മാനുവല്‍ ഫെഡ്രറിക്ക് മടങ്ങിവരുന്നു ; ചങ്ങല ചെയിനുള്ള മെഡലുമായി...

First Published | Aug 9, 2021, 11:52 AM IST

ദ്യ  മലയാളി ഒളിംപിക്സ് മെഡല്‍ ജേതാവ്, ' ഗോള്‍പോസ്റ്റിലെ കടുവ' യെന്ന് ഇന്ത്യന്‍ ടീമിലെ വിശേഷണം. ധ്യാന്‍ചന്ദ് പുരസ്കാരം, നിരവധി ദേശീയ ബഹുമതികള്‍. അതാണ് പി ആര്‍ ശ്രീജേഷിന്  മുമ്പ് ഇന്ത്യയ്ക്ക് വേണ്ടി ഹോക്കിയില്‍ ഗോള്‍വല കാത്ത മലയാളി ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക്ക്.  49 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആ കഥ. 1972 ല്‍ ഇന്ത്യ ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നേടിയപ്പോള്‍ ഇന്ത്യയുടെ ഗോള്‍ വല കാത്തത് കേരത്തിന്‍റെ ചുണക്കുട്ടിയായിരുന്ന മാനുവല്‍ ഫ്രെഡറിക്ക് ആയിരുന്നു. 2021 ല്‍ വീണ്ടും രാജ്യം ഒളിംപിക് ഹോക്കിയില്‍ വെങ്കല മെഡലുയര്‍ത്തിയപ്പോള്‍ അവിടെയും വന്‍മതിലായി നിന്ന് ഇന്ത്യയുടെ ഗോള്‍വല കാത്തത് മറ്റൊരു മലയാളി പി ആര്‍ ശ്രീജേഷ്.  ഇന്ന് ബംഗളൂരുവിലെ വീട്ടിലിരുന്ന് 49 വര്‍ഷം മുമ്പ് രാജ്യത്തെ ഹീറോയായിരുന്ന കഥ പറയുകയാണ് മലയാളി ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക്ക്.  ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുരേഷ് എസ് നായര്‍. 

പഴയ ആ കഥ പറയുമ്പോള്‍ മാനുവല്‍ ഫെഡറിക്കിന്‍റെ മുഖത്ത് ഇന്നും ആഹ്ളാദം. അന്ന് കരഘോഷം മുഴക്കിയ ആ സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന അതേ ആവേശം. ' അന്ന് , ഇന്നത്തേത് പോലെയായിരുന്നില്ല. ഒളിംപിക്സ് മെഡലില്‍ തന്നെ വ്യത്യാസമുണ്ടായിരുന്നു. നീണ്ട ചെയിനില്‍ കോര്‍ത്തായിരുന്നു മെഡല്‍ സമ്മാനിച്ചിരുന്നത്. റിബണൊക്കെ പിന്നീട് വന്നതാണെന്നും മാനുവല്‍ ഫ്രെഡറിക്ക് പറയുന്നു. 

കേരളം ഹോക്കിക്ക് വളരാന്‍ പറ്റിയ മണ്ണാണെന്നാണ് മാനുവല്‍ ഫ്രെഡറിക്ക് ഉറപ്പിച്ച് പറയുന്നു. സര്‍ക്കാറിന്‍റെ വലിയ തോതിലുള്ള പ്രോത്സാഹനമില്ലാഞ്ഞിട്ട് പോലും ഇന്ത്യയ്ക്ക് വേണ്ടി രണ്ട് മലയാളികളാണ് ഒളിംപിക് മെഡല്‍ നേടിയത്. അതും ഹോക്കിയില്‍.ഹോക്കിയിലെ ആദ്യ മലയാളി ഒളിംപിക് മെഡല്‍ ജേതാവാണ് മാനുവല്‍ ഫെഡറിക്കെങ്കില്‍ രണ്ടാമത്തേത് ശ്രീജേഷാണ്. 


