അതിശൈത്യത്തോടെ അന്‍റാര്‍ട്ടിക്കയില്‍ നിന്നുള്ള കാറ്റ് ദയയില്ലാതെ വീശുന്ന ദ്വീപിലെ ചെടികളും മരങ്ങളും എങ്ങനെയാവും അതിജീവിക്കുക.
പാറകളും പുല്‍മേടുകളും ശൈത്യക്കാറ്റുകളെ അതിജീവിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുക ഉയര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ക്കാണ്.
നിര്‍ത്താതെ വീശുന്ന കാറ്റില്‍ നിലംപൊത്തി വീണെങ്കിലും കാലങ്ങള്‍ പിന്നിട്ടതോടെ അതിജീവനത്തിനായുള്ള ചില രീതികള്‍ മരങ്ങളും കണ്ടെത്തി. ഇതിന്‍റെ ഉത്തമ ഉദാഹരണമാണ് ന്യൂസിലാന്‍ഡിന്‍റെ ഏറ്റവും തെക്ക് ഭാഗത്തായുള്ള സ്ലോപ് പോയിന്‍റ് ദ്വീപുകളില്‍ കാണാന്‍ കഴിയുക.
ആകാശത്തേക്ക് ഉയരാതെ പരന്നാണ് ഇവിടെ മരങ്ങള്‍ നില്‍ക്കുന്നത്. ചില്ലകള്‍ വിചിത്രമായ രീതിയില്‍ വീശിയും കെട്ടുപിണഞ്ഞുമാണ് മരങ്ങള്‍ നില്‍ക്കുക.
വിചിത്രമെന്ന് തോന്നുന്ന കോണുകളിലേക്ക് വളഞ്ഞും പുളഞ്ഞും നില്‍ക്കുന്ന മരങ്ങള്‍ ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒരുക്കുന്നത് ഒരു അത്ഭുത കാഴ്ച തന്നെയാണ്.
ജട കെട്ടിയ മുടിപോലെ കെട്ടിപ്പിണഞ്ഞ് വളരുന്ന മരങ്ങള്‍. വടക്ക് ഭാഗത്തേക്കാണ് മരങ്ങളില്‍ ഏറിയതിന്‍റെയും വളവുകള്‍.
ജനവാസം തീരെക്കുറവുള്ള ഈ ദ്വീപില്‍ പതിവായുള്ളത് വിരലിലെണ്ണാവുന്ന ആട്ടിടയന്മാരാണ്.
കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന പാറക്കെട്ടുകളും വിചിത്രരൂപിയായ മരങ്ങളും പുല്‍മേടുകളും സ്ലോപ്പ് പോയിന്‍റ് ദ്വീപിനെ ഇന്നും ന്യൂസിലാന്‍ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി നിര്‍ത്തുന്നു.
വാഹനങ്ങള്‍ കടന്നുചെല്ലാത്ത ഈ ദ്വീപിലേക്ക് ഒരുമണിക്കൂറോളം നടന്നാണ് ചെന്നെത്താന്‍ സാധിക്കുക.
ശക്തിയേറിയ ശൈത്യക്കാറ്റില്‍ പലതവണ ഒടിഞ്ഞ ശേഷമാണ് ചില്ലകള്‍ ഈ രീതിയിലേക്ക് വളര്‍ന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
മഞ്ഞെന്നോ മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ വീശിയടിക്കുന്ന ശൈത്യക്കാറ്റ് ദ്വീപില്‍ ആദ്യം അടിക്കുന്നതെന്തും തകരുമെന്നതിന് ദ്വീപിലെ കാഴ്ചകള്‍ തന്നെയാണ് തെളിവുകള്‍.
പാറക്കെട്ടുകള്‍ക്കും നിരന്തരം വീശുന്ന കാറ്റില്‍ മാറ്റങ്ങളുണ്ടാവുന്നെന്നാണ് സഞ്ചാരികള്‍ക്കും പറയാനുള്ളത്.
ഒരുമണിക്കൂറോളം ട്രെക്ക് ചെയ്ത് എത്തുന്ന സഞ്ചാരിക്ക് ഒരുവിധത്തിലും നഷ്ടമാവില്ല ദ്വീപിലെ കാഴ്ചകള്‍ എന്നാണ് ദ്വീപില്‍ നേരത്തെയെത്തിയവര്‍ പറയുന്നത്.