55 ദിവസം ഡല്‍ഹിയില്‍ കുടുങ്ങി; ഒടുവില്‍ സാഹസികമായി നാട്ടില്‍ തിരിച്ചെത്തി സുധീര്‍കുമാര്‍ ഗൗതം

First Published | May 16, 2020, 3:45 PM IST

പറ്റ്ന: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഏറ്റവും വലിയ ആരാധകനാണ് സുധീര്‍കുമാര്‍ ഗൗതം. ഇന്ത്യയുടെ മത്സരങ്ങളില്‍ ദേഹം മുഴുവന്‍ ത്രിവര്‍ണപതാകയിലെ നിറങ്ങള്‍ പൂശി വലിയൊരു ഇന്ത്യന്‍ പതാകയും ശംഖുമായാണ് സുധീര്‍ കളി കാണാനെത്തുക. സുധീറിന് കളി കാണാനുള്ള ടിക്കറ്റ് നല്‍കുന്നതാകട്ടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും.ആദ്യ പന്തെറിയുന്നതിന് മുമ്പ് സുധീറിന്റെ ശംഖ് വിളി സ്റ്റേഡിയത്തില്‍ മുഴുങ്ങും. ഇന്ത്യയുടെ നേട്ടങ്ങള്‍ക്കൊപ്പം സുധീറിന്റെ കൈയിലെ ദേശീയ പതാകയും സ്റ്റേഡിയത്തില്‍ ഉയര്‍ന്നു പാറും.

ഇന്ത്യന്‍ ടീം അംഗങ്ങളില്‍ പലരുമായും അടുത്ത സൗഹൃദമുള്ള സുധീറിന് താരങ്ങള്‍ തന്നെ അവര്‍ക്ക് ലഭിച്ച പുരസ്കാരങ്ങള്‍ സ്നേഹത്തോടെ സമ്മാനിക്കാറുണ്ട്.
2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ സുധീറിനെ ഡ്രസ്സിംഗ് റൂമില്‍ കൊണ്ടുപോയി ലോകകപ്പ് ട്രോഫി സച്ചിന്‍ തന്നെ കൈമാറിയിരുന്നു.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക് ഡൗണിലായതോടെ സുധീര്‍കുമാര്‍ ഡല്‍ഹിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കുടുങ്ങി.55 ദിവസം സുഹൃത്തിന്റെ വീട്ടില്‍ ചെലവഴിച്ച സുധീര്‍ ഒടുവില്‍ ഈ മാസം ഏഴിന് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കടം വാങ്ങിയ ബൈക്കില്‍ 1000 കിലോ മീറ്റര്‍ അകലെയുള്ള ജന്‍മാനാടായ ബിഹാറിലെ ദാമോദര്‍പൂരിലുള്ള വീട്ടിലേക്ക് സുധീര്‍ പുറപ്പെട്ടു. ഇടക്ക് ലക്നോവിലെ സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് യാത്ര തുടരേണ്ടിവന്നു.
കൊവിഡ് ഹോട്ട് സ്പോട്ടായ ഡല്‍ഹിയില്‍ നിന്ന് വരുന്ന സുധീറിന് കൊവിഡ് രോഗബാധയുണ്ടാവുമെന്ന സംശയത്തിലാണ് പ്രദേശവാസികള്‍ സുധീറിന് അവിടെ തങ്ങാന്‍ അനുവദിക്കാതിരുന്നത്. തുടര്‍ന്ന് യാത്ര തുടര്‍ന്ന സുധീര്‍ മെയ് എട്ടിന് രാത്രിയോടെ നാട്ടിലെത്തി. രണ്ട് ദിവസം കൊണ്ട് 1000 കിലോ മീറ്ററാണ് സുധീര്‍ താണ്ടിയത്. ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനായി ബൈക്കില്‍ ഇതുവരെ 52000 കിലോ മീറ്റര്‍ താണ്ടിയിട്ടുള്ള സുധീറിന് പക്ഷെ ഈതൊന്നും പുത്തരിയല്ല.
പക്ഷെ നാട്ടിലും സുധീറിനെ കാത്തിരുന്നത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല. ഇന്ത്യന്‍ ടീം അംഗങ്ങളില്‍ നിന്ന് തനിക്ക് കിട്ടുന്ന സമ്മാനങ്ങള്‍ നാട്ടുകാര്‍ക്കാണ് സുധീര്‍ നല്‍കാറുള്ളത്. അതിനാല്‍ സുധീറിനെ അവര്‍ക്ക് വലിയ കാര്യവുമായിരുന്നു. എന്നാല്‍ സുധീറിന്റെ ഇത്തവണത്തെ വരവില്‍ നാട്ടുകാരുടെ ഭാഗത്തു നിന്ന് എതിര്‍പ്പാണുയര്‍ന്നത്. അവര്‍ സുധീറിന് സമീപം വരാന്‍ പോലും പേടിച്ചു. ഡല്‍ഹിയില്‍ നിന്ന് വരുന്ന സുധീര്‍ കൊവിഡ് പരിശോധനക്ക് വിധേയനാവണമെന്നും ക്വാറന്റീനീല്‍ പോകണമെന്നും അവര്‍ ശഠിച്ചു. അവര്‍ സര്‍പാഞ്ചിന്(ഗ്രാമാധികാരി) പരാതി നല്‍കി.
ഇതോടെ സുധീറിനെ കൊവിഡ് പരിശോധനകള്‍ക്ക് വിധേയനാക്കാനും 21 ദിവസം ക്വാറന്റൈന്‍ ചെയ്യാനും സര്‍പാഞ്ച് നിര്‍ദേശിച്ചു. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സുധീറിനെ പരിശോധനകള്‍ക്ക് വിധേയനാക്കിയപ്പോള്‍ കൊവിഡ് 19 ലക്ഷണള്‍ കാണിച്ചുവെങ്കിലും ഇപ്പോള്‍ രോഗമില്ലെന്ന് സുധീര്‍ പറയുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങള്‍ നടത്തിയാലും തനിക്ക് മാത്രം സ്റ്റേഡിയത്തില്‍ പ്രവേശിക്കാനും പതാക വീശാനും അനുമതി തരണമെന്ന് ആവശ്യപ്പെടുമെന്നും സുധീര്‍ കുമാര്‍ പറഞ്ഞു. അധികൃതര്‍ അനുവദിച്ചില്ലെങ്കില്‍ ഇതേ ആവശ്യവുമായി സച്ചിനെ സമീപിക്കും. അദ്ദേഹം ബിസിസിഐയില്‍ നിന്ന് അനുമതി വാങ്ങിത്തരുമെന്നാണ് പ്രീക്ഷയെന്നും 39കാരനായ സുധീര്‍കുമാര്‍ പറഞ്ഞു.
വീട്ടില്‍ പ്രായമായ മാതാപിതാക്കളും മൂത്ത സഹോദരന്റെ കുടുംബവുമാണ് സുധീറിനൊപ്പമുള്ളത്. സുധീറിനെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധം തുടരുകയാണെങ്കിലും ഗ്രൗണ്ടുകളില്‍ നിന്ന് ഗ്രൗണ്ടുകളിലേക്ക് പറക്കുന്ന തനിക്ക് അതൊന്നും പറ്റില്ലെന്നാണ് സുധീര്‍കുമാര്‍ പറയുന്നത്. കൊവിഡ് 19നുശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യ മത്സരത്തില്‍ തന്നെ താന്‍ സ്റ്റേഡിയത്തിലുണ്ടാവുമെന്നും സുധീര്‍കുമാര്‍ ഉറപ്പ് നല്‍കുന്നു.

Latest Videos

click me!