പക്ഷേ, രണ്ട് ഒളിംപിക് മെഡല്‍ കൊണ്ട് വന്നിട്ടും സര്‍ക്കാറിന് വേണ്ട പോലെ താത്പര്യമില്ലാത്തത് അദ്ദേഹത്തെ ഇന്നും അസ്വസ്ഥനാക്കുന്നു. വാഗ്ദാനങ്ങളെല്ലാം ഉണ്ടാകും. എന്നാല്‍ അത് പൂര്‍ത്തീകരിക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം പിന്നോക്കം പോകുന്നതായി മാനുവല്‍ ഫെഡറിക്ക് പറയുന്നു.  

ഒളിംപിക് മെഡല്‍ നേടിയിട്ടും മാനുവല്‍ ഫെഡറിക്ക്സിനെ കേരളം ഗൗനിച്ചില്ല. ഒരു നല്ല ഹോക്കി ഗ്രൗണ്ട് എങ്കിലും അനുവദിക്കണമെന്ന് മാറി മാറി വന്ന സര്‍ക്കാരുകളോട് അദ്ദേഹം അപേക്ഷിച്ചു. നല്ല ഒരു ടീമിനെ വളര്‍ത്തിയെടുക്കാന്‍ പരിശീലകനാകാന്‍ തയാറെന്ന് അറിയിച്ചു. എന്നാല്‍, അദ്ദേഹത്തിന്‍റെ വാക്കുകള്‍ കഴിഞ്ഞ 49 വര്‍ഷം കേരളം ഭരിച്ച ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിച്ചു.

ഒളിംപിക്സ് ജേതാക്കള്‍ക്കുള്ള പാരിതോഷികം ഒരിക്കല്‍ പോലും ഫെഡറിക്സിനെ തേടിയെത്തിയില്ല.  ഒരു സര്‍ക്കാര്‍ ജോലിയുടെ വാഗ്ദാനം പോലും വന്നില്ല, എന്നാല്‍ മലയാളത്തിന്‍റെ ഹോക്കി താരത്തിനെ കര്‍ണാടക വളര്‍ത്ത് പുത്രനാക്കി. ക്ലബ്ലുകളുടെയും ഹോക്കി അസോസിയേഷനുകളുടെയും മുന്‍നിര പരിശീലകനാക്കി. 

കര്‍ണാടകത്തില്‍ നിന്ന് മൂന്ന് പേര്‍ ഫ്രെഡറിക്സിന് കീഴില്‍ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞു. അര്‍ഹതപ്പെട്ട നീതി ശ്രീജേഷിനെങ്കിലും വൈകരുതെന്നാണ് ഫ്രെഡറിക്സിന്‍റെ അഭ്യര്‍ത്ഥന. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ കായികമന്ത്രി വി അബ്ദുറഹ്മാന്‍ ഫ്രെഡറിക്സിനെ കേരളത്തിലേക്ക് തിരിച്ചുവിളിച്ചു. 

' ഹോക്കിക്ക് മുന്തിയ പിരഗണന നല്‍കുമെന്നും പുതിയ പരിശീലന സൗകര്യങ്ങള്‍ ഒരുക്കുമെന്നും കായിക മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹോക്കിയോടുള്ള അവഗണനയ്‍ക്കെതിരെ ഫ്രെഡറിക്ക് രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വൈകിയെങ്കിലും നീതി ലഭിച്ചതിന്‍റെ സന്തോഷത്തില്‍ അഞ്ച് പതിറ്റാണ്ടിന് ശേഷം ബെംഗ്ലുരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ഫ്രെഡറിക്സ്.


രണ്ട് കാലങ്ങള്‍; രണ്ട് ഒളിംപ്യന്മാര്‍ :  ഒളിംപ്യന്‍ മാനുവല്‍ ഫെഡറിക്കും ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷും കണ്ട് മുട്ടിയപ്പോള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!