വലിയതുറ കടല്‍പ്പാലം; ഇല്ലാതാകുന്ന ഒരു ദേശചിഹ്നത്തിന്‍റെ കഥ

First Published | May 18, 2021, 4:41 PM IST

തിരുവനന്തപുരം ജില്ലയില്‍ നിന്ന് പതുക്കെ പതുക്കെയാണെങ്കിലും ഒരു ദേശചിഹ്നം കൂടി ഇല്ലാതാവുകയാണ്. ബ്രിട്ടീഷുകാരുടെ ഇരുമ്പ് പാലം തകര്‍ന്നപ്പോള്‍ പണിതതാണ് ഇന്നത്തെ വലിയതുറ കടല്‍പാലം. പുതുതായി വിഴിഞ്ഞം പോര്‍ട്ടിന്‍റെ പണി നടക്കുമ്പോള്‍, ഓരോ തിരയിലും ശക്തി ക്ഷയിച്ച് നാളെണ്ണി നില്‍ക്കുകയാണ് ഇന്ന്. പണ്ട് ഇന്ത്യാമഹാരാജ്യത്തിനും മുമ്പ് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തില്‍ ഭരണം നടന്നിരുന്ന കാലത്താണ് വലിയതുറയില്‍ കപ്പലടുക്കാനായി ആദ്യമായി ഒരു കടല്‍പ്പാലം പണിയുന്നത്. പ്രധാനതുറമുഖം അന്നും കൊച്ചിയായിരുന്നു. തിരുവനന്തപുരത്ത് തുറമുഖങ്ങളില്ലാതിരുന്നതിനാല്‍ കപ്പലുകള്‍ക്ക് ചരക്കിറക്കാനായി ഒരു കപ്പല്‍ പാലം നിര്‍‍മ്മിക്കപ്പെട്ടു. എന്നാല്‍, ബ്രട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോയതിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെപ്പോഴോ ഒരു കപ്പല്‍ വന്നിടിച്ച് ആ ഇരുമ്പുപാലം തകര്‍ന്നതായാണ് കരയിലെ 'കഥ'. കാലക്രമേണ ആ കപ്പല്‍ പാലം വിസ്മൃതിയിലായി. ഇപ്പോള്‍ ഏറ്റകുറവുള്ള ചില അപൂര്‍വ്വം സമയങ്ങളില്‍ അതിന്‍റെ ഇനിയും നശിക്കാത്ത ചില തൂണുകള്‍ കടലിന് വെളിയില്‍ കാണാം... നാളെ ഒരു പക്ഷേ ഈ കടല്‍പ്പാലവും അത് പോലൊരു ഒര്‍മ്മയായി മാറാം. വലിയതുറയിലെ കടല്‍പാലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത് ആര്‍ മഹേന്ദ്രന്‍. ചിത്രങ്ങള്‍ : രാഗേഷ് തിരുമല, പ്രദീപ് പാലവിളാകം, അരുണ്‍ കടയ്ക്കല്‍. 

ബ്രിട്ടീഷുകാര്‍ പണിത പഴയ ഇരുമ്പിന്‍റെ കടല്‍ പാലം തകര്‍ന്നതിന് ശേഷം ആ പലത്തിന് പത്ത് മീറ്റര്‍ തെക്ക് മാറി പുതിയ പാലം പണിതു. 1956 നവംബര്‍ 11 ന് പലത്തിന്‍റെ പണി കഴിഞ്ഞ് ഉദ്ഘാടനം ചെയ്തു.
undefined
പത്ത് ലക്ഷത്തിപ്പത്തായിരം രൂപ ചെലവ് വന്നു, 260 ടണ്‍ കമ്പി, 246 ടണ്‍ സിമന്‍റും പാലത്തിനായി ഉപയോഗിക്കപ്പെട്ടു. പാലത്തെ കടലെടുക്കാതെ കരയുമായി ബന്ധിപ്പിച്ച് 217 തുണുകള്‍ തലയുയര്‍ത്തി നിന്നു. പത്ത് അറുപത് തൂണുകള്‍ പല കാലങ്ങളിലായി പിന്നീട് നഷ്ടമായി.
undefined

