1990 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരിക്കലും മികച്ചതായിരുന്നില്ല. ടീം സൂപ്പര്‍ സിക്‌സില്‍ പുറത്തായിരുന്നു. എന്നാല്‍ ചില മനോഹര നിമിഷങ്ങള്‍ അവര്‍ ആരാധകര്‍ക്കായി കരുതിവച്ചിരുന്നു. അതിലൊന്നായിരുന്നു ഗാംഗുലി- ദ്രാവിഡ് കൂട്ടുകെട്ട്.
ഇരുവരുടെയും സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 216ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് 157 റണ്‍സിന്റെ കൂറ്റന്‍ജയം. റോബിന്‍ സിംഗ് മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ ഗാംഗുലിയായിരുന്നു മത്സരത്തിലെ താരം.
ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. സദഗോപന്‍ രമേശ്- ഗാംഗുലി സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ ചാമിന്ദവാസിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് രമേശ് മടങ്ങി. നാല് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
പിന്നീടാണ് ചരിത്രനിമിഷം പിറന്നത്. മൂന്നാമനായി രാഹുല്‍ ദ്രാവിഡ് ക്രീസിലേക്ക്. 46ാം ഓവറിലാണ് കൂട്ടുകെട്ട് അവസാനിച്ചത്. മുത്തയ്യ മുരളീധരന്റെ നേരിട്ടുള്ള ഏറില്‍ ദ്രാവിഡ് റണ്ണൗട്ടാവുകയായിരുന്നു. അപ്പോഴേക്കും 318 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ഗാംഗുലി മടങ്ങുന്നത്.
പന്തെടുത്ത ശ്രീലങ്കന്‍ ബൗള്‍മാര്‍ അടികൊണ്ട് തളര്‍ന്നു. പത്ത് ഓവര്‍ എറിഞ്ഞ വാസ് ഒരു വിക്കറ്റ് മാത്രം നേടി 84 റണ്‍സാണ് വിട്ടുകൊടുത്തത്. എറിക് ഉപശാന്ത പത്തോവറില്‍ 80 റണ്‍സ് നല്‍കി. പത്ത് ഓവര്‍ വീതമെറിഞ്ഞ മുരളീധരന്‍, വിക്രമസിംഗെ എന്നിവര്‍ യഥാക്രമം 60, 65 റണ്‍സ് വിട്ടുകൊടുത്തു.
അക്കാലത്ത് ഏകദിനത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു അത്. ഇന്ത്യയുടെ തന്നെ അജയ് ജഡേജ- മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 275 റണ്‍സാണ് ഇരുവരും മറികടന്നത്. 1998ല്‍ കട്ടക്കിലായിരുന്നു അത്.
പിന്നീട് മൂന്ന് തവണ ഈ റെക്കോഡ് തകര്‍ക്കപ്പെടുകയുണ്ടായി. തൊട്ടടുത്ത വര്‍ഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- രാഹുല്‍ ദ്രാവിഡ് സഖ്യം ന്യൂസിലന്‍ഡിനെതിരെ 331 റണ്‍സ് നേടിയിരുന്നു. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് സഖ്യമായ ക്രിസ് ഗെയ്ല്‍- മര്‍ലോണ്‍ സാമുവെല്‍സ് എന്നിവരുടെ പേരിലാണ് റെക്കോഡ്. 372 റണ്‍സാണ് ഇരുവരും ഒരുമിച്ച് നേടിയത്.