നിലവിളികളും അസാധാരണ വെളിച്ചവും; ആരും ഭയക്കുന്നൊരു നാട്!

First Published | Jun 22, 2019, 11:57 AM IST

ചില സഞ്ചാരികളുണ്ട്. അസാധാരണ ഇടങ്ങള്‍ തേടിപ്പോകുന്നവര്‍. ആത്മാക്കളും അജ്ഞാത ശക്തികളുമൊക്കെ വിഹരിക്കുന്ന സ്ഥലങ്ങളാകും ഇത്തരക്കാരുടെ ലക്ഷ്യം. ഈ സഞ്ചാരികളുടെ ഇഷ്‍ടകേന്ദ്രങ്ങളിലൊന്നായ ഹൊയ്യ ബസിയുവിനെ പരിചയപ്പെടാം.

സാക്ഷാല്‍ ഡ്രാക്കുള പ്രഭുവിന്‍റെ നാടായ റൊമാനിയയിലെ ട്രാന്‍സില്‍വാനിയയിലെ പ്രേതവനം. റുമേനിയയുടെ ബര്‍മുഡാ ട്രയംഗിള്‍ എന്ന് ഓമനപ്പേര്. അജ്ഞാതവും നിഗൂഢവുമായ പ്രതിഭാസങ്ങളാല്‍ കുപ്രസിദ്ധം.
1968 ഓഗസ്റ്റ് 18 നു എമില്‍ ബാര്‍ണിയ എന്ന മിലിറ്ററി ടെക്നീഷ്യന്‍ ഇവിടെ നിന്ന് ഒരു പറക്കും തളികയുടെ ചിത്രം പകര്‍ത്തി. അതോടെ ഈ കാടുകള്‍ ലോകപ്രസിദ്ധമായി.

വർഷങ്ങൾക്കു മുമ്പ് തന്‍റെ ആട്ടിൻകൂട്ടവുമായി ഈ വനത്തില്‍ അപ്രത്യക്ഷനായ ആട്ടിടയന്‍ ഹൊയ്യ ബസിയുവിന്‍റെ പേരാണ് ഈ വനത്തിന്.
ഇവിടേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ മനുഷ്യന്‍റെ ഉപബോധമനസിനെ ഭയം വന്നു പൊതിയും. തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ക്ക് ശരീരം പൊള്ളിപ്പോയ അനുഭവം. ചിലര്‍ക്കാകട്ടെ ദേഹമാകെ ചൊറിച്ചിലും മുറിപ്പാടുകളും. കാടിനു പുറത്തു തിരികെയെത്തി ക്യാമറ പരിശോധിച്ചപ്പോള്‍ കാട്ടില്‍ വെച്ചെടുത്ത ചിത്രങ്ങളില്‍ തങ്ങളെ കൂടാതെ മറ്റു ചിലരുടെ രൂപങ്ങളും കൂടി പതിഞ്ഞിരുന്നതായി ചില സഞ്ചാരികള്‍.
ഈ കാടിനു സമീപത്തുകൂടി പോകുന്നവര്‍ക്ക് കാടിനകത്തു നിന്നും ആരോ തങ്ങളെ നിരീക്ഷിക്കുന്നതായി തോന്നും. കൂറ്റൻ ചെന്നായ ഉൾപ്പെടെ പലതരം അ‍ജ്ഞാത മൃഗങ്ങളെ കണ്ടതും പല മരങ്ങളിലും മനുഷ്യരുടെ തലകൾ കണ്ടെന്നും കഥകള്‍
രാത്രികാലങ്ങളില്‍ പ്രകാശ ഗോളങ്ങള്‍ ഈ കാടിനു മുകളില്‍ കാണാമെന്നു പ്രദേശവാസികള്‍ പറയുന്നു. മാത്രമല്ല പലപ്പോഴും സ്ത്രീകളുടെ അലറിക്കരച്ചിലുകളും അടക്കം പറച്ചിലുകളുമൊക്കെ കേള്‍ക്കാമത്രേ.
വനത്തിനു നടുവിൽ വൃത്താകൃതിയിൽ കാണപ്പെടുന്ന പുൽപ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം. പറക്കുംതളികകൾ ഇറങ്ങുന്ന ഇടമാണിതെന്നും ആത്മാക്കളെ നിയന്ത്രിക്കുന്ന ചെകുത്താൻ കുടികൊള്ളുന്നത് ഇവിടെയെന്നും നാട്ടുകാര്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പറക്കുംതളികകള്‍ കണ്ട സ്ഥലവും ഇതാണെന്നാണ് കരുതുന്നത്.
ശാസ്‍ത്രീയമായ പ്രത്യേകതകളാണ് ഈ കഥകള്‍ക്ക് പിന്നിലെന്ന് ചിലര്‍. അസാധാരണമായ കാന്തിക പ്രഭാവങ്ങളും മറ്റുമാണ് അവര് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ കഥകളൊക്കെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള അടവാണെന്നും വാദം

Latest Videos

click me!