കാലം നമ്മേ കാത്ത് നില്‍ക്കില്ലല്ലോ... ദിനരാത്രങ്ങള്‍ ഉണ്ടുറങ്ങി നീണ്ടുപോയപ്പോള്‍ നമ്മളും വളര്‍ന്നു. തൊണ്ണൂറുകളില്‍ പത്രത്തിന്‍റെ ലോക്കല്‍ പേജില്‍ കണ്ട ആ മൂന്ന് കോളം വാര്‍ത്തയ്ക്ക് ഇന്നും വലുപ്പം വച്ചിട്ടില്ല. പക്ഷേ, നാടും നാട്ടാരും വളര്‍ന്നു. മലകയറണമെന്നത് പലകാലങ്ങളായുള്ള ആഗ്രഹമായിരുന്നു. പല തവണ കയറിയിട്ടുണ്ടെങ്കിലും ഊരകംമല എന്നും ഞങ്ങള്‍ നാട്ടുകാര്‍ക്കൊരു ആവേശമാണ്.
വീണ്ടും മല കയറണമെന്ന ആഗ്രഹം കുറച്ച് കാലമായി കൊണ്ടു നടക്കുന്നു. അങ്ങനെ അലാറമൊക്കെ സെറ്റ് ചെയ്ത് കിടന്നതാണ്. കൃത്യം അഞ്ചരയായതും അവന്‍ വിളിച്ചുണര്‍ത്തി. ഈ ജനല്‍ക്കമ്പിക്കിടയിലൂടെ ഊരകംമല ഇങ്ങ് വന്ന് വിളിക്കുമ്പോ ഏങ്ങനെ കിടന്നുറങ്ങും. ? പിന്നൊന്നും നോക്കിയില്ല, രാവിലത്തെ കലാപരിപാടിയൊക്കെ ഒരുവിധം ഒതുക്കി ബൈക്കുമെടുത്ത് സുഹൃത്തിനേയും കൂട്ടി ഊരകംമല ലക്ഷ്യമാക്കി നീങ്ങി.
ഇനി കുറച്ച് സ്ഥലവിവരണമാകാം. അരിമ്പ്രമലയും ചെരുപ്പടിമലയും ഊരകം മലയും ഉൾപ്പെടുന്ന മലമ്പ്രദേശത്തെ ഉയരം കൂടിയ സ്‌ഥലമാണ് തിരുവോണമല. മലപ്പുറം - വേങ്ങര സംസ്ഥാന പാതയിൽ ഊരകം പൂളാപ്പീസ് എന്ന സ്ഥലത്ത് നിന്നും നാല് കിലോമീറ്ററോളം യാത്ര ചെയ്താൽ മലമുകളിലെ ട്രെക്കിങ്ങ് പോയന്‍റിലെത്താം.
എരുമപ്പാറ വ്യൂപോയിന്‍റില്‍ നിന്നും ഒരു കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ തിരുവോണമലയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്ന സ്ഥലത്തെത്തും. വാഹനം പാർക്ക് ചെയ്ത് മുന്നോട്ട് നീങ്ങുമ്പോൾ ഞങ്ങളെ കൂടാതെ നിരവധി സഞ്ചാരികൾ അവിടെ എത്തിയിട്ടുണ്ടായിരുന്നു. അതിരാവിലെ ട്രക്കിങ്ങ് തുടങ്ങുന്നതാണ് നല്ലത്. ഉറക്കക്ഷീണം മാറി ഒന്ന് ഉഷാറായി നില്‍ക്കുമ്പോള്‍ പതുക്കെ മല ചവിട്ടിത്തുടങ്ങണം. സൂര്യന്‍ നിങ്ങള്‍ക്ക് കാഴ്ച തെളിച്ച് മുന്നിലുണ്ടാകും. കൂടെ ചെറിയ തണുപ്പുമായി കോട മഞ്ഞും.
ഇതിനടുത്തായാണ് മിനി ഊട്ടി വ്യൂപോയിന്‍റും സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള എരുമപ്പാറ വ്യൂപോയിന്‍റുമുള്ളത്. വീട്ടിൽ നിന്നും നോക്കിയാല്‍ കാണുന്ന എരുമപ്പാറ വ്യൂപോയിന്‍റിലെ പ്രഭാത കാഴ്ചകൾ വർണ്ണനാതീതമാണ്. മഞ്ഞുമേഘങ്ങൾക്കുള്ളിൽ നിന്നും സൂര്യൻ പൊങ്ങിവരുന്നതിനു മുന്നേ തന്നെ മലയടിവാരത്തെ ക്ഷേത്രത്തിൽ നിന്നുള്ള കീർത്തനങ്ങൾ ഉയരും.
