കോഴിക്കോടിന്‍റെ പണ്ടികശാലയിലേക്ക് ഒരുകാലത്ത് കുരുമുളകും ഏലവും മറ്റ് കാര്‍ഷികോത്പന്നങ്ങളും എത്തിയിരുന്നത് പ്രധാനമായും വയനാടന്‍ മലകളില്‍ നിന്നാണ്. ഇരുപ്രദേശങ്ങളെയും വാണിജ്യബന്ധത്തിന് സാധ്യമാക്കുന്നത് താമരശ്ശേരി ചുരവും. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്ത് വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു. ഇന്ന് ദേശീയപാത 766-ന്‍റെ ഭാഗമായ ചുരം തുടങ്ങുന്നത് കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നാണ്.
താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയില്‍ കഠിനമായ 9 ഹെയർപിൻ വളവുകളാണുള്ളത്. പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴേക്കും സമുദ്ര നിരപ്പിൽ നിന്ന് നമ്മള്‍ ഏകദേശം 2,625 അടി മുകളിലായിരിക്കും.
ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്‍റില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാം. മനോഹരമാണ് ഇന്നും താമരശ്ശേരിയിലെ കാഴ്ചകള്‍. എന്നാല്‍ അതിനിടെയിലും ചില കാഴ്ചകള്‍ നമ്മേ ഏറെ ദുഃഖത്തിലാക്കും.
പക്ഷേ ഒന്നുണ്ട്. ആ കാഴ്ചകളെല്ലാം മനുഷ്യനിര്‍മ്മിതികളായിരുന്നു. ഒന്നും സ്വാഭാവീകമായി പ്രകൃതിയിലുണ്ടായതല്ല. നാം നമ്മുടെ സൗകര്യത്തിനായി ഉണ്ടാക്കി വച്ച് പിന്നീട് ഉപേക്ഷിച്ച മാലിന്യങ്ങള്‍. ആവശ്യം കഴിഞ്ഞപ്പോള്‍ നശിപ്പിക്കാതെ നാം ഉപേക്ഷിച്ചവ. ഇന്ന് നമ്മുക്കുതന്നെ വിനയായിതീര്‍ന്നവ.
ഒരോ സമൂഹവും അവരവര്‍ക്കുതകുന്ന നിയമനിര്‍മ്മാണം നടത്തുന്നത്, മനുഷ്യന്‍ ഒരു സാമൂഹിക ജീവിയായിരിക്കുന്നത് കൊണ്ടാണ്. കാരണം കൃത്യമായ നിയമങ്ങളില്ലാതാകുമ്പോഴോ, അല്ലെങ്കില്‍ നിലവില്‍ ഉള്ള നിയമങ്ങളെ നാം കണ്ടില്ലെന്ന് നടിച്ച് അവഗണിക്കുകയോ ചെയ്യുമ്പോള്‍ മനുഷ്യന് സാമൂഹികമായ നിലനില്‍പ്പ് നഷ്ടമാകുകയും ചിലര്‍, ചില ആശയഗതികള്‍ സമൂഹത്തില്‍ മേല്‍ക്കൈ നേടുകയും ചെയ്യുന്നു. ഇത് പൊതുസമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പിന് ഭീഷണിയാകുന്നു.
ഒറ്റയടി പാതകള്‍ നടവഴികളായും നടവഴികള്‍ വാഹന ഗതാഗത യോഗ്യമായും പിന്നീട് അതേ വഴികള്‍ തന്നെ രണ്ടും നാലും ആറും വരികളുള്ള ദേശീയപാതകളായും മാറുന്നത് മനുഷ്യന്‍റെ മാത്രം സൗകര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ അടിസ്ഥാനത്തിന് നാടെന്നോ നഗരമെന്നോ വനമെന്നോ ഉള്ള അതിര്‍വരമ്പുകളില്ല. മറിച്ച് മനുഷ്യന്‍റെ അന്തമില്ലാത്ത ആവശ്യങ്ങളുടെ കണക്കെടുപ്പ് മാത്രമേയുള്ളൂ.
