'ഞങ്ങളുടെ ജീവിതത്തിലെ മനോഹര ദിവസം'; ബ്രസീലിയന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ വിവാഹിതരായി

First Published | Jul 11, 2020, 8:12 PM IST

ബ്രസീലിയന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങളായ ആന്‍ഡ്രെസ്സ ആല്‍വ്‌സും ഫ്രാന്‍സിയേല മാനുവറും വിവാഹിതരായി. ഇറ്റാലിയിന്‍ ക്ലബ് എ എസ് റോമ വനിതാ ടീമിന്റെ ഫോര്‍വേഡായ ആന്‍ഡ്രെസ്സയാണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. 

ബാഴ്‌സലോണ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് കളിച്ചിട്ടുള്ള താരാണ് ആന്‍ഡ്രെസ്സ. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ വെള്ളി നേടിയ ബ്രസീല്‍ ടീമംഗമാണ് പങ്കാളിയായ ഫ്രാന്‍സിയേല.
ഇവരുവര്‍ക്കും എഎസ് റോമ വനിതാ ടീം ട്വിറ്ററിലൂടെ ആശംസ നേര്‍ന്നു. ആന്‍ഡ്രെസ്സയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ... ''ഒരു ജീവിത കാലയളവിനപ്പുറത്തേക്കു നീളുന്ന സ്‌നേഹ ബന്ധങ്ങളുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹര ദിവസം.''

ജൂലൈ പത്തിനായിരുന്നു വിവാഹമെന്നും ആന്‍ഡ്രെസ്സ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2015, 2019 ലോകകപ്പുകളില്‍ കളിച്ച ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു ആന്‍ഡ്രെസ്സ.
ബ്രസീലിയന്‍ ക്ലബ്ബുകളിലൂടെ കളിച്ചുതെളിഞ്ഞ ഇരുപത്തേഴുകാരിയായ ആന്‍ഡ്രെസ്സ, പിന്നീട് അമേരിക്കയില്‍ ബോസ്റ്റണ്‍ ബ്രേക്കേഴ്‌സിലേക്ക് കൂടുമാറി.
റിയോ ഒളിംപിക്‌സില്‍ കളിച്ച ബ്രസീല്‍ ടീമിലും അംഗമായിരുന്നു. മൂന്ന് വര്‍ഷത്തോളം ബാഴ്‌സലോണ ജഴ്‌സിയിലും ആന്‍ഡ്രെസ്സ ഉണ്ടായിരുന്നു. ബാഴ്‌സ ജേഴ്‌സി അണിയുന്ന ആദ്യ ബ്രസീലിയന്‍ വനിതാതാരമെന്ന് പേരും ആന്‍ഡ്രെസ്സയെ തേടിയെത്തിയിരുന്നു.
മധ്യനിര താരമെന്ന നിലയില്‍ ശ്രദ്ധേയയായ പങ്കാളി ഫ്രാന്‍സിയേല കരിയറില്‍ ഏറിയ പങ്കും ബ്രസീലിയന്‍ ക്ലബ്ബുകള്‍ക്കാണ് കളിച്ചത്. വിഖ്യാതമായ സാന്റോസ് ക്ലബ്ബില്‍ ഒരു പതിറ്റാണ്ടിലേറെ കളിച്ചു.
കൊറിന്ത്യന്‍സിനായും കളിച്ചിട്ടുണ്ട്. നോര്‍വെയിലെയും യുഎസിലെയും ക്ലബ്ബുകള്‍ക്കായും കളിച്ചു. 2008ല്‍ ബെയ്ജിങ്ങില്‍ വെള്ളി നേടിയ ബ്രസീല്‍ ദേശീയ ടീമില്‍ അംഗമായിരുന്നു.
2012 ലണ്ടന്‍ ഒളിംപിക്‌സിലും 2011ലെ വനിതാ ലോകകപ്പിലും ബ്രസീലിനായി കളിച്ചു. 2018ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

Latest Videos

click me!