Royce and Frankie King : വർഷങ്ങൾക്കുമുമ്പ് വിവാഹം ചെയ്‍ത ദമ്പതികൾക്ക് വീണ്ടുമൊരു വിവാഹം, കണ്ണ് നിറഞ്ഞ് മക്കളും

First Published | Dec 3, 2021, 11:41 AM IST

90 -കളില്‍ എത്തിനില്‍ക്കുന്ന ആ ദമ്പതികളുടെ വിവാഹം(wedding) കഴിഞ്ഞത് 77 വര്‍ഷങ്ങള്‍ക്ക്(77 years ago) മുമ്പാണ്. എന്നാല്‍, അന്ന് അത് വേണ്ടതുപോലെ ആഘോഷിക്കാനായിരുന്നില്ല. എന്തിന് ഒരു നല്ല വിവാഹചിത്രം പോലും എടുത്തു സൂക്ഷിക്കാനായില്ല. എന്നാല്‍, ഇപ്പോള്‍ അവർ വിവാഹത്തിനെന്ന പോലെ ഒരുങ്ങുകയും വിവാഹരം​ഗം പുനസൃഷ്ടിക്കുകയും ചെയ്‍തിരിക്കുകയാണ്. അതിന് നന്ദി പറയേണ്ടത് അവരെ പരിചരിക്കുന്നവര്‍ക്കാണ്. പ്രൊഫഷണലായിട്ടുള്ള, ഒരു കമ്പനിയിലെ സ്റ്റാഫാണ് അവരെ വീട്ടിലെത്തി പരിചരിക്കുന്നത്(Hospice). അവർ മുൻകയ്യെടുത്താണ് ഇരുവരുടെയും വിവാ​ഹരം​ഗം റീക്രിയേറ്റ് ചെയ്‍തിരിക്കുന്നത്. 

98 വയസ്സുള്ള റോയ്‌സും ഫ്രാങ്കി കിംഗും(Royce and Frankie King) 1944 സെപ്റ്റംബർ 16 -നാണ് വിവാഹിതരായത്. അന്ന് അവര്‍ക്ക് വിവാഹചിത്രങ്ങളുണ്ടായിരുന്നില്ല. റോയ്‌സിന് ഉടനെത്തന്നെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നതിനാലായിരുന്നു വിവാഹം എടുപിടിയെന്ന് നടന്നത്. 1944 -ൽ, ഒരു വിവാഹ ഗൗൺ പോലും തയ്യാറാക്കാന്‍ ഫ്രാങ്കിക്ക് സാവകാശം കിട്ടിയിരുന്നില്ല. ഇപ്പോള്‍ വിവാഹരംഗങ്ങള്‍ പുനരാവിഷ്‍കരിച്ചപ്പോള്‍ അവരൊരു വെള്ളഗൗണും റോയ്സ് തന്‍റെ മിലിറ്ററി യൂണിഫോമും ധരിച്ചിരുന്നു. 

അവരുടെ ജീവിതത്തിലെ ആ മനോഹരമായ ദിവസത്തിലെ ചിത്രങ്ങളൊന്നും അവരുടെ പക്കൽ ഇല്ലെന്ന് പരിചാരക പ്രവർത്തകർ കണ്ടെത്തിയതിനെ തുടർന്നാണ്, 68 വർഷമായി അവർ താമസിക്കുന്ന വീടിന്റെ പിൻഭാഗത്തെ പൂന്തോട്ടത്തിൽ ആ വിവാഹരംഗം പുനഃസൃഷ്ടിക്കാൻ അവർ ഏർപ്പാട് ചെയ്‍തത്.


റോയ്സ് തന്റെ സൈനിക യൂണിഫോം ധരിച്ചു, ഫ്രാങ്കി ധരിച്ചത് 1940 -കളിലെ, അയോവയിലെ സെന്റ് ക്രോയിക്സ് പരിചാരകസംഘം നിർമ്മിച്ച ഒരു വിവാഹ ഗൗൺ ആണ്. രോഗികൾക്ക് അവരുടെ സ്വന്തം വീട്ടിലെ സുഖസൗകര്യങ്ങളിൽ പരിചരണം നൽകുന്നതാണ് ഈ പ്രസ്തുത പരിചാരകസംഘം. സെന്റ് ക്രോയ്‌ക്‌സിന്റെ മ്യൂസിക് തെറാപ്പിസ്റ്റായ ബ്രാൻഡൻ 40 -കളിലെ ക്ലാസിക് രാഗങ്ങൾ വായിച്ചപ്പോൾ ഫ്രാങ്കി പൂക്കളുമായി ഇടനാഴിയിലൂടെ നടന്നു. 

