ഗന്ധര്‍വ്വനെ പിന്തിരിഞ്ഞു നോക്കുമ്പോള്‍; മലയാള സിനിമയുടെ 'പപ്പേട്ടന്‍റെ' 75-ാം ജന്മദിനം

First Published | May 23, 2020, 1:44 PM IST

പി പത്മരാജനോളം ജീവിതകാലത്തിനു ശേഷം ഇത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും മലയാളത്തില്‍ വേറെയുണ്ടോ എന്നത് സംശയമാണ്. കാലം പൂര്‍ത്തിയാക്കും മുന്‍പേ മാഞ്ഞുപോയ ഗന്ധര്‍വ്വനെന്നും മലയാളത്തിലെ 'ന്യൂ വേവ്' സിനിമയുടെ തുടക്കക്കാരില്‍ ഒരാളെന്നുമൊക്കെ ഇക്കാലം പാടിപ്പുകഴ്ത്തുമ്പോഴും തീയേറ്ററുകളിലെത്തിയ കാലത്ത് വേണ്ട വിജയങ്ങള്‍ ലഭിക്കാതെ പോയി ആ സിനിമകള്‍ക്ക്. പ്രതിഭ കൊണ്ട് കാലത്തിനു മുന്‍പേ സഞ്ചരിച്ചതാവാം അതിനു കാരണം. ഇന്ന് പത്മരാജന്‍റെ 75-ാം ജന്മദിനം. അദ്ദേഹത്തിന്‍റെ കലാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍..
 

1945 മെയ് 23ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കല്‍ വീട്ടില്‍ ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കലാലയ ജീവിതം തിരുവനന്തപുരത്ത്. എം ജി കോളെജിലും യൂണിവേഴ്‍സിറ്റി കോളെജിലുമായി പഠനം. (ചിത്രത്തില്‍ പത്മരാജന്‍റെ തറവാട് വീട്)
ബാല്യകാലത്തു തന്നെ വായനയോടുള്ള കമ്പം തുടങ്ങി. ഗ്രാമത്തിലെ ലൈബ്രറികളിലെ നിത്യസന്ദര്‍ശകന്‍. കോളെജ് പഠനത്തിനായി തിരുവനന്തപുരത്തേക്ക് എത്തിയതോടെ വായന വളര്‍ന്നു. വായനയ്ക്കൊപ്പം എഴുത്തും ആരംഭിച്ചു. ആനുകാലികങ്ങളിലെ കഥകളിലൂടെയാണ് പി പത്മരാജന്‍ എന്ന പേര് സഹൃദയനായ മലയാളി ആദ്യം ശ്രദ്ധിക്കുന്നത്. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് 1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നതോടെ പ്രശസ്തിയിലേക്കുള്ള പടവുകള്‍ കയറിത്തുടങ്ങി. 22 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് അന്ന് പ്രായം.

