രണ്ട് നില വീടിന്‍റെ മുകളിലേക്ക് അടിച്ച് കയറിയ രാക്ഷസത്തിര; ഹവായില്‍ നിന്നും ഭയം നിറയ്ക്കുന്ന കാഴ്ചകള്‍

First Published | Jul 19, 2022, 10:50 AM IST

ധ്യഅമേരിക്കന്‍ രാജ്യമായ നിക്വരാഗ്വയ്ക്ക് പടിഞ്ഞാറുള്ള നോര്‍ത്ത് പസഫിക് കടലില്‍ നിന്നും ആരംഭിച്ച് ഹവായി (Hawaii) ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്ത് കൂടി കടന്ന് പോകുന്ന ഡാര്‍ബി ചുഴലിക്കാറ്റ് (Hurricane Darby) ഹവായില്‍ കനത്ത നാശം വിതച്ചു. ഡാര്‍ബി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഹവായ് തീരത്തെ രണ്ട് നില വീടുകള്‍ക്ക് മുകളിലേക്കും രാക്ഷസ തിര അടിച്ച് കയറുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. ഹവായിലെ തീരദേശത്ത് നടന്ന ഒരു വിവാഹ സത്കാരത്തിനിടെയാണ് കൂറ്റന്‍ തിരമാലകള്‍ ഉയര്‍ന്ന് വീടിന് മുകളിലേക്ക് അടിച്ച് കയറിയത്. അപ്രതീക്ഷിതമായി തലയ്ക്ക് മുകളില്‍ തിരമാല അടിച്ച് കയറിയപ്പോള്‍ വരനും വധുവും വിവാഹസത്കാരത്തിനെത്തിയ മറ്റുള്ളവരും നനഞ്ഞുകുളിച്ചു. അപ്രതീക്ഷിതമായെത്തിയ തിരമാല കണ്ട് ചിലര്‍ ഭയന്നോടി. 

ഹവായി ദ്വീപ് സമൂഹങ്ങളില്‍ നിന്നുള്ള അതിശക്തമായ കാറ്റും രാക്ഷസത്തിരമാലകളും ആഞ്ഞടിക്കുന്ന വീഡിയോകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വിവാഹ ആഘോഷത്തിനിടയിലേക്കും രണ്ട് നിലവീടിന് മുകളിലേക്കും രാക്ഷസത്തിരമാലകള്‍ ആഞ്ഞടിക്കുന്ന വീഡിയോകള്‍ ഇതിനകം പതിനായിരക്കണക്കിന് പേരാണ് കണ്ടത്. 

രണ്ട് നില വീടിന് മുകളില്‍ രാക്ഷസത്തിര അടിക്കുന്ന വീഡിയോ പകര്‍ത്തിയത് ഇസാ സോളനാണ്. താന്‍റെ വീഡിയോ ടെലിവിഷന്‍ ചാനലുകളില്‍പോലും പങ്കുവച്ചെന്ന് അവര്‍ സാമൂഹിക മാധ്യമത്തിലെഴുതി. ഹവായുടെ പടിഞ്ഞാറന്‍ തീരത്തെ കൈലുവാ-കോനയിലെ ഹുലിഹെ പാലസ് എന്ന റസ്റ്റോറന്‍റില്‍ നടന്ന വിവാഹ സത്കാരത്തിനിടെയാണ് രാക്ഷസത്തിരകള്‍ അടിച്ച് കയറിയത്. വിവാഹ സത്ക്കാരത്തിനിടെ തിരമാല അടിച്ച് കയറുന്ന വീടിയോ വധു റൈലി പകര്‍ത്തിയ ദൃശ്യങ്ങള്‍ അവരുടെ സാമൂഹിക മാധ്യമ പേജ് വഴി വൈറലായി. 

