മറഡോണ മുതല്‍ ഡീന്‍ ജോണ്‍സ് വരെ; കായികലോകത്തെ കണ്ണീരിലാഴ്ത്തിയ 2020

First Published | Dec 26, 2020, 8:00 PM IST

തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയിൽ കായികലോകം വിറങ്ങലിച്ച് നിന്നൊരു വർഷമാണ് കൊഴിഞ്ഞു പോകുന്നത്. ഡിയഗോ മറഡോണ ഉൾപ്പടെ ഇതിഹാസ താരങ്ങൾ ഓർമ്മകളിലേക്ക് പിൻവാങ്ങിയ വ‍ർഷംകൂടിയാണിത്.ഒളിംപിക്സ്, യൂറോകപ്പ്, കോപ്പ അമേരിക്ക, ട്വന്റി 20 ലോകകപ്പ്.കായിക പ്രേമികളുടെ മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണ്ട നിമിഷങ്ങൾ ഉണ്ടാവേണ്ട വർഷമായിരുന്നു 2020.

എന്നാൽ കൊവിഡിന് മുന്നിൽ ലോകം മുട്ടുമടക്കിയപ്പോൾ കളിക്കളങ്ങളിൽ ആളും ആരവവും ഒഴിഞ്ഞു. സുവർണ നിമിഷങ്ങൾക്ക് പകരം കായിക ചരിത്രത്തിലെ എക്കാലത്തേയും മികച്ച പ്രതിഭകളുടെ വിയോഗം കണ്ട വർഷമാണ് രണ്ടായിരത്തി ഇരുപത്. കായികലോകത്തെയാകെ കണ്ണീരിലാഴ്ത്തിയത് ഡിയഗോ അർമാൻഡോ മറഡോണയുടെ മരണമായിരുന്നു.
നവംബ‍ർ 25ന്, അറുപതാം വയസ്സിൽ ഹൃദയാഘതത്തെ തുട‍ർന്നായിരുന്നു 1986 ലോകകപ്പിൽ അർജന്റീനയെ ജേതാക്കളാക്കിയ മറഡോണയുടെ അന്ത്യം. ദൈവത്തിന്റെ കൈയും നൂറ്റാണ്ടിന്റെ ഗോളും മറഡോണയെ അനശ്വരനാക്കി. കളത്തിനകത്തും പുറത്തും സമാനതകളില്ലാത്ത ഇതിഹാസ നായകന്റെ വിയോഗം ഇപ്പോഴും കായികലോകത്തിന്‍റെ നൊമ്പരം.

ഇറ്റാലിയൻ ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ പൗളോ റോസി വിടവാങ്ങിയത് ഡിസംബർ ഒൻപതിന്. 1982 ലോകകപ്പിൽ ഇറ്റലി ചാന്പ്യൻമാരായത് റോസിയുടെ മികവിൽ. ആറ് ഗോളുമായി ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച പൗളോ റോസി ടോപ് സ്കോറർക്കുള്ള ഗോ‌ൾഡൺ ബൂട്ടും മികച്ച താരത്തിനുളള ഗോൾഡൺ ബോളും സ്വന്തമാക്കി ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു. അക്കൊല്ലം യൂറോപ്പിലെ മികച്ച താരമായും തെരഞ്ഞടുക്കപ്പെട്ടു.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ ചുനി ഗോസ്വാമി ഓർമ്മയായത് ഏപ്രിൽ മുപ്പതിന്. 1960ലെ റോം ഒളിംപിക്സിൽ ഇന്ത്യയെ നയിച്ച ചുനി ഗോസ്വാമി 1962ലെ ഏഷ്യാഡിൽ ഇന്ത്യയെ സ്വർണമണിയിച്ചു. ക്ലബ് കരിയറിൽ എട്ടാം വയസ്സുമുതൽ വിരമിക്കുന്നത് വരെ മോഹൻ ബഗാന് വേണ്ടി മാത്രം കളിച്ചിട്ടുള്ള ചുനി ഗോസ്വാമി രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിന്റെ താരവുമായിരുന്നു.
ക്രിക്കറ്റ് ലോകത്തെ നടുക്കിയത് ഓസ്ട്രേലിയയുടെ മുൻതാരം ഡീൻ ജോൺസിന്റെ അപ്രതീക്ഷിത മരണം. ഐ പി എൽ കമന്ററിക്കായി മുംബൈയിൽ എത്തിയ അൻപത്തിയൊൻപത് കാരനായ ഡീൻ ജോൺസിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. ഇന്ത്യക്കെതിരെ , ഇന്ത്യയിൽ ഒരു ഓസ്ട്രേലിയൻ താരത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറിന് ഉടമയായ ജോൺസ് ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പ് വിജയത്തിലും പങ്കാളിയായിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം സുനിൽ ഗാവസ്കറുടെ ഓപ്പണിംഗ് പങ്കാളിയായ ചേതൻ ചൗഹാൻ കൊവിഡ് ബാധയെത്തുടർന്ന് വിടവാങ്ങിയത് ജൂലൈ 12ന്. 40 ടെസ്റ്റുകളിൽ ഇന്ത്യൻ തൊപ്പിയണിഞ്ഞ ചൗഹാനെ 1981ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.
രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയിട്ടും , ഇന്ത്യൻ ടീമിൽ ഒരിക്കൽപ്പോലും അവസരം ലഭിക്കാതിരുന്ന രജീന്ദർ ഗോയലും 2020ന്‍റെ നഷ്ടം.ബിഷൻ സിംഗ് ബേദിയുടെ നിഴലിലായിപ്പോയ ഇടംകൈയൻ സ്പിന്നർ രഞ്ജിയിൽ വീഴ്ത്തിയത് 637 വിക്കറ്റുകൾ.
ഹോക്കിയിൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൂപ്പർ താരമായ ബൽബീർ സിംഗ് സീനിയർ ഓർമ്മയായത് മെയ് 25ന്. 1948,52,56 ഒളിംപിക്സുകളിൽ ഇന്ത്യ സ്വർണം സ്വന്തമാക്കിയപ്പോൾ ബൽബീ‍ർ സിംഗ് നേടിയത് 22 ഗോളുകൾ. 1952ലെ ഒളിംപിക്സ് ഫൈനലിൽ ബ‍ൽബിർ സിംഗ് നേടിയ അഞ്ച് ഗോളുകൾ ഇന്നും തകർക്കപ്പെടാത്ത റെക്കോർഡ്.
വിഖ്യാതബാസ്കറ്റ്ബോൾ താരം കോബി ബ്രയന്റ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത് ജനുവരി 26ന്. പതിമൂന്നുകാരിയായ മകൾ ജിയാനയ്ക്കൊപ്പം യാത്ര ചെയ്യവേ ആയിരുന്നു ദുരന്തം. രണ്ട് പതിറ്റാണ്ട് ലോസാഞ്ചലസ് ലേക്കേഴ്സിന് കളിച്ച കോബി 18 തവണ ഓൾസ്റ്റാർ ടീമിൽ ഇടംപിടിച്ച താരമാണ്. രണ്ടുതവണ ഒളിംപിക്സ് സ്വർണം നേടിയ അമേരിക്കൻ ടീമിലും അംഗമായിരുന്നു.

Latest Videos

click me!