് അയക്കാൻ തുടങ്ങിയത്. അവിടെ 1,00,000 പേർക്ക് താമസിക്കാൻ കഴിയുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 1,500 അഭയാർത്ഥികളെ ഘട്ടം ഘട്ടമായി ദ്വീപിലേക്ക് കൊണ്ടുപോകുമെന്നും ദൗസ പറഞ്ഞു.
മുമ്പ്, മ്യാൻമറിൽ നിന്നുള്ള ഒരു ദശലക്ഷത്തിലധികം രോഹിങ്ക്യൻ അഭയാർഥികൾ തിങ്ങിപ്പാർത്തിരുന്ന കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഏകദേശം 19,000 പേരെ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു.
അഭയാർഥികളെ തിരിച്ചുപോകാൻ നിർബന്ധിക്കില്ലെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പറയുന്നുണ്ടെങ്കിലും സ്ഥലംമാറ്റം താൽക്കാലിക ക്രമീകരണമാണെന്നും കുടിയേറ്റക്കാർക്ക് ഒടുവിൽ മ്യാൻമറിലേക്ക് തന്നെ മടങ്ങേണ്ടിവരുമെന്നും സർക്കാർ ആവര്‍ത്തിക്കുന്നു.
കഴിഞ്ഞ ഒക്ടോബറിൽ, അഭയാർഥികളെ ദ്വീപിലേക്ക് അയയ്‌ക്കാൻ സൗകര്യമൊരുക്കുന്നതിന് ബംഗ്ലാദേശ് സർക്കാരുമായി യുഎൻ കരാർ ഒപ്പുവച്ചു. മൺസൂൺ മഴയിൽ പതിവായി വെള്ളത്തിനടിയിലാകുന്ന ദ്വീപ് വാസയോഗ്യമല്ലെന്ന് യുഎന്നും മറ്റ് മനുഷ്യാവകാശ ഗ്രൂപ്പുകളും നേരത്തെ തന്നെ വിമർശനമുന്നയിച്ചിരുന്നു.
കടൽഭിത്തികൾ പണിയുന്നതടക്കം 112 ദശലക്ഷം ഡോളർ (84 ദശലക്ഷം പൗണ്ട്) സർക്കാർ ഇവിടെ വികസനത്തിനായി ചെലവഴിച്ചു. ആശുപത്രികൾ, സ്‌കൂളുകൾ, പള്ളികൾ എന്നിവ പണിതു. ദ്വീപിലെ അന്തേവാസികള്‍ക്ക് സേവനങ്ങളും സഹായങ്ങളും നൽകുന്നതിന് ബംഗ്ലാദേശ് സർക്കാരുമായി സഹകരണത്തിന് യുഎൻ കരാർ അനുവദിക്കുന്നു.
എന്നാല്‍ അഭയാര്‍ത്ഥി അവകാശ ഗ്രൂപ്പുകൾ ഈ പദ്ധതികളിൽ ഇപ്പോഴും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍, ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്‍റ് സൊസൈറ്റി രോഹിങ്ക്യന്‍ അഭയാർഥികളെ ചുഴലിക്കാറ്റിൽ നിന്നും ഭാഷൻ ചാർ ദ്വീപിലെ കോവിഡ് വ്യാപനത്തില്‍ നിന്നും സംരക്ഷിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടു.
ദ്വീപിൽ 55 വയസ്സിന് മുകളിലുള്ള ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നടക്കുന്നുണ്ടെന്നും ബാക്കിയുള്ള മുതിർന്നവർക്കും വാക്സിന്‍ വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ റെഡ് ക്രസന്‍റ് അഭയാർത്ഥികളുമായി നേരിട്ട് പ്രവർത്തിക്കുന്നുണ്ടെന്നും അവര്‍ ജീവൻ രക്ഷാ നടപടികളിലാണ് ഊന്നുന്നതെന്നും അവകാശപ്പെട്ടു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സെപ്തംബർ മുതൽ ഡിസംബർ വരെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദങ്ങളും കൊടുങ്കാറ്റുകളും വര്‍ദ്ധിച്ചത് വഴി ഈ പ്രദേശം നിരന്തര ഭീഷണിയിലാണ്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ തീര്‍ത്തും ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകളിലെ വാസം എങ്ങനെയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
രോഹിങ്ക്യകൾക്കെതിരായ അക്രമത്തിന് വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി മ്യാൻമറിലെ സൈനിക കമാൻഡർമാരെ പ്രോസിക്യൂട്ട് ചെയ്യാൻ 2018-ൽ യുഎൻ അന്വേഷണത്തിന് ശുപാർശ ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടായിട്ടില്ലെന്നതാണ് സത്യം.