കൊട്ടാരം പോലുള്ള മാളികയിലിപ്പോള്‍ 150 താലിബാന്‍കാര്‍; ആഡംബരം കണ്ട് വിസ്മയം തീരുന്നില്ല!

First Published | Sep 13, 2021, 2:33 PM IST

ഈയടുത്ത കാലം വരെ സാധാരണക്കാര്‍ക്ക് പ്രവേശനമില്ലാത്ത അത്യാഡംബര വസതിയായിരുന്നു അത്. പല ചേരികള്‍ മാറിമറി അഫ്ഗാനിസ്താന്‍ രാഷ്ട്രീയത്തില്‍ എക്കാലവും മുന്‍നിരയില്‍നിന്ന അബ്ദുല്‍ റാഷിദ് ദോസ്തം പണിയുയര്‍ത്തിയ മണിമാളിക. കാബൂളിലെ ഏറ്റവും പണക്കൊഴുപ്പുള്ള ഈ വീടിപ്പോള്‍ താലിബാന്റെ കൈയിലാണ്. താലിബാന്‍ രാഷ്ട്രീയത്തില്‍ അതിശക്തനായി ഉയര്‍ന്നുവരുന്ന ഖാരി സലാഹുദീന്‍ അയൂബിയാണ് ഈ ആഡംബര വസതിയില്‍ ഇപ്പോള്‍ താമസം. കൂട്ടിന് 150 താലിബാന്‍കാരുമുണ്ട്. ഇക്കഴിഞ്ഞ ദിവസം എ എഫ് പി വാര്‍ത്താ ഏജന്‍സിയുടെ മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയത്തി. ഖാരി സലാഹുദ്ദീന്‍ അയ്യൂബിയുടെ അഭിമുഖം എടുക്കാനായിരുന്നു അവിടെ ചെന്നതെങ്കിലും,  അത്യാധാഡംബരത്തിന്റെ പര്യായമായി മാറിയ ഈ പടുകൂറ്റന്‍ ബംഗ്ലാവിന്റെ അനേകം ദൃശ്യങ്ങള്‍ അവര്‍ പുറത്തുവിട്ടു. ഈ ആഡംബര വസതി കണ്ട് അമ്പരന്ന താലിബാന്‍കാരാണ് ഈ ചിത്രങ്ങളിലേറെയും

ഇനി മണിമാളികയിലെ താലിബാന്‍കാരുടെ ഫോട്ടോകള്‍ കാണാം.

അഫ്ഗാനിസ്താനിലെ ഏറ്റവും പ്രശസ്തനും കരുത്തനുമായ യുദ്ധപ്രഭുവാണ് അബ്ദുല്‍ റാഷിദ് ദോസ്തം. ഉസ്ബക്കിസ്താനില്‍ പിറന്ന് അഫ്ഗാനിസ്താനിലേക്ക് വന്ന് അവിടെ സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്തിയ ദോസ്തം നിലവില്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റായിരുന്നു. 

ഒരു കാലത്ത് കമ്യൂണിസ്റ്റുകാര്‍ക്കൊപ്പമായിരുന്നു ദോസ്തം. ഡോ. നജീബുല്ല അഫ്ഗാന്‍ ഭരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്ഥന്‍.  സോവിയറ്റ് സൈന്യത്തിന്റെ വലംകൈ. എന്നാല്‍, സോവിയറ്റ് സൈന്യം നാടുവിടുകയും നജീബുല്ല സര്‍ക്കാര്‍ നിലം പതിക്കാറാവുകയും ചെയ്തപ്പോള്‍ ദോസ്തം കാലുമാറി. 


ദോസ്തത്തെ പിന്നീട് കാണുന്നത് എതിര്‍ ചേരിയിലാണ്. നജീബുല്ലക്കും കമ്യൂണിസ്റ്റ് ഭരണത്തിനുമെതിരെ പടവെട്ടിയ മുജാഹിദുകള്‍ക്കൊപ്പം ഇയാള്‍ ചേര്‍ന്നു. നജീബുല്ല നാടുവിടാന്‍ ആലോചിക്കുന്ന സമയത്ത് ഇതൊന്നുമറിയാത്ത നജീബുല്ലയെ ഇയാള്‍ നിരുല്‍സാഹപ്പെടുത്തി കാബൂളില്‍ തന്നെ നിര്‍ത്തി. 

