കൊവിഡ് ഭീതിയില്‍ പകുതിയിലധികം സമയവും നിശ്ചലമായി കിടക്കുകയായിരുന്നു 2020ലെ കായികലോകം. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുത്തൻ പ്രതീക്ഷകളുമായി കായിക പ്രേമികള്‍ കാത്തിരിക്കുന്നു.
പ്രധാനമായും ടോക്യോ ഒളിംപിക്സിനായി. ജൂലൈ 23നാണ് ഒളിംപിക്സ് തുടങ്ങുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കൊവിഡ് ഭീതിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്ന ഇന്ത്യയുടെ സാധ്യതകള്‍ ശ്രദ്ധേയം.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 14-ാംസീസണ്‍ അരങ്ങേറും. ധോണിയുടെ വിടവാങ്ങല്‍ സീസണായിരിക്കുമോ ഇത്തവണത്തേത് എന്ന ആശങ്കയുണ്ട് ചെന്നൈ ആരാധകര്‍ക്ക്.
മറ്റൊന്ന് ട്വന്റി 20 ലോകകപ്പാണ്. 2007ല്‍ പ്രഥമ ചാമ്പ്യൻമാരായ ശേഷം ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണ നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കാമെന്ന വലിയ പ്രതീക്ഷയുണ്ട് കോലിപ്പടയ്ക്ക്. മത്സരങ്ങള്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍.
ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത് രണ്ട് വൻകരകളുടെ പോരാട്ടത്തിനായി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ യൂറോ കപ്പും കോപ്പ അമേരിക്കയും നടക്കും.
ബാഴ്സ ജേഴ്സിയില്‍ സൂപ്പര്‍താരംലിയോണല്‍മെസി തുടരുമോയെന്നതിനുള്ള ഉത്തരം ജൂണിലുണ്ടാകും. ഈ വര്‍ഷം ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ സര്‍പ്രൈസ് മെസി ഒരുക്കുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്.
കൊവിഡ് ഭീതിയില്‍ ഒഴിഞ്ഞുകിടന്ന ഗ്യാലറികള്‍ എന്ന് അവസാനിക്കുമെന്ന ചോദ്യമാണ് ആരാധകര്‍ക്കുള്ളത്. സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ ഈ വര്‍ഷം ഉണ്ടായേക്കാം.