1992ല്‍ ബ്രിസ്ബനില്‍ വെസ്റ്റ് ഇന്റീസിനെതിരെയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഗാംഗുലിയുടെ അരങ്ങേറ്റം. 1996ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറി. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി വരവറിയിച്ചു.
ചെറുപ്പത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഒരുപാട് താല്‍പര്യം കാണിച്ചിരുന്ന ഗാംഗുലി സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിയുടെ ശിക്ഷണം ലഭിക്കുന്നതിന് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. സഹോദരനേക്കാള്‍ മുമ്പ് ഗാംഗുലി ബംഗാള്‍ രഞ്ജി ടീമില്‍ ഇടം നേടി.
കൊല്‍ക്കത്തയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച സൗരവ് ഗാംഗുലിയെ അച്ഛനും അമ്മയും 'മഹാരാജ്' എന്നാണ് വിളിച്ചിരുന്നത്. പിന്നീട് കളത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ പ്രശസ്ത കമന്റേറ്റര്‍ ജോഫ്രി ബോയ്‌കോട്ട് അദ്ദേഹത്തിന് പ്രിന്‍സ് ഓഫ് കൊല്‍ക്കത്ത എന്ന പേര് നല്‍കി.
ടീമില്‍ നിന്ന് 2006ലെ തുടക്കത്തില്‍ പുറത്തായതിനു ശേഷം ഗാഗുലിയെ 2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലേക്കുള്ള ടീമില്‍ തിരിച്ചു വിളിച്ചു. ടീമില്‍ തിരിച്ചു വന്നതിനു ശേഷം ഗാംഗുലി ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറികളാണ് നേടിയത്.
2007 ല്‍ പാകിസ്ഥാനെതിരെ നേടിയ 239 ആണ് അദ്ദേഹത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. 1999ല്‍ ശ്രീലങ്കക്ക് എതിരെ നേടിയ 183 ആണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.
യുവ താരങ്ങളെ കണ്ടെത്തുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നതില്‍ എന്നും മുന്നില്‍ നിന്നിരുന്ന അദ്ദേഹം ആ ഉത്തരവാദിത്വം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ആ വെല്ലുവിളി ഒരുപാട് ഇതിഹാസങ്ങളെ ഇന്ത്യന്‍ ടീമിന് സമ്മാനിച്ചു.
വിരേന്ദര്‍ സെവാഗ്, ഹര്‍ബജന്‍ സിങ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, മഹേന്ദ്ര സിങ് ധോണി തുടങ്ങി ഒരുപാട് പേര്‍. ഈ പ്രതിഭകളെ മുന്‍നിരയിലേക്ക് കൊണ്ട് വന്നതിന്റെ ഫലമാണ് 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലും 2003ലെ ലോകകപ്പ് ഫൈനലും.
2002ലെ നാറ്റ്‌വെസ്റ്റ് സീരീസ് ഫൈനലില്‍ സഹീര്‍ ഖാന്റെ സിങ്കിള്‍ ഓവര്‍ത്രോയിലൂടെ ഡബിള്‍ ആയപ്പോള്‍ ക്രിക്കറ്റിന്റെ മക്കയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അന്ന് ലോഡ്‌സ് ബാല്‍ക്കണിയില്‍ ആ നായകന്‍ ഒരു ആഹ്ലാദ പ്രകടനം നടത്തി. അത് പിന്നീട് ചരിത്രമായി. സ്വന്തം നാട്ടില്‍ വന്ന് തങ്ങളെ തോല്‍പിച്ചപ്പോള്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ചെയ്ത ആഹ്ലാദ പ്രകടനത്തിന് ഒരു വീറും വാശിയും തുളുമ്പുന്ന മറുപടിയായിരുന്നു അത്.
സെഞ്ച്വറി നേടുകയും ടീമിനെ ഫൈനലിലേക്ക് എത്തിക്കുകയും ചെയ്ത മൂന്ന് നായകന്മാരില്‍ ഒരാളാണ് സൌരവ് ഗാംഗുലി. ലോക ക്രിക്കറ്റില്‍ 10,000 റണ്‍സും 100 വിക്കറ്റും 100 ക്യാച്ചുകളും സ്വന്തമാക്കിയ അഞ്ച് താരങ്ങളില്‍ ഒരാളാണ് അദ്ദേഹം.
ലോകത്തെ ഏക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ദാദ 2008 നവംബര്‍ ആറിന് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും പിന്നീട് ഐപിഎല്ലിലും തുടര്‍ന്ന് കമന്ററി ബോക്‌സിലും അദ്ദേഹമെത്തി. അവസാനം ബിസിസിഐയുടെ തലപ്പത്തും.