പുറത്തുപോവാതിരുന്ന നജീബുല്ലയെ ദിവസങ്ങള്‍ക്കകം താലിബാന്‍ പിടികൂടി. അവര്‍ അദ്ദേഹം അഭയം പ്രാപിച്ച യു എന്‍ കെട്ടിടിത്തില്‍നിന്നും വലിച്ചിഴച്ചു കൊണ്ടുവന്ന്  പരസ്യമായി പീഡിപ്പിച്ചു. അതിനുശേഷം, പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലുള്ള ഒരു വിളക്കുകാലിനു മീതെ കൊന്നുകെട്ടിത്തൂക്കി. 

ദോസ്തം അതു കഴിഞ്ഞ് വടക്കന്‍ സഖ്യത്തിന്റെ മുന്‍നിരയിലെത്തി. താലിബാനെതിരെ അഹമ്മദ് ഷാ മസൂദിന്റെ നേതൃത്വത്തില്‍ വടക്കന്‍ സഖ്യം ആഞ്ഞടിച്ചപ്പോള്‍ പോരാട്ടത്തിന്റെ മുന്‍നിരയില്‍നിന്നു. അമേരിക്കന്‍ സഹായത്തോടെ താലിബാനെ പരാജയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. 

അമേരിക്ക അഫ്ഗാനിലെത്തിയതോടെ ദോസ്തം അവരുടെ സ്വന്തക്കാരനായി. അതിനുശേഷം വന്ന സര്‍ക്കാറുകളില്‍ പങ്കാളിയായി. ഇക്കഴിഞ്ഞ അഷ്‌റഫ് ഗനി സര്‍ക്കാറില്‍ വൈസ് പ്രസിഡന്റായി.  എല്ലാ കാലവും ഭരിക്കുന്നവരുടെ സ്വന്തക്കാരനായി സര്‍ക്കാറുകളില്‍ പങ്കാളിയായി മാറിയതിനാല്‍, ഇതോടൊപ്പം ഇയാള്‍ കോടീശ്വരനായി മാറി. 

dostum 1

അമേരിക്ക അഫ്ഗാനില്‍ ചെലവിട്ട കോടികളൊന്നും ഫലപ്രദമായി ഉപയോഗിക്കപ്പെടാത്തതിനു കാരണം അഫ്ഗാന്‍ സര്‍ക്കാറിലെ അഴിമതിയാണെന്നു പറയുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരുമെല്ലാം ഖജനാവില്‍ കൈയിട്ടുവാരി. അങ്ങനെ കാശുണ്ടാക്കിയ പ്രമുഖരെല്ലാം കാബൂളിന്റെ പ്രാന്തപ്രദേശങ്ങത്ത് മണിമാളികകള്‍ തീര്‍ത്തു. നാട്ടുകാരീ പ്രദേശത്തെ കള്ളന്‍മാരുടെ കോളനി എന്നാണ് വിളിച്ചത്. 

അക്കൂട്ടത്തില്‍ ഏറ്റവും വലിയ മാളിക ദോസ്തത്തിന്‍േറതായിരുന്നു. ആഡംബരത്തിന്റെ പര്യായമായിരുന്നു ആ വസതി. അതിവിശാലമായ കൊട്ടാരം. അതില്‍ നിറയെ ആഡംബര വസ്തുക്കള്‍. നീന്തല്‍കുളവും ജിംനേഷ്യവും സ്‌നാനഘട്ടങ്ങളും പൂന്തോട്ടങ്ങളും വിലപിടിപ്പുള്ള കരകൗശല വസ്തുക്കളുമുള്ള അത്യാഡംബര വസതി. 

അവിടെയിപ്പോള്‍ താമസിക്കുന്നത് താലിബാന്‍കാരാണ്. അവരുടെ നേതാവ് ഖാരി സലാഹുദ്ദീന്‍ അയ്യൂബിയുടെ കൈയിലാണ് ഈ മാളിക. താലിബാന്‍ അഫ്ഗാന്‍ പിടിച്ചപാടെ അയ്യൂബി ഈ മാളിക കൈയടക്കിയിരുന്നു. കാബൂള്‍ വീഴുന്നതിനു മുമ്പേ സ്ഥലം വിട്ട ദോസ്തം ഇപ്പോള്‍ അഭയാര്‍ത്ഥിയായി ഉസ്‌ബെക്കിസ്താനിലെവിടെയോ കഴിയുകയാണ് എന്നു കരുതുന്നു. 