രാവിലെ ഇണയേയും ഇരയേയും തേടിയുള്ള പക്ഷികളുടെ കൂവലുകള്‍ കേട്ടുകൊണ്ട്, ഇരുപത് മിനിറ്റെടുത്ത് ചെങ്കുത്തായ കയറ്റം കയറി മലമുകളിലെത്തിയമ്പോൾ ഞങ്ങളെ കാത്തിരുന്നത് പുരാതനമായ ഒരു ക്ഷേത്രമുറ്റത്തെ വാനരപ്പടയാണ്. ശബരിമല കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും പഴക്കം കൂടിയ ക്ഷേത്രമാണിതെന്നാണ് നാട്ടുംപുറത്തുള്ള വിശ്വാസവും ഐതീഹ്യ കഥകളും. മറ്റ് ചില നാടോടിവഴക്കങ്ങളില്‍ ഇതൊരു ജൈനക്ഷേത്രമായിരുന്നു.
ഏകദേശം 2000 ത്തോളം വർഷത്തെ പഴക്കം പറയുന്ന ക്ഷേത്രമാണിത്. നിർമിതി തീർത്തും കരിങ്കല്ല് കൊണ്ടാണ്. ഈ പഴയ ക്ഷേത്രത്തോട് ചേര്‍ന്ന് പുതിയൊരു ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം നടക്കുന്നുണ്ട്. എല്ലാവർഷവും തുലാം മാസത്തിലെ തിരുവോണനാളിൽ ഇവിടെ ഉത്സവം നടക്കുമ്പോൾ വിശ്വാസികൾ മല കയാറാറുണ്ട്. ഈ പ്രത്യേക ദിവസത്തെ ഉത്സവ ദിനത്തിലെ പ്രത്യേകത കൊണ്ടാണ് ഊരകം മല പിന്നീട് തിരുവോണമല എന്നറിയപ്പെട്ട് തുടങ്ങിയത്.
ക്ഷേത്രമുറ്റത്തെ കൽപ്പടവിൽ വിശ്രമിച്ച് ക്ഷീണം മാറ്റിയ ശേഷം അല്പം കൂടി മുകളിലേക്ക് കയറി പടിഞ്ഞാറോട്ട് നടന്നാൽ കരിപ്പൂർ വിമാനത്താവളത്തിൽ സിഗ്നൽ സ്ഥാപിച്ച സ്ഥലത്തെത്താം. കമ്പിവേലി കൊണ്ട് സംരക്ഷിക്കുന്ന ഈ സിഗ്നലിൽ നിന്നുള്ള രാത്രിയിലെ ചുവന്ന പ്രകാശം വിമാനത്തിലെ പൈലറ്റുമാരെ ഉദ്ദേശിച്ചാണ്. ഈ ദിവ്യ വെളിച്ചം നോക്കിയാണ്, ഊരകത്തിന് വടക്ക് പടിഞ്ഞാറുള്ള കരിപ്പൂരില്‍ അപകടമൊന്നും കൂടാതെ കാലങ്ങളായി വൈമാനികര്‍ വിമാനമിറക്കുന്നത്.
അഞ്ചരയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. സമയമെന്തായെന്ന് വാച്ചിലേക്ക് നോക്കിയപ്പോള്‍ എട്ട് മണി കഴിഞ്ഞു. പിന്നെ കണ്ട കാഴ്ചയാണ് ഒരു ഒന്നൊന്നൊരക്കാഴ്ച. മല നമ്മളെയങ്ങ് സ്നേഹിക്കുവാണോന്ന് തോന്നും. കാരണം ആ സമയം ചുറ്റുമുള്ളതൊന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. എല്ലാ കാഴ്ചയും മറച്ച് വെളുത്ത കോടമഞ്ഞ് നിങ്ങളെ കെട്ടിപ്പിടിച്ച് ചെറുയൊരു തണുപ്പ് പകര്‍ന്ന് തന്ന് അങ്ങ് ഒഴുകിപ്പോകും. ഊരകംമല കയറിയവരെല്ലാം ഹാപ്പി.