മൂന്ന് വര്‍ഷത്തിനു ശേഷം ഭരതന്‍ സംവിധാനം ചെയ്ത 'പ്രയാണ'ത്തിന് തിരക്കഥ രചിച്ചുകൊണ്ട് സിനിമാപ്രവേശം. മരണം വരെ നീണ്ട ആഴമുള്ള സൗഹൃദത്തിന്‍റെ തുടക്കമായിരുന്നു ആ സിനിമ. രതിനിര്‍വേദവും ലോറിയുമൊക്കെ ഈ കൂട്ടുകെട്ടില്‍ പിന്നാലെ വന്നു.
1979ല്‍ പുറത്തുവന്ന 'പെരുവഴിയമ്പല'ത്തിലൂടെ സംവിധായകനായി തുടക്കം. അതേ പേരിലുള്ള സ്വന്തം നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി ഈ ചിത്രം. 1981ല്‍ രണ്ട് സിനിമകളുമായി അദ്ദേഹം വീണ്ടുമെത്തി. ഒരിടത്തൊരു ഫയല്‍വാനും കള്ളന്‍ പവിത്രനും. സംവിധായകനായി വെറും പന്ത്രണ്ട് വര്‍ഷങ്ങള്‍ മാത്രമേ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനായുള്ളൂ. 1991ല്‍ ഞാന്‍ ഗന്ധര്‍വ്വന്‍ പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു മരണം. പക്ഷേ പന്ത്രണ്ടു വര്‍ഷത്തിനിടെ മലയാളി സിനിമാപ്രേമിക്ക് എക്കാലവും ഓര്‍ത്തിരിക്കാനാവുന്ന വൈവിധ്യമാര്‍ന്ന സിനിമകള്‍ സമ്മാനിച്ചു അദ്ദേഹം.
ആദ്യചിത്രം പെരുവഴിയമ്പലം മുഖ്യധാരയിലുള്ള ചിത്രമായിരുന്നില്ല. എന്നാല്‍ കരിയറിന്‍റെ മുന്നോട്ടുപോക്കില്‍ അദ്ദേഹം 'ആര്‍ട്ട് ഹൗസ്' എന്ന വിളിക്കപ്പെടുന്ന ചലച്ചിത്രശാഖയില്‍ നില്‍ക്കാനാഗ്രഹിച്ചിരുന്നില്ലെന്ന് കാണാം. അതേസമയം ജനപ്രീതിക്കുവേണ്ടി എന്ത് കലര്‍പ്പും നടത്താനും ഒരുക്കമായിരുന്നില്ല. ഫലം ഇതിനു രണ്ടിനുമിടയില്‍ കലാമൂല്യത്തിന്‍റെയും ജനപ്രീതിയുടെയും കൗതുകകരമായ ഒരു നൂല്‍പ്പാലം നിര്‍മ്മിച്ചു പത്മരാജന്‍ അടക്കമുള്ള സംവിധായകര്‍. പ്രതിഭകള്‍ക്കു മാത്രം സാധിക്കുന്ന ഒന്നായിരുന്നു അത്. ഭരതനും കെ ജി ജോര്‍ജ്ജും മോഹനുമൊക്കെ അടങ്ങുന്നതായിരുന്നു ഈ ശാഖ. (ചിത്രം: തൂവാനത്തുമ്പികളുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാലിനും അശോകനുമൊപ്പം പത്മരാജന്‍-1987)
ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു സിനിമകള്‍ക്കായി പത്മരാജന്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍, അദ്ദേഹത്തിന്‍റെ കഥകള്‍ പോലെ. അതേസമയം ചില തീമുകള്‍ ആ സിനിമകളില്‍ ആവര്‍ത്തിക്കുന്നതും കാണാം. മരണവും ലൈംഗികതയും ഹിസയുമൊക്കെ ആ വ്യത്യസ്തമായ സിനിമകളില്‍ നിറഭേദങ്ങളോടെ പ്രത്യക്ഷപ്പെട്ടു. ഒരുതരം സാര്‍വ്വജനീയതയുമുണ്ടായിരുന്നു അവയ്ക്ക്. പല തലമുറകള്‍ക്ക് പ്രിയപ്പെട്ട ചലച്ചിത്രകാരമായി അദ്ദേഹം തുടരുന്നതിനു കാരണവും അതാവാം. (ചിത്രം: മൂന്നാം പക്കത്തിന്‍റെ ചിത്രീകരണത്തിനിടെ അശോകന്‍, റഹ്മാന്‍, രാമു, ഛായാഗ്രാഹകന്‍ വേണു എന്നിവര്‍ക്കൊപ്പം പത്മരാജന്‍- 1988)