150 താലിബാന്‍കാരാണ് ഇവിടെ താമസിക്കുന്നത്. അയ്യൂബിയുടെ സുരക്ഷാ ഭടന്‍മാരും സ്വന്തക്കാരും ജീവനക്കാരും ഒക്കെയാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ താമസിക്കുന്നു്വെങ്കിലും ആഡംബര ജീവിതം അരുതെന്ന് താലിബാന്‍കാര്‍ക്ക് നിര്‍ദേശം കൊടുത്തതായി അയ്യൂബി പറയുന്നു. 

കഴിഞ്ഞ ദിവസമാണ് എ എഫ് പിയുടെ വാര്‍ത്താ സംഘം ഇവിടെ ചെന്നത്. അയ്യൂബിയുടെ അഭിമുഖം എടുക്കാനായിരുന്നു ആ പോക്കെങ്കിലും ആ മണിമാളികയിലെ താലിബാന്‍കാരുടെ ജീവിതം അവര്‍ ഒപ്പിയെടുത്തു. മലമടക്കുകളിലും സമതലങ്ങളിലും ഗുഹകളിലും പാറക്കെട്ടുകളിലും അന്തിയുറങ്ങിയ താലിബാന്‍കാര്‍ ഈ മണിമാളിക കണ്ടുള്ള അമ്പരപ്പിലാണ് ഇപ്പോഴുമെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. 

'ദോസ്തം കി ഹവേലി' എന്നാണ് ഈ വീടിന്റെ പേര്. അതിവിശാലമായ ഇടനാഴയിലാകെ ആപ്പിള്‍ പച്ച നിറത്തിലുള്ള കാര്‍പ്പറ്റ് വിരിച്ചിട്ടുണ്ട്. ഇവിടെ ഒരു താലിബാന്‍കാരന്‍ കിടന്നുറങ്ങുന്നത് ചിത്രങ്ങളില്‍ കാണാം. കലാഷ്‌നിക്കോവ് തോക്ക് തൊട്ടരികെ വെച്ചാണ് ഇയാള്‍ പരവതാനിയില്‍ കിടന്നുറങ്ങുന്നത്. 

ഏഴ് വലിയ ഫിഷ് ടാങ്കുകളാണ് ഇവിടെയുള്ളത്.  അവയില്‍ അപൂര്‍വ്വമായ മല്‍സ്യ ഇനങ്ങള്‍. ഇവയ്ക്ക് തീറ്റ കൊടുക്കാന്‍ തന്നെ എത്ര വലിയ പണച്ചെലവായിരിക്കുമെന്നാണ് ഇവിടെയുള്ള ഒരു താലിബാന്‍കാരന്‍ അമ്പരക്കുന്നത്.  


അതിവിശാലമാണ് ഇവിടത്തെ ഹാളുകള്‍. അതിന്റെ മുകള്‍ഭിത്തിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന വിദേശനിര്‍മിതമായ തൂക്കുവിളക്കുകള്‍ തൂങ്ങിക്കിടക്കുന്നു. വിലപിടിപ്പുള്ള ടൈല്‍സും മാര്‍ബിളുകളുമാണ് നിലത്തുള്ളത്. 

അകത്ത് മനോഹരമായ ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളുണ്ട്. ''ഇവിടെയാണ് ഇവര്‍ നീന്തിക്കുളിക്കാറുള്ളത്' വാര്‍ത്താ സംഘത്തിനു വീടുകാണിച്ചുകൊടുക്കാന്‍ ചെന്ന ഒരു താലിബാന്‍കാരന്‍ പറയുന്നു. 
 


സ്റ്റീം ബാത്ത് ചെയ്യാന്‍ പറ്റുന്ന അഫ്ഗാനിലെ പ്രശസ്തമായ സോനാ മുറികള്‍ ഇവിടെയുണ്ട്. ഒപ്പം, വിലപിടിപ്പുള്ള കരകൗശല വസ്തുക്കള്‍. വലിയ ഫര്‍ണീച്ചറുകള്‍. കമനീയമായ പരവതാനികള്‍. ഒപ്പം, വിശാലമായ പൂന്തോട്ടങ്ങള്‍. 

''ജനങ്ങളുടെ പണം കൊള്ളയടിച്ചാണ് ഇവരെല്ലാം ഇത്ര ആഡംബര ജീവിതം നയിക്കുന്നത്. ''-ഒരു താലിബാന്‍കാരന്‍ വാര്‍ത്താ സംഘത്തോട് പറഞ്ഞു. ''ഞങ്ങളൊക്കെ പട്ടിണി കിടക്കുന്ന സമയത്ത് ഇവരിവിടെ രാജകീയ ജീവിതം നയിക്കുകയായിരുന്നു'അരിശത്തോടെ അയാള്‍ കൂട്ടിച്ചേര്‍ത്തു. 
 