Latest Videos


രാക്ഷസത്തിരമാല തന്‍റെ മൂന്ന് നിലകളുള്ള വിവാഹ കേക്ക് നശിപ്പിച്ചെന്ന് അവര്‍ പരാതിപ്പെട്ടെങ്കിലും പിന്നീട് അത് ഉണ്ടാക്കിയതായും അവര്‍ പറഞ്ഞതായി കോന്‍2 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന തിരമാല തങ്ങളുടെ ആഘോഷത്തെ ഇല്ലാതാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'ഞങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളാൽ ചുറ്റപ്പെട്ട ഒരു 'അവിസ്മരണീയ രാത്രി' യായി അത്. ഞാനും എന്‍റെ ഭർത്താവ് ഡിലൺ മർഫിയും അത് ശരിക്കും ആസ്വദിച്ചു.' അവര്‍ എഴുതി. 'ജീവിതം എല്ലായ്‌പ്പോഴും പ്രവചിക്കാവുന്നതല്ല. എന്‍റെ പുതിയ ഭർത്താവിനൊപ്പം എല്ലാ ഉയര്‍ച്ചതാഴ്ച്ചകളിലും സഞ്ചരിക്കാൻ എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല,' അവൾ കൂട്ടിച്ചേര്‍ത്തു. 

വിവാഹ സത്കാരത്തിനിടെ അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന തിരയില്‍ സത്ക്കാരത്തിനെത്തിയവരെല്ലാം നനഞ്ഞു കുളിച്ചു. ഹവായി ദ്വീപ് സമൂഹത്തില്‍ നിന്നും 870 മൈല്‍ തെക്ക് പടിഞ്ഞാറ് വഴി പസഫിക് കടലിലൂടെയാണ് ഡാര്‍ബി ചുഴലിക്കാറ്റ് ആഞ്ഞ് വീശുന്നത്. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഹവായി ദ്വീപില്‍ ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ആഞ്ഞടിച്ചു. 

കാറ്റ് വീശുന്നതും ഉയര്‍ന്ന തിരമല അടിക്കുന്നതുമായ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അതിഥികള്‍ വിരുന്ന് ആസ്വദിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു കടല്‍ പ്രക്ഷുബ്ധമായത്. ' അത് ഇപ്പോള്‍ എത്തും എന്ന് ആരോ വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം. നിമിഷങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. 

വിവാഹ സത്കാരത്തിനായി വച്ചിരുന്ന മേശകളും ഭക്ഷണങ്ങളുമെല്ലാം തിരമാല അടിച്ച് തെറിപ്പിച്ചു. വിരുന്നിന്നെത്തിയവര്‍ ശക്തമായ തിരമാല കണ്ട് പേടിച്ച് ഓടുന്നതും വീഡിയോയില്‍ കാണാം. നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ദ്വീപിലെ പല റസ്റ്റോറന്‍റുകള്‍ക്കും അവധിയായിരുന്നു. ഇത്തവണത്തെ ചുഴലിക്കാറ്റ് ഏറ്റവും ശക്തമായ ഒന്നായിരിക്കുമെന്ന് നേരത്തെ തന്നെ കലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പുണ്ടായിരുന്നു. 

10 മുതല്‍ 14 അടി വരെ തിരമാലകള്‍ ഉയരാമെന്നായിരുന്നു ശനിയാഴ്ച മുന്നറിയിപ്പ് ഉണ്ടായിരുന്നതെങ്കില്‍. തൊട്ടടുത്ത ദിവസം തിരമാലകള്‍ 12 മുതല്‍ 16 അടിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വന്നു. ശക്തമായ മഴയെ തുടര്‍ന്ന് ദ്വീപിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം നേരത്തെ തന്നെ വെള്ളം കയറിയിരുന്നു. വീടുകളും പാര്‍ക്കിംഗ് സ്ഥലങ്ങളുമെല്ലാം വെള്ളം നിറഞ്ഞു. 

ശക്തമായ കാറ്റും മഴയും ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇടയ്ക്ക് കൊടുങ്കാറ്റ് 100 മൈല്‍ വരെ വേഗത കൈവരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കാറ്റഗറി 3 ചുഴലിക്കാറ്റിന്‍റെ ഗണത്തിലാണ് ഡാര്‍ബി ചുഴലിക്കാറ്റിനെ ഉള്‍പ്പെടുത്തിയത്.

സെൻട്രൽ പസഫികില്‍ ഒരു വർഷം നാലോ അഞ്ചോ ചുഴലിക്കാറ്റുകൾ വീശാറുള്ള പ്രദേശമാണ്. ജൂണ്‍ ഒന്ന് മുതല്‍ നവംബര്‍ വരെയുള്ള കാലത്താണ് ഈ ചുഴലിക്കാറ്റുകളെല്ലാം ആഞ്ഞ് വീശുന്നത്. ഈ കാലത്താണ് ദ്വീപിലെ വിവാഹ ആഘോഷങ്ങളുടെ കാലവും. 

click me!