Latest Videos


1976-78 - ല്‍ ബലക്ഷയം സംഭവിച്ച ഭാഗത്ത് ചില പണികള്‍ നടത്തിയതൊഴിച്ചാല്‍ പിന്നീട് കാര്യമായ പണികളൊന്നും ഇപ്പോഴത്തെ കടല്‍ പാലത്തില്‍ ചെയ്തിട്ടില്ല. പല തവണ ഫണ്ട് അനുവദിച്ചെങ്കിലും കാര്യമായ ബലപ്പെടുത്തലൊന്നുമുണ്ടായില്ല.
undefined
ഉപയോഗിച്ചിരുന്ന സമയത്ത് വിദേശത്ത് നിന്ന് നിരവധി കപ്പലുകള്‍ ഇവിടെ അടുക്കാറുണ്ടായിരുന്നു. ഇവിടെ എത്തുന്ന ഗോതമ്പ്, അരി, കശുവണ്ടി, സിമന്‍റ് എന്നിവ കടല്‍പ്പാലത്തിലൂടെ കപ്പലിറങ്ങി കരപിടിക്കും.
undefined
ഇങ്ങനെ കരയിലെത്തുന്ന ചരക്കുകള്‍ സൂക്ഷിക്കാന്‍ നാല് ഗോഡൌണുകള്‍‌ പണിതു. അന്ന് അവ നിറയെ പുറന്നാട്ടിലെ ചരക്കുകളായിരുന്നു. ഇന്ന് ആ ഗോഡൌണുകള്‍, ഓരോ കടല്‍കയറ്റത്തിനും വീട് നഷ്ടമാകുന്ന കുടുംബങ്ങളുടെ ദുരിതാശ്വാസ ക്യാമ്പാണ്.
undefined
കപ്പലടുത്താല്‍ പിന്നെ കരയില്‍ ആഘോഷമാണ്. ചരക്കിറക്കാനെത്തുന്ന കപ്പില്‍ നിന്ന് ചരക്കിറക്കുന്നതിനായി നാല് വലിയ ക്രൈയിനുകളും ഇവിടെ ഉണ്ടായിരുന്നു. കപ്പലില്‍ നിന്ന് ഇറക്കുന്ന ചരക്കുകള്‍ കടല്‍പ്പാലത്തിലെ ഇരുമ്പ് റീലുകളില്‍ ഓടുന്ന ട്രക്കുകളില്‍‌ എടുത്ത് വയ്ക്കുന്നത് ഈ ക്രൈയിനുകള്‍ ഉപയോഗിച്ചായിരുന്നു.
undefined
എന്നാല്‍ ഇന്ന് ആ നാല് ക്രൈയിനുകളും വിഴിഞ്ഞം പോര്‍ട്ടിന്‍റെ പണിക്ക് കൊണ്ട് പോയി. നാട്ടുകര്‍ ഏറെ പ്രതിഷേധിച്ചു. ക്രൈയിനുകള്‍ തകരാറിലാണെന്നും നന്നാക്കിയ ശേഷം തിരികെ കൊണ്ടുവരാമെന്ന ഉറപ്പിലാണ് അവ ഒടുവില്‍ കൊണ്ടുപോയത്. അന്ന് പോയത് പിന്നെ ഇതുവരെയായും തിരിച്ചെത്തിയിട്ടില്ല.
undefined
ഈ ക്രൈയിനുകള്‍ കപ്പലില്‍ നിന്ന് ചരക്കുകളിറക്കി കടല്‍ പാലത്തിന്‍റെ നടുവിലായി മൂന്ന് ഇരുമ്പ് റീലുകളില്‍ വലിയ ട്രക്ക് വലുപ്പത്തിലുള്ള പെട്ടികളിലേക്ക് വയ്ക്കും. സാധനങ്ങള്‍ നിറയുമ്പോള്‍ തൊഴിലാളികള്‍ ഈ പെട്ടികള്‍ ഉന്തി റോഡിലെത്തിക്കുന്നു. അവിടെ നിന്ന് അവ ഗോഡൌണുകളിലേക്ക് പോകുന്നു.
undefined
അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ പാലത്തിലുണ്ടായിരുന്ന റെയില്‍വെ പാളം പോലെയുണ്ടായിരുന്ന ഇരുമ്പ് റീലുകള്‍ പിഴുത് മാറ്റപ്പെട്ടു. ഇതാടെ മൂന്ന് ഭാഗങ്ങളായി കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന്‍റെ പ്രധാന ബലം നഷ്ടമാപ്പെട്ടു.
undefined