ചുരത്തിലേക്ക് കയറുമ്പോള്‍ പലയിടത്തായി നമ്മള്‍ കാണുന്ന ഒരു ബോര്‍ഡാണ് ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങ് നിരോധിച്ചിരിക്കുന്നുവെന്ന് ബോര്‍ഡ്. മാത്രമല്ല. ആ ബോര്‍ഡില്‍ ഇങ്ങനെയും എഴുതിവച്ചിട്ടുണ്ട്. ചൂരം പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തിലാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കൂ.. തുടര്‍ന്ന് പുതുുപ്പാടി ഗ്രാമപഞ്ചായത്ത്, താമരശ്ശേരി പൊലീസ് സ്റ്റേഷന്‍, കനലാട് സെക്ഷന്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ നമ്പറുകളും ഉണ്ട്. എന്നാല്‍ പരാതികളൊന്നും തന്നെയില്ല. അഥവാ എല്ലാവരും നിയമലംഘകരാകുന്നിടത്ത് പരാതി പറയാന്‍ ആളില്ലാതാകുന്നു.
തുടര്‍ന്നങ്ങോട്ട് ഗതാഗത വകുപ്പിന്‍റെയും വനം വകുപ്പിന്‍റെയും നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാണാം. എല്ലാം ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്ന മനുഷ്യരെ മാത്രം മുന്നില്‍ കണ്ട് വച്ചവ. എന്നാല്‍ ഈ ബോര്‍ഡുകള്‍ മനപൂര്‍വ്വം ശ്രദ്ധിക്കാതെ പോകുന്നത് ചുരം കയറിഇറങ്ങുന്നവര്‍ മാത്രമാകും.
പിന്നേയുമുണ്ട് ബോര്‍ഡുകള്‍. ചുരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന വനം വന്യജീവി വകുപ്പിന്‍റെ ബോര്‍ഡ്. പക്ഷേ ഒരോ ദിവസവും ഓരോ മണിക്കൂറും ചുരത്തില്‍ തള്ളപ്പെടുന്ന മാലിന്യത്തിന് കൈയും കണക്കുമില്ല.
വനം വകുപ്പിന്‍റെ ബോര്‍ഡും വഴിയരികിലെ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യ നിക്ഷേപങ്ങളും കാണുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഈ ബോര്‍ഡുകള്‍ വച്ചതെന്ന് നാം അതിശയിക്കും. ഒന്നും രണ്ടും ഇടത്തല്ല മാലിന്യ നിക്ഷേപങ്ങളുള്ളത്. ചുരത്തിലെ ഒരോ വളവിനിരുപുറവും മാലിന്യങ്ങളാണ്. നല്ലൊരു മഴ പെയ്താല്‍ ഇവ താഴ്വാരത്തിലേക്ക് ഒലിച്ചിറങ്ങും.
ചുരത്തിലെ പല വളവുകള്‍ക്കിടെയിലും " No Parking" ബോര്‍ഡുകളും കാണാം. വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ ഇറങ്ങിയാല്‍ റോഡിലൂടെയുള്ള ഗതാഗതത്തിന് തടസം നേരിടുന്നത് കൊണ്ടാണ് പാര്‍ക്ക് നിരോധിച്ചുള്ള ബോര്‍ഡ് ട്രാഫിക്ക് പൊലീസ് വച്ചിരിക്കുന്നത്.
എന്നാല്‍ അതെ ബോര്‍ഡിന് കീഴെ വാഹനം നിര്‍ത്തിയിടാനാണ് സഞ്ചാരികള്‍ക്കിഷ്ടം. ഒരാള്‍ വാഹനം നിര്‍ത്തിയ ഇറങ്ങുമ്പോള്‍, പുറകേ വരുന്നവരെല്ലാം അത് ആവര്‍ത്തിക്കുന്നു. "അവനാവാമെങ്കില്‍ പിന്നെ എനിക്കെന്താ " എന്നമുഖഭാവമാകും എല്ലാവര്‍ക്കും.
