വിടപറഞ്ഞിട്ട് 11 വർഷങ്ങൾ; കാണാം മുരളിയുടെ ലങ്കാലക്ഷ്മിയിലെ രാവണപ്പകർച്ച...

First Published | Aug 7, 2020, 8:07 AM IST

ആഗസ്റ്റ് 6; തന്റെ നെറ്റിയിലെ മുറിപ്പാടുപോലെ സൂക്ഷമായ ഭാവങ്ങൾ മലയാളിയുടെ മനസ്സിൽ കോറിയിട്ടിട്ട് മുരളി കടന്നു പോയി. പതിനൊന്ന് വർഷങ്ങൾ. ഉള്ളിൽ സ്നേഹത്തിന്റെ എത്രയെത്രയോ അതിസൂക്ഷ്മ ഭാവങ്ങൾ ഒളിപ്പിച്ചു വച്ച് പരുക്കൻ മുഖഭാവങ്ങളിലൂടെ മലയാളിയെ സങ്കടപ്പെടുത്തിയ തനി രാവണൻ. സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തിൽ രാവണനായുള്ള  മുരളിയുടെ ഏകാഭിനയത്തിലെ ഭാവപ്പകർച്ചകളെ അത്ഭുതം എന്നു തന്നെ പറയേണ്ടിവരും..
മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മുരളി ആറു തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയത്. മലയാളത്തിൽ 160 ചിത്രങ്ങൾ, തമിഴിൽ പത്തെണ്ണം. 1979ൽ ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിൽ നായകനായി അരങ്ങേറ്റം. എന്നാൽ ചിത്രം പുറത്തിറങ്ങിയിട്ടില്ല.

വര്‍ഗ്ഗശത്രുവിനോട് നിരന്തരയുദ്ധം പ്രഖ്യാപിച്ച് അതിനായി ജീവിതം മറക്കുന്നയാളിന്റെ മനസ് തനിക്ക് നന്നായി മനസിലാകും എന്ന് മുരളി ഒരിക്കൽ പറഞ്ഞിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളിക്ക് നേടിക്കൊടുത്ത പ്രിയനന്ദന്റെ നെയ്ത്തുകാരൻ എന്ന ചിത്രത്തിലെ അഭിനയാനുഭവം പങ്കുവയ്ക്കുകയായിരുന്നു മുരളി. നെയ്ത്തുകാരനിൽ മുരളി അവതരിപ്പിച്ച അപ്പമേസ്തിരി എന്ന കഥാപാത്രം കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ചയാളാണ്.നായകനായി വിരാജിച്ച് പ്രതിനായകനായി രൂപാന്തരപ്പെട്ട് അനിവാര്യമായ പതനത്തിന്റെ നേർവഴിക്ക് സഞ്ചരിച്ച ഒരു രാജാവ്. നായകർക്ക് ലഭിക്കാറുള്ള വാഴ്ത്തുപാട്ടുകൾക്കോ കുരവയിടലുകൾക്കോ സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മിയിൽ പ്രാധാന്യമില്ല. സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നിവ ഒരു നാടകത്രയമാണ്. രാമനും ലക്ഷ്മണനും കൂടി അയോദ്ധ്യയിൽ നിന്നും വനവാസത്തിനു പോകുന്ന കഥയാണ് സാകേതം. ലങ്കാലക്ഷ്മിയാകട്ടെ മാനുഷികനായ ഒരു അസുര രാജാവിന്റെ, രാവണന്റെ മാനസിക സംഘർഷങ്ങളാണ് കഥയ്ക്കാധാരം.
ഒരിക്കൽ മരുത്തൻ എന്ന രാജാവിന്റെ കോട്ട നാം വളഞ്ഞു… മാതുലന്മാർ നമ്മോടൊത്തുണ്ടായിരുന്നതാണല്ലൊ… നാം ഹിമാലയത്തിൽനിന്നും മടങ്ങുന്ന വഴി. മരുത്തൻ-പ്രതാപി, പരാക്രമി, യാഗം നടത്തുകയായിരുന്നു. ഇന്ദ്രൻ, യമൻ, വരുണൻ, വൈശ്രവണൻ എല്ലാവരും എത്തിയിട്ടുണ്ട്‌ ഹവിസ്സുണ്ണാൻ. മുപ്പാരിന്നധീശന്മാർ കൂട്ടുണ്ടല്ലോ എന്നു മരുത്തൻ ആശ്വസിച്ചിരിക്കണം. പക്ഷേ, നാം എത്തി എന്ന്‌ അറിഞ്ഞപ്പോൾ ഈ ദൈവങ്ങൾ എന്തു ചെയ്‌തുവെന്നോ? എന്തു ചെയ്‌തിരിക്കാം.? ഓടി എന്നതു ശരിയാണ്‌.

