രണ്ട് ഫോസിൽ വേട്ടക്കാർ നിയാണ്ടർത്താലുകളുപയോഗിച്ചിരുന്ന ഒരു ആയുധം കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലത്ത് ഖനനം ആരംഭിച്ചത്. പുരാവസ്തു സംഘടനയായ ഡിഗ്‌വെഞ്ചേഴ്‌സിലെ ഉദ്യോഗസ്ഥർ പറഞ്ഞത്, 'തികച്ചും അസാധാരണമായിരുന്നു ഈ കണ്ടെത്തല്‍' എന്നാണ്. വൂളി മാമത്തിന്റെ പൂർവികരായ സ്റ്റെപ്പി മാമത്തിന്റെ ഒരു ഇനത്തിൽ പെട്ടവയുടേതാണ് കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങൾ. മാമത്തിന്റെ അവശിഷ്ടങ്ങൾക്ക് സമീപം, നിയാണ്ടർത്താലുകൾ നിർമ്മിച്ച നിരവധി ശിലായുധങ്ങളും സംഘം കണ്ടെത്തി.
സ്വിന്‍ഡനിൽ നിന്നുള്ള സാലി, നെവിൽ ഹോളിംഗ്വർത്ത് എന്നിവർ സ്ഥലത്തെത്തി മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഡിഗ്‍വെഞ്ച്വേഴ്സ് ഉത്ഖനനം ആരംഭിച്ചത്. ഹോളിംഗ്വർത്ത് പറഞ്ഞു: 'ഞങ്ങൾ യഥാർത്ഥത്തിൽ സമുദ്ര ഫോസിലുകൾ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പകരം വളരെ പ്രധാനപ്പെട്ട എന്തെങ്കിലും കണ്ടെത്തുന്നത് ശരിക്കും ആവേശം തന്നെയാണ്.'
ഡിഗ്‌വെഞ്ചേഴ്‌സിൽ നിന്നുള്ള ലിസ വെസ്റ്റ്‌കോട്ട് വിൽക്കിൻസ് പറഞ്ഞു: 'മാമത്ത് അസ്ഥികൾ കണ്ടെത്തുന്നത് എല്ലായ്പ്പോഴും അസാധാരണമാണ്. എന്നാൽ, വളരെ പഴക്കമുള്ളതും നന്നായി സംരക്ഷിക്കപ്പെട്ടതും നിയാണ്ടർത്താൽ കല്ലുപകരണങ്ങളുടെ സാമീപ്യവും കണ്ടെത്തുന്നത് അസാധാരണമാണ്.' സൈറ്റിലെ മറ്റ് കണ്ടെത്തലുകളിൽ വണ്ടിന്‍റെ ചിറകുകളും ശുദ്ധജല ഒച്ച് ഷെല്ലുകളും കല്ല് ഉപകരണങ്ങളും ഉൾപ്പെടുന്നു.
എന്തുകൊണ്ടാണ് ഇത്രയധികം മാമത്തുകളെ ഒരിടത്ത് കണ്ടെത്തിയത്, അവയെ വേട്ടയാടിയതാണോ അതോ നിയാണ്ടർത്താലുകൾ തുരത്തിയതാണോ എന്നറിയാനുള്ള ഗവേഷണം തുടരുകയാണ്. ഹിസ്റ്റോറിക് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡങ്കൻ വിൽസൺ പറഞ്ഞു: 'ഇത് സമീപ വർഷങ്ങളിലെ ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട ഹിമയുഗ കണ്ടെത്തലുകളിൽ ഒന്നാണ്. ബ്രിട്ടനിലെ മനുഷ്യരുടെ അധിനിവേശം മനസ്സിലാക്കാന്‍ ഈ കണ്ടെത്തലുകൾ സഹായിക്കും എന്നാണ് പ്രതീക്ഷ.'
മാമത്തുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഈ സൈറ്റ് 210,000 മുതൽ 220,000 വർഷം വരെ പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാലഘട്ടത്തിലെ സൈറ്റുകൾ വളരെ അപൂർവമായി മാത്രമേ സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നതിനാൽ, പുരാവസ്തു ഗവേഷകരെയും പാലിയന്റോളജിസ്റ്റുകളെയും പാലിയോ പരിസ്ഥിതി ശാസ്ത്രജ്ഞരെയും ഇത് ആവേശത്തിലാക്കിയിട്ടുണ്ട്.
നിയാണ്ടർത്താലുകൾ, മാമത്തുകൾ, ഹിമയുഗത്തിൽ ബ്രിട്ടനിലെ ജീവിതത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താന്‍ ഈ പുതിയ കണ്ടെത്തലുകൾ സഹായിക്കുമെന്ന് കരുതുന്നു.