മറ്റൊരു ബോര്‍ഡ്, മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ശിക്ഷാര്‍ഹമാണെന്നാണ്. എന്നാല്‍, ഇത്തരം ബോര്‍ഡുകള്‍ക്ക് കീഴില്‍ തന്നെ വാഹനം നിര്‍ത്തി പ്ലാസ്റ്റ് കൂടികളിലെ ഭക്ഷണം പൊട്ടിക്കുക പോലും ചെയ്യാതെ കുരങ്ങുകള്‍ക്ക് കൊടുക്കുന്നതാണ് സഞ്ചാരികളുടെ പ്രധാന വിനോദമെന്ന് തോന്നും ചിലരുടെ പ്രവര്‍ത്തികണ്ടാല്‍.
ഈ കുരങ്ങുകളുടെ കൈയിലിരിക്കുന്ന പ്ലാസ്റ്റിക് കൂട്, കാറില്‍ ചുരം വഴി പോയ ഒരു കുടുംബം നല്‍കിയതാണ്. പൊട്ടിക്കാത്ത പാക്കറ്റായതിനാല്‍ അത് പൊട്ടിക്കാന്‍ തന്നെ കുരങ്ങുകള്‍ പാടുപെട്ടു. പ്ലാസ്റ്റിക്കാണോ അതിനുള്ളിലുള്ളതാണോ തിന്നാനുള്ളതെന്ന് മനസിലാകാതെ അവ ആദ്യം പ്ലാസ്റ്റിക്ക് കൂടിന് മേല്‍ കടിച്ചിരുന്നു. ഒരു വിധത്തില്‍ കൂട് പൊട്ടിയപ്പോള്‍ കുരങ്ങുകള്‍ പെട്ടെന്ന് ചെറുതായൊന്ന് ഭയന്നു.
ഇതിനിടെ പാക്കറ്റിലുള്ളതില്‍ പകുതിയും താഴെ പോയി. ബാക്കിയുള്ളത് ഒരുവിധത്തില്‍ എല്ലാവരും അടികൂടി തിന്നു. പിന്നെ കൂടിന് വേണ്ടിയായി ബഹളം. അത് കഴിഞ്ഞപ്പോള്‍ കൂട് കിട്ടിയ ആള്‍ അത് കടിച്ച് വലിക്കാന്‍ തുടങ്ങി. കൂടിനുള്ളിലെ മസാലയില്‍ ഹരം പിടിച്ചുള്ള തീറ്റയായിരുന്നു അത്. പ്ലാസ്റ്റിക്ക് തിന്നാല്‍ എരണ്ടക്കെട്ട് പിടിച്ച് ചത്തുവീഴുമെന്ന്, ആര്, എങ്ങനെ ഈ മൃഗങ്ങളെ പറഞ്ഞ് മനസിലാക്കും. ?
മറ്റൊരു പ്രധാന ബോര്‍ഡ് കൊടും വളവുകളിലെ "No Parking" ബോര്‍ഡുകളാണ്. ഹെയര്‍പിന്‍ വളവുകളാണ്. വലിയ വണ്ടികള്‍ ഇറങ്ങിവരുമ്പോഴോ കയറുമ്പോഴോ ഗതാഗത തടസമുണ്ടാകുമെന്നറിയാന്‍ ഏഴാം ക്ലാസൊന്നും പാസാവേണ്ട. മിനിമം വാഹനത്തെ കുറിച്ചും റോഡിനെ കുറിച്ചും അടിസ്ഥാന വിവരം ഉണ്ടായാല്‍ മതി. അത് ചെറുപ്പത്തില്‍ തന്നെ നാം സ്വായത്തമാക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ആരോ ആര്‍ക്കോ വേണ്ടി ചെയ്തതാണെന്ന ഭാവമാണ് ചില ഡ്രൈവര്‍മാര്‍ക്ക്. എന്താ ചേട്ടാ ഇങ്ങനെ ? എന്ന ചോദ്യം പോയിട്ട്, ചെറിയൊരു നോട്ടം പോലും ആ വഴിക്ക് പോയാല്‍, നീയാര് ? എന്ന മറുനോട്ടമാകും മറുപടി.