കോടയൊന്ന് ഒഴിയുമ്പോള്‍ താഴ്വാരത്ത് നിന്ന് മലഞ്ചെരുവുകള്‍ക്കിടയിലൂടെ കുഞ്ഞ് മേഘക്കൂട്ടങ്ങള്‍ പതുക്കെ മലകറിവരുന്ന കാഴ്ചകാണാം. ഒരു വേള ആ മേഘക്കൂട്ടങ്ങളില്‍ അള്ളിപ്പിടിച്ച് കയറി മലയൊന്ന് ചുറ്റിക്കണ്ടോലോയെന്ന് നിങ്ങളും ആഗ്രഹിക്കും.
മലപ്പുറം നഗരത്തിന്‍റെ വിദൂര കാഴ്ചയോടൊപ്പം ചുറ്റിലുമുള്ള മലനിരകളിലെ പച്ചപ്പും സഞ്ചാരികൾക്ക് കാണാം. പക്ഷേ നിങ്ങളുടെ ചങ്ക് തുളയ്ക്കുന്നൊരു കാഴ്ചയും ഒപ്പം കൂടും. പുണ്ണ് വന്ന് പഴുത്ത ശരീരം പോലെ അങ്ങിങ്ങ് മരങ്ങള്‍ വെട്ടിമാറ്റി കുഴികുത്തിയ അനേകം ക്വാറികളുടെ കാഴ്ചകളാണ് അത്. ഒന്നും രണ്ടുമല്ല അനേകം ക്വാറികള്‍. അനുമതിയുള്ളതും ഇല്ലാതതും. ഒരെണ്ണത്തിന് കിട്ടിയ അനുമതിയില്‍ നിന്ന് അനേകം ക്വാറകളിലേക്ക് തുരന്ന് കയറിയ ഭൂമി തൊരപ്പന്മാര്‍.
ഒരു നാടിന്‍റെ സുന്ദരമായ കാഴ്ചമാത്രമല്ല ഈ ക്വാറികള്‍ ഇല്ലാതാക്കിയത്. നാളെ ഊരകമൊരു കവളപ്പാറയോ പെട്ടിമുടിയോ ആയി മാറിയാല്‍ ഞാനടക്കമുള്ള അനേകരും അതോടൊപ്പം പോകേണ്ടിവരും. ഈ പ്രശ്നങ്ങളെ കുറിച്ച് നാട്ടുകാര്‍ക്കോ നാട് ഭരിക്കുന്നവര്‍ക്കോ അറിയാത്തതല്ല. മറിച്ച് അതാണ് ഇന്ന് ഈ നാടിന്‍റെ ഭരണ സംവിധാനത്തെ തന്നെ നിയന്ത്രിക്കുന്നതെന്നതാണ് സത്യം. ഭരണം നിയന്ത്രിക്കുന്നവരെ ആരാണ് എതിര്‍ക്കുക ? മാത്രമല്ല. നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു സഹായം ആവശ്യമുണ്ടെന്നിരിക്കട്ടെ. നിങ്ങള്‍ ഒരു രാഷ്ട്രീയ നേതാവിന്‍റെ അടുത്ത് പോയി കാര്യം പറയുന്നു. നിങ്ങളുടെ ആവശ്യം പണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ നേതാവ് നിങ്ങളുടെ കൈയില്‍ ഒരു ലിസ്റ്റ് തരും. ആ ലിസ്റ്റില്‍ നാലോ അഞ്ചോ ക്വാറിക്കാരുടെ പേരും നമ്പറുകളുമായിരിക്കും. അതുമായി പോയി കാര്യം പറഞ്ഞാല്‍ നിങ്ങളുടെ ആവശ്യം നിറവേറ്റപ്പെടും. ഇത്തരത്തിലാണ് ഈ ഗ്രാമത്തിലെ കാര്യങ്ങള്‍ കലങ്ങളായി നടന്ന് പോകുന്നത്.
