സഞ്ചാരികളെത്തിയെങ്കിലും നിര്‍മ്മാണ ജോലികളില്‍ ചിലത് ബാക്കിയുണ്ട്. കുട്ടികളുടെ പാര്‍ക്കിന്‍റെ ജോലികളെല്ലാം കഴിഞ്ഞതിനാല്‍ പൂര്‍ണ്ണസജ്ജമാണ്.
ഡാമിന്‍റെ വലതുകനാലിനോട് ചേര്‍ന്നുള്ള കുന്നിന്‍മുകളില്‍ നിന്ന് ആരംഭിച്ച് താഴെ പാര്‍ക്കിലെത്തുന്ന തരത്തില്‍ സിപ് ലൈനിന്‍റെ പ്രവൃത്തി പുരോഗമിക്കുകയാണ്.(കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ ആയിരിക്കും കാരാപ്പുഴയിലേതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. സിപ് ലൈന്‍ ആരംഭിക്കുന്നയിടത്തും പാര്‍ക്കിലുമായി രണ്ട് വാച്ച് ടവറുകളുടെയും പണി നടന്നുവരികയാണ്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാര്‍ക്ക് പൂര്‍ണസജ്ജമാകുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ പ്രവേശന കവാടം മുതല്‍ ഡാം വരെയുള്ള ഒരു കിലോമീറ്ററിന് അടുത്ത് വരുന്ന നടപ്പാത ഇന്‍റര്‍ലോക്ക് ഇഷ്ടിക പാകുന്ന പ്രവര്‍ത്തി പൂര്‍ത്തിയായി.
നടപാതക്ക് ഇരുവശത്തുമായി ഇരിപ്പിടങ്ങളും സജ്ജം. ഒരു ഭാഗം തടാകമായതിനാല്‍ വെയില്‍ ചായുന്ന നേരങ്ങള്‍ ഇവിടങ്ങളില്‍ ഇരിക്കാന്‍ ഏതൊരു സഞ്ചാരിയും കൊതിക്കും.
സിപ് ലൈനിന് പുറമെ മുതിര്‍ന്നവര്‍ക്കായി മറ്റു സാഹസിക-വിനോദ റൈഡുകളും ഒരുക്കാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു.
രണ്ട് വാച്ച് ടവറുകള്‍, പൂമ്പാറ്റകളുടെ പാര്‍ക്ക്, ഡാം പരിസരം മോടിപിടിപ്പിക്കല്‍, പടവുകള്‍ നിര്‍മിക്കല്‍, സാഹസിക സഞ്ചാരത്തിനുള്ള റോഡ് നിര്‍മാണം എന്നിങ്ങനെ വൈവിധ്യമുങ്ങ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.
മുള ഉപയോഗിച്ചുള്ള പ്രവര്‍ത്തികളും പാര്‍ക്കിലുണ്ട്. മുള ഉപയോഗിച്ച് പവലിയന്‍, മുളപ്പാലവും ഉണ്ടാകും. സമീപത്തായി താമരക്കുളം, പിന്നെ മീന്‍പിടിക്കല്‍ കേന്ദ്രം. മീന്‍ പിടിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങനും ടൂറിസം വകുപ്പ് പണം വിലയിരുത്തിയിട്ടുണ്ട്.
അതോടൊപ്പം ചെടികള്‍ മാത്രം ഉപയോഗിച്ച് മതില്‍ നിര്‍മാണം, പാര്‍ക്കിങ് ഏരിയ, ജലചേന സൗകര്യമൊരുക്കല്‍, വൈദ്യുതീകരണം, സോളാര്‍ ബോട്ട്, ഓപ്പണ്‍ പവലിയന്‍ തുടങ്ങിയ പ്രവൃത്തികളും ടൂറിസം വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തികരിക്കുന്ന പ്രവര്‍ത്തികള്‍ ഒരുങ്ങുന്നു.
ഡാമും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനായി അമ്പത് കോടി രൂപയുടെ പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്. നിലവില്‍ ഭരണാനുമതി ലഭിച്ച തുകക്കുള്ള വികസന പ്രവൃത്തികളാണ് നടന്നുവരുന്നത്.