ദക്ഷിണ വ്യോമസേനയുടെ 40-ാം വാർഷികം; വിസ്മയക്കാഴ്ചയൊരുക്കി പ്രകടനം

First Published | Jul 20, 2024, 2:56 PM IST

ക്ഷിണ  വ്യോമസേന സ്ഥാപിതമായതിന്‍റെ  40 -ാം വാർഷികത്തിന്‍റെ ഭാഗമായി ഇന്നലെ വ്യോമസേനയുടെ എയർ വാരിയർ ഡ്രിൽ ടീമും (AWDT) സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീമും ശംഖുമുഖത്ത് തങ്ങളുടെ ഐതിഹാസിക കഴിവുകൾ പ്രദർശിപ്പിച്ചു. ഇതോടെ ജൂലൈ 18 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണ വ്യോമസേനയുടെ വിവിധ പ്രദർശനങ്ങൾക്കും തുടക്കമായി. ഗ്രൂപ്പ് ക്യാപ്റ്റൻ സന്തോഷ് കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള സാരംഗ് ടീമിൽ ഇത്തവണ തിരുവനന്തപുരം സ്വദേശികളായ സ്ക്വാഡ്രന്‍ ലീഡർ രാഹില്‍, സ്ക്വാഡ്രന്‍ ലീഡർ സച്ചിന്‍, കോട്ടയം സ്വദേശിനിയായ സ്ക്വാഡ്രന്‍ ലീഡർ ആന്‍മോള്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വ്യോമസേനയുടെ ഗരുഡ് കമാൻഡോകളുടെ മോക്ക് ഡ്രില്ലും ഉണ്ടായിരുന്നു.  ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍. 

ഇന്നലെ നടന്ന ശംഖുമുഖത്ത് നടന്ന വ്യോമസേനാ പ്രകടനത്തിന് തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. 

ഇന്നും നാളെയുമായി വ്യോമസേന സിംഫണി ഓർക്കസ്ട്രയുടെയും എയർ വാരിയേഴ്‌സ് ഡ്രിൽ ടീമിന്‍റെയും പ്രകടനങ്ങളും എക്സിബിഷനുകളും നടക്കും. ഈ ദിവസങ്ങളില്‍ ദക്ഷിണ വ്യോമസേന, തിരുവനന്തപുരം ലുലു മാളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 

Latest Videos


വ്യോമസേനയിലെ ജോലി സാധ്യതകളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളുള്ള പബ്ലിസിറ്റി സ്റ്റാൾ, നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) സ്റ്റാൾ, എയർഫോഴ്‌സ് ഫാമിലി വെൽഫെയർ അസോസിയേഷന്‍റെ (AFFEA) സ്റ്റാൾ തുടങ്ങിയ വിവിധ എക്‌സിബിഷൻ സ്റ്റാളുകളും ഇതോടൊപ്പം ഉണ്ടായിരിക്കും. 

വിമാനം സ്വന്തമായി പറപ്പിക്കുന്ന അനുഭവം ഉളവാക്കുന്ന സിമുലേറ്ററും. ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും ഏറ്റവും പുതിയ ആയുധങ്ങളുമായി വ്യോമസേന ഗരുഡ്  കമാൻഡോകളും പ്രദർശനത്തിന്‍റെ ഭാഗമാകും. 

രാജ്യത്തുടനീളം നടത്തുന്ന പബ്ലിസിറ്റി ഡ്രൈവിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇൻഡക്ഷൻ പബ്ലിസിറ്റി എക്‌സിബിഷൻ വെഹിക്കിൾ (IPEV) എന്ന വാഹനവും  പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ ലുലു മാളിൽ നടക്കുന്ന പരിപാടികൾ പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ടെന്നും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. 

ഇന്ന് വൈകുന്നേരം 4.45 മുതൽ എയർ വാരിയർ ഡ്രിൽ ടീമിന്‍റെയും (AWDT) വ്യോമസേന സിംഫണി ഓർക്കസ്ട്രയുടെയും പ്രകടനങ്ങളും  നടക്കും. നാളെ രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ പ്രദശനം തുടരും. ആഘോഷങ്ങളുടെ ഭാഗമായി നാളെ വൈകീട്ട് 6 മണി മുതൽ വ്യോമസേന ബാൻഡിന്‍റെ  പ്രകടനവും ഉണ്ടായിരിക്കും.

click me!