പാലത്തിന്‍റെ പ്രധാന ബലമായിരുന്നു ആ ഇരുമ്പ് റീലുകള്‍. ഏതാണ്ട് 2016 നോടടുത്താണ് അവ നഷ്ടമായിട്ടുണ്ടാവുക. അതുവരെ പാലത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നു. 2016 ല്‍ പാലം ബലക്ഷയത്തിലാണെന്ന് പറഞ്ഞ് പാലത്തിലേക്കുള്ള ഗേറ്റ് അധികാരികള്‍ അടച്ചു.
undefined
അറ്റകുറ്റ പണികഴിഞ്ഞ ഉദ്ഘാടനത്തിന് തയ്യാറാകുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും പാലം അപകടത്തിലായത്. 2016 ല്‍ പലം കരതൊടുന്ന ഇടത്ത് ഒരു ചെറിയ വിള്ളലുണ്ടായി. തുടര്‍ന്ന് ചെറിയൊരു ഇരുമ്പ് റാമ്പ് വച്ച് പാലത്തെ കരയുമായി ബന്ധിപ്പിച്ചു.
undefined
ഇതുവഴി പിന്നീട് മത്സ്യത്തൊഴിലാളികളെയും മീന്‍പിടിത്തക്കാരെയും പാസ് നല്‍കി കടത്തി വിട്ടിരുന്നു. പക്ഷേ, പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ല.
undefined
ആദ്യ കാലത്ത് ചൂണ്ടക്കാര്‍ക്ക് 12 രൂപ, കട്ടമരത്തിന് 25 രൂപ, എന്നിങ്ങനെയായിരുന്നു കടല്‍ പാലത്തില്‍ കടക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പാസ് അനുവദിച്ചിരുന്നത്. അതിനിടെ കടല്‍പാലത്തില്‍‌ വച്ച് ചില ആത്മഹത്യാ ശ്രമങ്ങളും നടന്നതിനാല്‍ സെക്യൂരിറ്റിയെ നിയമിച്ചു. ഇതോടെ പാലത്തിലേക്കുള്ള പൊതുജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കപ്പെട്ടു.
undefined
നവംബര്‍, ഡിസംബര്‍, ജനുവരി, മാസങ്ങള്‍ ഇവിടെ ചിപ്പി സീസണാണ്. സ്വാഭാവികമായും കടല്‍ തീരത്തോട് അടുത്ത് കിടക്കുന്ന കടല്‍പാലത്തില്‍ നിരവധി ചിപ്പികള്‍ പറ്റിപിടിച്ചിട്ടുണ്ടാകും.
undefined
ഇവയെ കുത്തിയെടുക്കുമ്പോള്‍ അത് പലത്തിലെ സിമന്‍റ് തൂണിന്‍റെ ബലക്ഷയത്തിന് കാരണമാകുന്നു. ഇടയ്ക്ക് പാലത്തിലെ ചിപ്പി കുത്തല്‍ നിരോധിച്ചിരുന്നു. എന്നാല്‍ പാലം ഉപയോഗിക്കാതായതോടെ ചിപ്പി കുത്ത് സജീവമായി.
undefined
ഓരോ വര്‍ഷം കഴിയുന്തോറും തിരുവന്തപുരത്തിന് തീരശോഷണം സംഭവിക്കുകയാണ്. നാലും അഞ്ചും വരി വീടുകള്‍ നഷ്ടപ്പെട്ട കഥകളാണ് ഓരോ തീരത്തിനും പറയാനുള്ളത്.
undefined
നാളെ മദര്‍ഷിപ്പുകളില്‍ നിന്നുള്ള സൈറണ്‍ വിഴിഞ്ഞം പോര്‍ട്ടില്‍ നിന്നുയരുമ്പോള്‍, ട്രോളിയുന്തിയും തലചുമടായും അരിയും ഗോതമ്പും ഇറക്കിയിരുന്ന കപ്പല്‍പാലം പതുക്കെ പുതുക്കെ ആളുകളുടെ ശ്രദ്ധയില്‍ നിന്ന് മാഞ്ഞ് ഒടുക്കം അതും കടലിനോട് ചേരും. അങ്ങനെ ഒരു ദേശചിഹ്നം കൂടി അപ്രത്യക്ഷമാകും.
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona
undefined
click me!