സഞ്ചാരികളെ അത്ഭുതപ്പെടുത്തി ഗുല്‍‌മാര്‍ഗിലെ 'ഇഗ്ലു കഫേ'

First Published | Jan 29, 2021, 10:55 AM IST

ഞ്ഞില്‍ തീര്‍ത്ത ബഞ്ചിലിരുന്ന് മഞ്ഞില്‍ തീര്‍ത്ത മേശയില്‍ കൈകുത്തി ഒരു മെഴുകുതിരിവെട്ടല്‍ ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹമുണ്ടോ ?  എങ്കില്‍ പെട്ടെന്ന് തന്നെ കശ്മീരിലെ ഗുല്‍‌മാര്‍ഗിലേക്ക് വിട്ടോ... പരമ്പരാഗതമായ കശ്മീരി കെവ, മട്ടന്‍, ചിക്കന്‍ ടിക്ക... ഇങ്ങനെ കശ്മീരി തനത് വിഭവങ്ങളെല്ലാം നിങ്ങളെ ചൂടോടെ കാത്തിരിക്കും. പക്ഷേ, നേരത്തെ ബുക്ക് ചെയ്യാതെ ഉച്ചഭക്ഷണമോ രാത്രിഭക്ഷണമോ കിട്ടില്ല. അത്രയ്ക്കാണ് തിരക്ക്. 

ആര്‍ട്ടിക്ക് പ്രദേശത്തെ മനുഷ്യരായ എസ്കിമോകള്‍ താമസിക്കുന്നത് ഇത്തരത്തില്‍ ഹിമപാളികളില്‍ തീര്‍ത്ത അര്‍ദ്ധവൃത്താകൃതിയിലുള്ള ചെറിയ വീടുകളിലാണ്.
പൂര്‍‌ണ്ണമായും ഹിമ പാളികളില്‍ പണിയുന്ന 'ഇഗ്ലു', മഞ്ഞ് കൂടിയ സ്ഥലങ്ങളില്‍ ഒരു ഇന്‍ക്യുബേറ്ററായി പ്രവര്‍ക്കുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More- ല്‍ ക്ലിക് ചെയ്യുക)

തണുപ്പുകൂടിയ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി മഞ്ഞില്‍ പണിത ഇത്തരം നിരവധി ഇഗ്ലു കഫേകളുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലു കഫേ ശ്രീനഗർ നിന്ന് 55 കിലോമീറ്റർ വടക്ക് ഗുല്‍മാര്‍ഗില്‍ ഈ വര്‍ഷം ജനുവരിയിലാണ് തുറന്നത്.
കശ്മീരിലെ ഗുൽമാർഗില്‍ ജനുവരി 25 ന് തുറന്ന ഇഗ്ലൂ കഫെ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി. ഇതോടെ കഫേയില്‍ ആളൊഴിഞ്ഞ നേരമില്ല.
ഗുൽമാർഗിലെ കൊളഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ടാണ് ഈ "ഇഗ്ലു കഫേ"യ്ക്ക് പിന്നില്‍. ഫെബ്രുവരി 28 ന് ഇഗ്ലു കഫേ പ്രവര്‍ത്തനം അവസാനിപ്പിക്കും.
മഞ്ഞ് കാലത്ത് മാത്രമാണ് ഇഗ്ലു കഫേ പ്രവര്‍ത്തിക്കുക. പുറത്ത് മൈനസ് തണുപ്പായിരിക്കുമ്പോള്‍ ആളുകളില്‍ നിന്ന് പുറം തള്ളപ്പെടുന്ന ചൂട് ഇഗ്ലുവിന്‍റെ ഉള്‍വശത്തെ തണുപ്പ് പരമാവധി കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇതിനാല്‍ കനത്ത മഞ്ഞുള്ളപ്പോള്‍ മാത്രമാണ് ഇഗ്ലുവിന്‍റെ പ്രവര്‍ത്തനം സാധ്യമാകുക. ഇത്തവണ കശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേയുടെ സ്ഥലമെന്ന തരത്തിലാണ് ഇന്ന് ഗുൽമാർഗ് അറിയപ്പെടുന്നത്.
ഗുല്‍മാര്‍ഗ് സ്വദേശിയായ സയ്യിദ് വസീം ഷായുടെ 2017 ലെ സ്വിറ്റ്സര്‍ലന്‍റ് സന്ദര്‍ശനമണ് ഇഗ്ലുവിനെ ഇന്ത്യയിലെത്തിച്ചത്.
ഹോട്ടൽ ബിസിനസ് രംഗത്ത് ഏറെ കാലമായി പ്രവർത്തിക്കുന്ന കൊളഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട് ഉടമയാണ് സയ്യിദ് വസീം ഷാ.
സ്വറ്റ്സര്‍ലന്‍റിലെ സെര്‍മത്ത് എന്ന സ്ഥലത്ത് 42 അടി വീതിയുള്ള ഇഗ്ലു കഫേ ഇഷ്ടമായ വസീം ഷാ അതുപോലൊന്ന് കശ്മീരിലും തുടങ്ങണമെന്ന് ആഗ്രഹിച്ചു. ഈ ജനുവരിയില്‍ അദ്ദേഹം തന്‍റെ ആഗ്രഹം സാധിച്ചു.
ഈ മഞ്ഞുകാലത്ത് ഗുൽമാർഗിലെ തന്‍റെ ഹോട്ടലിന് പുറത്ത് വസീം ഷാ ഇന്ത്യയിലെ ആദ്യ ഇഗ്ലു കഫേ പണിതു. രണ്ട് ഷിഫ്റ്റിലായി 20 പേരടങ്ങുന്ന സംഘം 15 ദിവസം കൊണ്ട് ഇഗ്ലു കഫേയുടെ പണിതീര്‍ത്തു.
ഒരേ സമയത്ത് പതിനാറ് പേര്‍ക്ക് നാല് തീന്‍മേശകള്‍ക്ക് ചുറ്റുമായി ഇരിക്കാം. നിങ്ങളുടെ മുന്നിലേക്ക് ചൂടാറാത്ത വിഭവങ്ങളെത്തും.
ഇഗ്ലു കഫേക്ക് ഉള്ളില്‍ 22 അടി വ്യാസവും 12.5 അടി ഉയരവുമാണുള്ളത്.എന്നാല്‍ ഈ മഞ്ഞ് കഫേയ്ക്ക് പുറം അളവ് 26 അടി വ്യാസവും 15 അടി ഉയരവുമാണ്. അത്രയും കനത്തിലുള്ള മഞ്ഞ് പാളികള്‍ കൊണ്ടാണ് ഇഗ്ലു കഫേയുടെ നിര്‍മ്മാണം.
ഇരിക്കുമ്പോള്‍ മഞ്ഞ് ബഞ്ചുകളില്‍ നിന്ന് നേരിട്ട് തണുപ്പടിക്കാതിരിക്കാന്‍ ചെമ്മരിയാടിന്‍റെ തോല്‍ വിരിച്ചിട്ടുണ്ട്. മേശയില്‍ അല്‍പം കട്ടിയുള്ള ഒരു പ്ലാസ്റ്റിക് ഷീറ്റും.
കഫേയിലെ മറ്റെവിടെ തൊട്ടാലും തണുത്ത് മരച്ചിരിക്കും. അപ്പോള്‍ ചൂടോടെ ഒരു കപ്പ് കാപ്പി കുടിക്കാന്‍ ആര്‍ക്കാണ് മോഹം തോന്നാതിരിക്കുക.

Latest Videos

click me!