കാലിഫോർണിയയിലെ ചിക്കോയിൽ നിന്ന് വിരമിച്ച ഡെന്റൽ ഹൈജീനിസ്റ്റായ അവരുടെ മകൾ സ്യൂ ബിലോഡെയു (68) പറഞ്ഞു: 'ഇത് ഏറ്റവും മാന്ത്രിക നിമിഷമായിരുന്നു. കണ്ടുമുട്ടിയ ദിവസം പോലെ അവർ ഇന്നും പ്രണയത്തിലാണ്. അമ്മയ്ക്കുവേണ്ടി യൂണിഫോം ധരിക്കുന്നതിൽ അച്ഛൻ വളരെ അഭിമാനിച്ചിരുന്നു, അമ്മയ്ക്ക് തന്നെ ലാളിക്കുന്നത് ഇഷ്ടമായിരുന്നു. അവർ മുഴുവൻ സമയവും പരസ്പരം മിന്നിത്തിളങ്ങുകയായിരുന്നു. അവർ പരസ്പരം വളരെ അർപ്പണബോധമുള്ളവരും പ്രതിബദ്ധതയുള്ളവരുമാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിൽ അവർ സന്തോഷിക്കുന്നു. ഇക്കാലങ്ങള്‍ക്കെല്ലാം ശേഷം അവരുടെ ഒരു വിവാഹഫോട്ടോ കിട്ടുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്' എന്നും അവര്‍ പറയുന്നു. 

പതിനാലാമത്തെ വയസില്‍ സ്കൂളില്‍ വച്ചാണ് ഫ്രാങ്കിയും റോയ്‍സും കണ്ടുമുട്ടുന്നത്. സൗഹൃദം പതുക്കെ പ്രണയമായി മാറുകയായിരുന്നു. അവര്‍ ഡേറ്റ് ചെയ്യാന്‍ തുടങ്ങുന്നത് പതിനേഴാമത്തെ വയസിലാണ്. എന്നിട്ടും 80 വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ക്ക് പരസ്പരം പ്രണയം ദര്‍ശിക്കാന്‍ കഴിയുന്നു. 1944 -ന്റെ തുടക്കത്തിൽ ഇരുവരും വിവാഹനിശ്ചയം നടത്തി, രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസ് ആർമി എയർ കോർപ്സിനൊപ്പം റോയ്സിനെ വിദേശത്തേക്ക് വിന്യസിക്കുന്നതിന് മുമ്പ് വിവാഹം കഴിക്കാൻ തീരുമാനിച്ചു.

കുറച്ച് സമയം ബാക്കിയുള്ളതിനാൽ, ദമ്പതികൾ അയോവയിലെ ഓൽവെയിനിലുള്ള അവരുടെ പ്രാദേശിക പള്ളിയിൽ തിരക്കിട്ട് വിവാഹം നടത്തി. അമ്മയ്ക്ക് വിവാഹത്തിനുള്ള ഗൗണെടുക്കാന്‍ പോലും നേരമുണ്ടായിരുന്നില്ല എന്ന് സ്യൂ പറയുന്നു. യുദ്ധാനന്തരം, അവളുടെ മാതാപിതാക്കൾ ഓൽവെയിനിൽ സ്ഥിരതാമസമാക്കി. മക്കളായ സ്യൂവും അവളുടെ സഹോദരൻ ജിമ്മും (71) ജനിച്ചു. അവരെപ്പോഴും നല്ല മാതാപിതാക്കളായിരുന്നു എന്നും വളരെ സന്തോഷപൂര്‍ണമായ കുടുംബജീവിതമായിരുന്നു എന്നും സ്യൂ പറയുന്നു. ഇപ്പോഴും അവര്‍ വളര്‍ന്ന കുടുംബവീട്ടിലാണ് ഫ്രോങ്കും റോയ്‍സും താമസിക്കുന്നത്. 

എട്ട് മാസം മുമ്പാണ് ക്രോയിക്സ് എന്ന് പേരായ പരിചാരക സംഘം ഇവരെ നോക്കിത്തുടങ്ങിയത്. ജീവനക്കാരിലൊരാൾ ഇത് അവരുടെ വാർഷികമാണെന്ന് കണ്ടെത്തി, കുറച്ച് ഫോട്ടോകൾ കാണിക്കുമോ എന്ന് ആവശ്യപ്പെട്ടു,' സ്യൂ വിശദീകരിച്ചു. എന്നാല്‍, അങ്ങനെയൊന്നുമില്ലായിരുന്നു. അങ്ങനെയാണ് ഇങ്ങനെയൊരു പദ്ധതി തോന്നുന്നത്. 

അങ്ങനെ പരിചാരക കമ്പനിയിലെ അംഗങ്ങള്‍ തന്നെ എല്ലാ സജ്ജീകരണങ്ങളും ചെയ്‍തു. വസ്ത്രം, മ്യൂസിക്, കേക്ക്, പൂക്കള്‍, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ എല്ലാം. ഒടുവില്‍ തന്‍റെ അച്ഛനും അമ്മയ്ക്കും മറ്റുള്ളവരെ കാണിക്കാന്‍ ഒരു വിവാഹം ആല്‍ബം കിട്ടിയെന്നും വളരെ അധികം സന്തോഷം തോന്നുന്നു എന്നും സ്യൂ പറഞ്ഞു. 

Latest Videos

click me!