ഒരു ഫര്‍ണീച്ചറിനു മുകളില്‍ കിടക്കുന്ന സ്‌റ്റെതസ്‌കോപ്പ് എടുത്ത് ഒരു താലിബാന്‍കാരന്‍ മറ്റുള്ളവരെ തമാശയ്ക്ക് പരിശോധിക്കുന്നതും കാണാം. ഞാന്‍ ഡോക്ടറാണ് എന്നു പറഞ്ഞായിരുന്നു കളിചിരികളോടെ സ്‌റ്റെതസ്‌കോപ്പുമായി അയാള്‍ വസതിയിലാകെ നടന്നത്. 
 

''ഇസ്‌ലാം ഒരിക്കലും ആഡംബര ജീവിതം അനുവദിക്കുന്നില്ല.'' അഭിമുഖത്തിനിടെ അയൂബ് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം പരലോക ജീവിതമാണ് ആഡംബര ജീവിതം. മരിച്ചുകഴിഞ്ഞ് സ്വര്‍ഗത്തില്‍ ചെന്നിട്ടേ അതു പാടുള്ളൂ...''-അയൂബ് പറയുന്നു. 

ഈ ആഡംബരം കണ്ട് മയങ്ങരുതെന്ന് തന്റെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അയൂബ് പറയുന്നു. ''ഇതൊന്നും അവര്‍ ഉപയോഗിക്കില്ല. കൃത്യമായ നിര്‍ദേശങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ''-അയൂബിന്റെ വാക്കുകള്‍. 
 

നൂറുകണക്കിന് സ്വകയര്‍ മീറ്ററുകളുള്ള വലിയൊരു പൂന്തോട്ടവും വലിയ കണ്ണാടി മേല്‍ക്കൂരയ്ക്കു താഴെ മനോഹരമായ ഒരു ഗ്രീന്‍ഹസും ഇവിടെയുണ്ട്. ഇവിടെ താലിബാന്‍കാര്‍ ഒന്നിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. പുറത്ത് വലിച്ചിട്ട മേശകളിലിരുന്ന് അവര്‍ സംസാരിക്കുന്നു. 

വലിയൊരു ബാറും ഇവിടെയുണ്ട്. മനോഹരമായ മദ്യഗ്ലാസുകള്‍. നിശാ പാര്‍ട്ടികളിലും മദ്യപാന സദസ്സുകളിലും അഭിരമിച്ചിരുന്ന ദോസ്തം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മദ്യവും ഇവിടെ എത്തിച്ചിരുന്നു. 

''കാണുന്നില്ലേ എന്ത് തരം ജീവിതമാണ് ഇവരൊക്കെ നയിച്ചിരുന്നത് എന്ന്. ദൈവം നിഷിദ്ധമാക്കിയതെല്ലാം ഇവിടെയുണ്ട്. ഇതെല്ലാം സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയതാണ്. അഴിമതിപ്പണമാണ് ഈ കാണുന്നതെല്ലാം.''-ഒരു താലിബാന്‍കാരന്‍ പറഞ്ഞു. 

താലിബാന്റെ കണ്ണിലെ കരടാണ് ദോസ്തം. 2001-ല്‍ രണ്ടായിരത്തോളം താലിബാന്‍കാരെ ദോസ്തത്തിന്റെ സൈന്യം കൊന്നൊടുക്കിയതായാണ് പറയുന്നത്. നിരവധി പേരെ കണ്ടെയതിനറുകളില്‍ അടച്ച് കൊന്നതായും ആരോപണമുണ്ട്. 


എന്നാല്‍, അതിനൊന്നും പ്രതികാരം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഖാരി സലാഹുദീന്‍ അയൂബി വാര്‍ത്താ സംഘത്തോട് പറഞ്ഞു. 

''പ്രതികാരം ഞങ്ങളുടെ പണിയല്ല. അത് ദൈവത്തിനുള്ളതാണ്. ഇതുപോലുള്ള ഭരണാധികാരികള്‍ ആവുന്നതിനു പകരം ജനങ്ങളുടെ നന്‍മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാവാനാണ് മതം ഞങ്ങളെ പഠിപ്പിച്ചത്.''അയൂബ് പറയുന്നു. 

Latest Videos

click me!