ഇംഗ്ലണ്ട്-സിംബാബ്വെ (1992)ടോസ് ലഭിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 46.1 ഓവറില്‍ 134 റണ്‍സിന് സിംബാബ്വെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു. 125 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചത്. സിംബാബ്വെയ്ക്കു ഒമ്പത് റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. പേസര്‍ എഡ്ഡോ ബ്രാന്‍ഡസായിരുന്നു സിംബാബ്വെയുടെ ഹീറോ. 10 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം നാലു വിക്കറ്റെടുത്തു.
വെസ്റ്റ് ഇന്‍ഡീസ്- കെനിയ (1996)ഇന്ത്യ ആതിഥേയരായ ലോകകപ്പ്. പൂനെയിലാണ് മത്സരം. ടോസ് നേടി വിന്‍ഡീസ് ബൗളിങ്ങ് തിരഞ്ഞെടുത്തു. കെനിയ 166ന് പുറത്ത്. അനായാസജയം കൊതിച്ചാണ് വിന്‍ഡീസ് ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ 35.2 ഓവറില്‍ വെറും 93 റണ്‍സിന് വിന്‍ഡീസിന്റെ ഇന്നിങ്സ് അവസാനിച്ചു. 73 റണ്‍സിന്റെ ആധികാരിക വിജയമാണ് കെനിയ നേടിയത്.
പാകിസ്താന്‍- ബംഗ്ലാദേശ് (1999)ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ടോസിനു ശേഷം പാകിസ്താന്‍ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് നേടിയത്. സഖ്‌ലെയന്‍ മുഷ്താഖ് അഞ്ച് വിക്കറ്റെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 161 റണ്‍സിന് പുറത്തായി. 29 റണ്‍സ് എക്സ്ട്രായിനത്തില്‍ ലഭിച്ചപ്പോള്‍ നായകന്‍ വസീം അക്രവും അസ്ഹര്‍ മഹമ്മൂദും 29 റണ്‍സ് വീതമെടുത്തു.
ശ്രീലങ്ക- കെനിയ (2003)ടോസ് നഷ്ടപ്പെട്ട കെനിയ ബാറ്റിങ്ങിനിറങ്ങി. ഒമ്പത് വിക്കറ്റിന് 210 റണ്‍സാണ് കെനി നേടിയത്. മുത്തയ്യ മുരളീധരന്‍ ലങ്കയ്ക്കായി നാലും ചാമിന്ദ വാസ് മൂന്നും വിക്കറ്റെടുത്തു. മറുപടിയില്‍ ലങ്കയ്ക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. ഒടുവില്‍ 45 ഓവറില്‍ 157 റണ്‍സിന് ലങ്ക കൂടാരം കയറി. രവിന്ദ ഡിസില്‍വ (41) മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതി നോക്കിയത്.
ഇന്ത്യ- ബംഗ്ലാദേശ് (2007)രാഹുല്‍ ദ്രാവിഡന്റെ കീഴിലിറങ്ങിയ ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പരാജയപ്പെട്ട് മടങ്ങേണ്ടിവന്നു. കുഞ്ഞന്മാരായ ബംഗ്ലാദേശിനെതിരായ തോല്‍വിയാണ് ഇന്ത്യയെ നാട്ടിലേക്ക് തിരിച്ചയച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 191ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
അയര്‍ലന്‍ഡ്- പാകിസ്ഥാന്‍ (2007)ടോസ് നേടിയ അര്‍ലന്‍ഡ് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. തുടക്കം മുതല്‍ പതറിയ പാകിസ്ഥാന്‍ 45.4 ഓവറില്‍ 132 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 41.4 ഓവറില്‍ ഏഴു വിക്കറ്റിന് അയര്‍ലന്‍ഡ് ലക്ഷ്യത്തിലെത്തി. നീല്‍ ഒബ്രെയ്നിന്റെ (72) അര്‍ധ സെഞ്ചുറിയാണ് ഐറിഷ് പടയ്ക്ക് തുണയായത്. തോല്‍വിയോടെ പാകിസ്താന്‍ ലോകകപ്പില്‍ നിന്നു പുറത്തായപ്പോള്‍ അയര്‍ലാന്‍ഡ് സൂപ്പര്‍ 8ലേക്കു യോഗ്യത നേടുകയും ചെയ്തു.