കവാടങ്ങളിൽ കുറെനാൾ നില്‌ക്കട്ടെ. കയറി ആക്രമിക്കാൻ നമ്മുടെ അന്തസ്സ്‌ അനുവദിക്കുന്നില്ല. ഇവറ്റയെ നേരിടാൻ ഉപായമില്ലാഞ്ഞിട്ടാണോ സീതയെ കൊല്ലാൻ വിധിച്ചത്‌? ആരാണു വിധികർത്താവ്‌? പൂമ്പാറ്റയെ കഴുത്തിറുക്കി കൊല്ലുകയാണല്ലോ കുട്ടികൾക്ക്‌ കൗതുകം.
മനസ്സാണ്‌… ഇച്‌ഛയാണ്‌…ഏതിനും ആധാരം… മറ്റെല്ലാം പര്യായങ്ങളോ പാഠഭേദങ്ങളോ ആയിരിക്കും. ഉണ്ണിയുടെ പുതിയ യുദ്ധതന്ത്രം എന്താണ്‌?
അവളെ മോഹിക്കാതിരിക്കുന്നവൻ പുരുഷജാതിയിൽ പെടുന്നില്ല. അവൾക്കു സമാനയായി ഒരുവളെ മാത്രമേ നാം പിന്നീടു കണ്ടതുളളൂ… അവളാണു സീത… ലക്ഷണമൊത്തവൾ. അവളെ വേട്ടത്‌ ആരുമായിക്കൊളളട്ടെ. ആ കൗസ്‌തുഭം ലങ്കയ്‌ക്കുമാത്രം ചേരുന്നതാണ്‌. മൂവുലകങ്ങളിൽ അമൂല്യമായി ഏതൊന്നുണ്ടോ, അത്‌ ലങ്കയിലുണ്ടാവണം.
വീര്യം ഒന്ന്‌, അജയ്യത മറ്റൊന്ന്‌. കൂട്ടിക്കലർത്തണ്ട. വീര്യമില്ലാത്തവരോട്‌ രാവണൻ ഇന്നോളം പൊരുതിയിട്ടില്ല. നിന്റെ വിവരണം കേട്ടപ്പോൾ രാമനെ നേരിടാൻ നമുക്കു കൊതിയാവുന്നു. പക്ഷേ, അജയ്യതയുടെ പരിവേഷം നമുക്കു വ്യക്തമാകുന്നില്ല. അത്‌ ഇന്ദ്രിയഗോചരമോ അതോ, അന്യ കല്‌പനയോ?
ഭീരൂ!… സ്വന്തം അനുജനെ ഇങ്ങനെ വിളിക്കാൻ രാവണന്‌ ഇമ്പമുണ്ടെന്ന്‌ നീ കരുതുന്നുണ്ടോ?… ശക്‌തിയില്ലെങ്കിൽ പൊരുതി മരിക്കണം. നീ മരിച്ചാൽ, നിരയുറപ്പിക്കാൻ ലങ്കയിൽ വേറെയുമുണ്ട്‌ യോദ്ധാക്കൾ.
പ്രഹസ്‌തൻ ഇത്ര സരളചിത്തനോ? അങ്ങനെയെങ്കിൽ കൂടപ്പിറപ്പിനെ വഞ്ചിച്ചു എന്ന കീർത്തി അവനിരിക്കട്ടെ. നാം സ്വജനങ്ങളുടെ രക്ഷകനാണ്‌. അവരെ ശിക്ഷിക്കാനുളള കരുത്ത്‌ ഇതുവരെയും നാം നേടിയില്ല… ഒരു വിഭീഷണൻ പോയാൽ പതറുമോ ലങ്ക? നിനക്കു പോകാം.
ഒരു വംശത്തെ നശിപ്പിക്കാൻ ആ വംശത്തിനേ കഴിയൂ. അന്യന്‌ അത്‌ അശക്യം. നമ്മിലൊരുത്തൻ തുണയ്‌ക്കുന്നു എന്നതാണ്‌ രാമന്റെ ശക്‌തി… രാക്ഷസന്റെ വീര്യമില്ലാത്ത കൃകലാസം! അങ്ങാടിപ്പേട്ടയിലെ തെണ്ടിപ്പട്ടിയെപ്പോടെ നടക്കുന്നു, വാലുമാട്ടി രാമന്റെ ചുറ്റും. ആണത്തമുണ്ടെങ്കിൽ അവനു നേരിട്ടു നമ്മോടേല്‌ക്കാമായിരുന്നു. വംശദ്രോഹി! കൈകസിയുടെ വയറ്റിൽ ഈ പുഴുത്ത ഇറച്ചിക്കഷണം എങ്ങനെ പിറന്നു?