ഇത് മറ്റൊരു അപകടം പതിയിരിക്കുന്നിടം. വാഹനം ഓടിക്കാന്‍ എല്ലാവര്‍ക്കുമറിയാം. ലൈസന്‍സുമുണ്ട്. എന്നാല്‍ എങ്ങനെ ഓടിക്കണമെന്നറിയാത്ത ഡ്രൈവര്‍മാരാണ് നമ്മുടെ നാട്ടിലുള്ളത്. മിനിമം വേഗതയെന്നത് ആരാന് പറഞ്ഞിട്ടുള്ളതാണ്. ചുരമാണ്, കയറ്റമാണ്, എതിരെ വലിയ വാഹനങ്ങള്‍ വരും, ഇതൊന്നും അറിയാത്തവരല്ല താമരശ്ശേരി ചുരം കയറുന്ന ഡ്രൈവര്‍മാര്‍. എന്നാല്‍ ഓരോ വാഹനവും ഓരോ മത്സരത്തിലാണ്. ഏങ്ങനെ ചുരത്തിലൂടെ വേഗതയില്‍ വണ്ടിയോടിക്കാമെന്നുള്ളതാണ് അവരുടെ നോട്ടം. ആ നോട്ടത്തിനിടെ ഇത്തരം അപകടങ്ങള്‍ കാണാതെ പോകുന്നു. താഴെ അഗാധമായ കൊക്കയാണ്. പോരാത്തതിന് വനവും. കൈവരികള്‍ തകര്‍ന്ന് ചുരവും.
ചുരം മനോഹരമാണ്. ചുരം കയറുന്നവരും ഇറങ്ങുന്നവരും കാണാത്ത പരസ്യങ്ങളൊന്നും നാട്ടില്ലില്ല. എങ്കിലും പരസ്യക്കാര്‍ക്ക് ചുരത്തില്‍ ഫ്ലക്സ് വെച്ചില്ലെങ്കില്‍ വിപണി കിട്ടില്ലെന്ന് അന്തവിശ്വാസക്കാരാണെന്ന് തോന്നും. ഈ കാഴ്ചകള്‍ കണ്ടാല്‍. പിഡബ്യുഡിക്കോ വനം വകുപ്പിനോ ഫ്ലക്സ് വെച്ചാല്‍ നികുതിപ്പണം കിട്ടും.
എന്നാല്‍ അവയുടെ സമയം കഴിഞ്ഞാല്‍ അത് ഇളക്കിക്കളയാന്‍ ആരും ശ്രമിക്കാറില്ല. പണ്ട് ഫ്ലക്സ് നിയമനിധേയമായ കാലത്ത് ഉണ്ടാക്കി വഴിനീളെ വെച്ച ഫ്ലക്സ് ബോര്‍ഡുകളാണിവ. ഇന്ന് ഭരണകൂടം ഫ്ലക്സ് നിരോധിച്ചു. എന്നാല്‍ അവ എടുത്ത് കളയേണ്ടത് ആരുടെ ഉത്തരവാദിത്വമാണ് എന്ന തര്‍ക്കത്തിലാണെന്ന് തോന്നും നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍. ഇത്തരം ഫ്ലക്സുകള്‍ ചുരത്തിലെ ആദ്യ വളവുമുതല്‍ അവസാന വളവുവരെ നിങ്ങള്‍ക്ക് കാണാം കഴിയും.
എല്ലാ ഫ്ലക്സുകളും കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു കഴിഞ്ഞു. അവ കാറ്റില്‍ പാറിക്കളിക്കുന്നു. മാത്രമല്ല മഴക്കാലത്ത് ഫ്ലക്സുകള്‍ നനഞ്ഞ് ഭാരം തൂങ്ങി പലപ്പോഴും പൊട്ടിത്താഴേക്ക് വീഴുന്നു. ഇത് വലിയ അപകടങ്ങള്‍ക്ക് തന്നെ വഴിവെക്കുന്നു. അധികാരികള്‍ കണ്ണടയ്ക്കുന്നു. അപടത്തില്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബത്തിനും മാത്രം നഷ്ടങ്ങളുണ്ടാകുന്നു. ട്രാഫിക്ക് പൊലീസിന് അത് വെറും വാഹനാപകടം മാത്രം. കുറ്റം ആരുടേതെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.