സാധാരണ വൈകുന്നേരങ്ങളിൽ വീട്ടിലിരിക്കുമ്പോൾ കേൾക്കാറുള്ള പാറപൊട്ടിക്കുന്ന ശബ്ദം ഈ മലകളുടെ മാറില്‍ വച്ച് പൊട്ടിക്കുന്ന ഡൈനാമേറ്റുകളുടേതായിരുന്നു. പലപ്പോഴും സ്വപ്നങ്ങളിലേക്ക് കയറി വന്ന് പൊട്ടിച്ച് പോയത്.അസ്വസ്ഥമായ പല രാത്രികളിലും ഡൈനാമേറ്റുകളുടെ കാതടപ്പിക്കുന്ന ശബ്ദം താഴ്വാരങ്ങളില്‍ മുഴങ്ങിക്കേട്ടുകൊണ്ടേയിരുന്നു.
ഒരു മലയില്ലാതാകുമ്പോള്‍ ഒരു സംസ്കാരമില്ലാതാകുന്നുവെന്നൊക്കെ തൊണ്ണൂറുകളില്‍ നിക്കറില്‍ നടന്ന പ്രായത്തില്‍ ക്ലാസ് റൂമുകളില്‍ അധ്യാപകര്‍ പറഞ്ഞത് കേട്ടതായിഒരു ഓര്‍മ്മ.
എനിക്ക് മാത്രമാകില്ല ആ ഓര്‍മ്മ. എന്നോടൊപ്പം ഈ ഗ്രാമത്തില്‍ പഠിച്ച എല്ലാവരിലും ആ ഓര്‍മ്മ കാണും. പക്ഷേ... ഒരു ആവശ്യം വരുമ്പോള്‍ ക്വാറി പൊട്ടിച്ച പണം തന്നെ വേണ്ടിവരുന്നിടത്ത് ആര് ആരോടാണ് കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങുക ?
കുഞ്ഞുനാളില്‍ ജനാലക്കമ്പിയില്‍ പിടിച്ച് മലമുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ കണ്ടൊരു സ്വപ്നമുണ്ട്.
വടക്ക് ഊരകം മലയും തെക്ക് വെങ്കുളം കുന്നും. വടക്കുള്ള ഊരകത്ത് നിന്ന് തെക്കുള്ള വെങ്കുളത്തേക്ക് ഒരു റോപ്പ് വേ. താഴെ പച്ച വിരിച്ച ഭൂമി. വയലുകള്‍, തെങ്ങുകള്‍... ഒരു പക്കാ കേരളീയ ഗ്രാമ ഭംഗി. ആഹ്.... ആ റോപ്പ് വേയില്‍ കയറി എന്‍റെ ഗ്രാമത്തിന് മുകളിലൂടെ ഒഴുകിപ്പോകുന്ന സഞ്ചാരികള്‍. താഴെ സൈക്കിള്‍ സ്റ്റേഷന്‍, മുകളില്‍ ക്ഷേത്രം, വാച്ച് ടവര്‍, ചെറിയ നാടന്‍ ഭക്ഷണം കിട്ടുന്ന തട്ട് കടകള്‍. സ്വപ്നങ്ങള്‍ക്ക് അതിര്‍ വരമ്പുകളില്ലല്ലോ.... അതും ഒരു കുട്ടിയുടേതാകുമ്പോള്‍.... ഇന്ന് ഒരു പക്ഷേ എന്നല്ല, അങ്ങനെയൊരു സ്വപ്നമോ ഉണ്ടാകില്ല. കാരണം, യാഥാര്‍ത്ഥ്യം കണ്‍മുന്നില്‍ ഇങ്ങനെ കുഴികുത്തി കിടക്കുമ്പോള്‍ എങ്ങനെയാണ് നമ്മള്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കുക.
സ്വപ്നങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയിലൊരു നൂല്‍പ്പാലത്തിലാണ് ജീവിതം എന്നൊക്കെ പറയാമെങ്കിലും നാളെത്തെ തലമുറ കാണാതെ പോകുന്ന ഈ കാഴ്ചകള്‍ വേദന മാത്രം ഉള്ളില്‍ നിറച്ച് ഇനി ഊരകത്തിനെത്രകാലമെന്നോര്‍ത്ത് ഞങ്ങള്‍ കുന്നിറങ്ങി... അപ്പോഴും ഞങ്ങളെ ആശ്വസിപ്പിക്കാനെന്ന വണ്ണം കോടമഞ്ഞ് വന്ന് പൊതിഞ്ഞു നിന്നു. ഇനിയും കയറണം ഈ മല. ഉള്ളിടത്തോളം കാലം...