പ്രിയപ്പെട്ട സഖീ, ’അവൻ ആരു പറഞ്ഞാലും കേൾക്കുകയില്ല‘ എന്ന്‌ അമ്മ പറഞ്ഞതു ശരിയാണ്‌. അമ്മയുടെ വാക്കുകൾ, അമ്മയെപ്പോലെ നാം ആദരിക്കുന്ന നിന്നിൽനിന്നു കേൾക്കുമ്പോൾ, അനുസരിക്കേണ്ടതാണ്‌. മോഹമുണ്ട്‌… പക്ഷെ, നാം സാഹചര്യങ്ങളുടെ തടവറയിലാണ്‌. ഇനി നാം സീതയെ വിട്ടയച്ചാൽ പടയിൽ തോറ്റു എന്നാണർത്ഥം.
നാം ശിവഭക്‌തൻ. ശിവനാണ്‌ രാവണൻ എന്ന നാമം നമുക്കു നല്‌കിയത്‌. ബ്രഹ്‌മാവുപദേശിച്ച ശിവാഷ്‌ടോത്തരശതം നാം ഉപാസിച്ചു സിദ്ധി വരുത്തി. ദിവ്യമായ ശിവലിംഗം സദാ സൂക്ഷിക്കുന്നു. നാം വിരചിച്ച പഞ്ചചാമരം പാടുമ്പോൾ താണ്ഡവത്തിന്റെ മുറുകിയ താളം ഉയർന്നുകേൾക്കാം. സുപാർശ്വൻ, ഐശ്വരമായ ആ ചൈതന്യം നമുക്കു നഷ്‌ടപ്പെട്ടെങ്കിൽ, സീതയെ മോചിപ്പിച്ചാൽ അതു വീണ്ടുകിട്ടുമോ?
മകനേ! രാവണൻ ഒരല്‌പായുസ്സിൽ അറ്റുപോകുന്ന പൂമ്പാറ്റയല്ല. രാവണൻ പരമ്പരയാണ്‌. ഇന്നലെയും ഇന്നും നാളെയും ഉളളതാണ്‌. ഹേതിപുത്രൻ, വിദ്യുൽകേശൻ, തൽപുത്രൻ, സുകേശൻ, സുകേശന്റെ പുത്രൻ സുമാലി, സുമാലിയുടെ പൗത്രൻ രാവണൻ, രാവണപുത്രൻ മേഘനാദൻ…
ശത്രു പരാജയപ്പെട്ടാൽ യുദ്ധം തീരും. നീ എന്തിന്‌ അധൈര്യപ്പെടുന്നു? രംഭയുടെ ശാപം ഫലിക്കുമോ എന്നല്ലേ? നമ്മെ ശപിച്ച പെണ്ണുങ്ങളുടെ നാക്കു ഫലിക്കുമായിരുന്നെങ്കിൽ എന്നേ നാം കബന്ധനായി നടക്കുമായിരുന്നു!
ഒരു വ്യഥ മാറുമ്പോൾ മറ്റൊന്നു വരുന്നു. കുട്ടികൾ സാഹസം കാട്ടരുതെന്ന്‌ എത്രതവണ നാം വിലക്കി! ഉഗ്രയോദ്ധാക്കൾ ഇരുവശവും പൊരുതുന്ന യുദ്ധമാണ്‌. കുട്ടിക്കളിയല്ല. കുംഭകർണ്ണൻ ഉണർന്നില്ലേ?
നിന്റെ അഭിമതംപോലെ ആയിക്കൊളളൂ. ഭേരികൾ മുഴങ്ങി ദിക്കുകൾ പിളരട്ടെ. ഹേതി പ്രജാപതിയുടെ കുഞ്ഞിക്കിടാവു പടയ്‌ക്കിറങ്ങി എന്ന്‌ ദേവയക്ഷവരുണലോകങ്ങൾ അറിയണം.

Latest Videos

click me!