പത്മരാജന്‍ പരിചയപ്പെടുത്തിയ പുതുമുഖങ്ങളില്‍ പലരും പിന്നീട് മലയാളസിനിമയുടെ മുഖങ്ങളായി. ജയറാമും അശോകനും റഹ്മാനുമൊക്കെ അക്കൂട്ടത്തിലെ പ്രധാനികള്‍. (ചിത്രം: ജയറാമിന്‍റെ ആദ്യ ചിത്രമായ അപരന്‍റെ ചിത്രീകരണത്തിനിടെ- 1988)
കാലത്തിനു മുന്‍പേ സഞ്ചരിച്ച സിനിമകളായിരുന്നു പത്മരാജന്‍ ചെയ്തവയില്‍ പലതും. ഇന്‍റര്‍നെറ്റ് യുഗത്തിന് മുന്‍പുള്ള കലാജീവിതത്തില്‍ ലോകത്തിന്‍റെ സ്പന്ദനം പരന്ന വായനയിലൂടെയാണ് അദ്ദേഹം തൊട്ടറിഞ്ഞത്. സ്വവര്‍ഗാനുരാഗം സാമൂഹിത തലത്തില്‍ ചര്‍ച്ചയാകുന്നതിനും എത്രയോ മുന്‍പേ ഒരു പത്മരാജന്‍ ചിത്രം ആ വിഷയത്തെ തൊട്ടുപോയിട്ടുണ്ട്.. 1986ല്‍ പുറത്തിറങ്ങിയ ദേശാടനക്കിളി കരയാറില്ല ആയിരുന്നു ആ ചിത്രം. നാര്‍കോ അനാലിസിസ് ഒക്കെ വാര്‍ത്തകളില്‍ നിറയും മുന്‍പേ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന ചിത്രത്തിലെ ഒരു സീക്വന്‍സില്‍ അതു പ്രത്യക്ഷപ്പെട്ടു. പത്മരാജന്‍റെ തിരക്കഥയില്‍ ജോഷിയായിരുന്നു സംവിധാനം. (ശാരിയും കാര്‍ത്തികയും ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തില്‍- 1986)
കരിയറില്‍ അദ്ദേഹം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച പ്രോജക്ട് ആയിരുന്നു 1991ല്‍ പുറത്തുവന്ന ഞാന്‍ ഗന്ധര്‍വ്വന്‍. വിഎഫ്എക്സിന്‍റെ സഹായമില്ലാതിരുന്ന കാലത്ത് ഗന്ധര്‍വ്വ സങ്കല്‍പ്പത്തെയൊക്കെ അദ്ദേഹം മണ്ണിലിറക്കി. പക്ഷേ ചിത്രം തീയേറ്ററില്‍ ശ്രദ്ധ നേടിയില്ല. അദ്ദേഹത്തിന് വലിയ നിരാശയുണ്ടാക്കിയ പരാജയമായിരുന്നു അത്. സിനിമ തീയേറ്ററുകളില്‍ തുടരുമ്പോള്‍ത്തന്നെയായിരുന്നു മരണം. കോഴിക്കോട്ടെ ഒരു ഹോട്ടല്‍ മുറിയില്‍ മലയാളത്തിന്‍റെ പ്രിയസംവിധായകന്‍ മരണപ്പെട്ട വാര്‍ത്ത കേരളത്തിന്‍റെ സാംസ്കാരിക ലോകം നടുക്കത്തോടെയാണ് അന്ന് കേട്ടത്.
നേരത്തെ പറഞ്ഞതുപോലെ വെറും പന്ത്രണ്ട് വര്‍ഷങ്ങള്‍ മാത്രമാണ് സംവിധായകനായി പത്മരാജന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. തിരക്കഥാകൃത്തായി ഉണ്ടായിരുന്ന കാലം കൂടി കൂട്ടിയാല്‍ 16 വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതം. പക്ഷേ മറ്റൊരാള്‍ക്ക് അനുകരിക്കാനാവാത്ത സിനിമകളാണ് അക്കാലത്തിനിടെ അദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ ആയിരിക്കും ആ സിനിമകള്‍.

Latest Videos

click me!