ഒടിടിയിലൂടെ ഇന്ത്യ കണ്ട് കൈയടിച്ച മലയാള സിനിമകള്‍; ഏഴ് ഒടിടി സൂപ്പര്‍ഹിറ്റുകള്‍

First Published | Jul 7, 2021, 5:54 PM IST

വിനോദ വ്യവസായ രംഗത്ത് കൊവിഡ് കാലത്ത് നേട്ടമുണ്ടാക്കിയ പ്രധാന മേഖല ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോമുകളുടേതാണ്. മുന്‍പേ കളംപിടിച്ചിരുന്ന നെറ്റ്ഫ്ളിക്സും പ്രൈമുമൊക്കെ വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന സ്വന്തമാക്കിയപ്പോള്‍ വലുതും ചെറുതുമായ നിരവധി പ്ലാറ്റ്ഫോമുകള്‍ ലോകമാകെ എത്തി. ഇന്ത്യന്‍ സിനിമയെ പരിഗണിച്ചാല്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ ഏറ്റവുമധികം ശ്രദ്ധ നേടിയെടുത്ത സിനിമാ വ്യവസായങ്ങളില്‍ ഒന്ന് മലയാളമാണ്. 

കൊവിഡ് ആദ്യതരംഗത്തിനു ശേഷമാണ് മലയാളത്തിലെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് സംഭവിക്കുന്നത്. അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്‍റെ 'സൂഫിയും സുജാതയും' ആയിരുന്നു ചിത്രം. എന്നാല്‍ അതിനുംമുന്‍പേ ഒടിടിയിലൂടെ ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ കണ്ട് കൈയടിച്ച ഒരു ചിത്രമുണ്ടായിരുന്നു. മധു സി നാരായണന്‍ സംവിധാനം ചെയ്‍ത്, ഫഹദും ഷെയ്‍ന്‍ നിഗവും സൗബിന്‍ ഷാഹിറുമൊക്കെ കഥാപാത്രങ്ങളായെത്തിയ 'കുമ്പളങ്ങി നൈറ്റ്സ്' ആയിരുന്നു ആ ചിത്രം.
1. കുമ്പളങ്ങി നൈറ്റ്സ്പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ വലിയ പബ്ലിസിറ്റി നല്‍കിക്കൊണ്ട് ആദ്യമായി റിലീസ് ചെയ്‍ത മലയാളചിത്രം 'ലൂസിഫര്‍' ആയിരുന്നു. അവരുടെ ഒരു മാസത്തെ ഫ്രീ ട്രയല്‍ പരസ്യത്തിന്‍റെ നോട്ടീസ് ബോര്‍ഡ് ആയും ഈ ചിത്രത്തെ ഉപയോഗപ്പെടുത്തിയിരുന്നു. തിയറ്ററില്‍ വന്‍ വിജയം നേടിയ ശേഷമുള്ള ഒടിടി റിലീസ് ആയിരുന്നു അത്. എന്നാല്‍ മലയാളികളല്ലാത്ത ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് ഒടിടിയിലൂടെ മലയാളസിനിമകള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതിന് തുടക്കമിട്ടത് കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു. ലൂസിഫറിനെപ്പോലെ വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ഇല്ലാതെയാണ് ആമസോണ്‍ 'കുമ്പളങ്ങി' ഇറക്കിയത്. പക്ഷേ ചിത്രം കണ്ട് ഞെട്ടിയ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ട്വിറ്ററില്‍ റിവ്യൂസുമായി എത്തിയതോടെ ചിത്രം വലിയ മൗത്ത് പബ്ലിസിറ്റിയിലേക്കും വലിയ പ്രേക്ഷക സ്വീകാര്യതയിലേക്കും എത്തി. 'ഷമ്മി'യിലൂടെ ഒടിടി ലോകത്തേക്ക് മലയാളസിനിമയുടെ പതാകാവാഹകനായി ഫഹദ് ഫാസിലിന്‍റെ കടന്നുവരവു കൂടിയായി ഈ ചിത്രം.

2. ദൃശ്യം 2കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മലയാളസിനിമയില്‍ നിന്നുണ്ടായ ഏറ്റവും വലിയ സര്‍പ്രൈസ് ആസ്വാദകര്‍ക്കിടയില്‍ കള്‍ട്ട് ഫോളോവിംഗ് ഉള്ള 'ദൃശ്യ'ത്തിന്‍റെ രണ്ടാംഭാഗം ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയതാണ്. ഒടിടിയില്‍ സമീപകാലത്ത് മലയാളസിനിമയ്ക്ക് ഉണ്ടായ ഡിമാന്‍ഡിനൊപ്പം അഞ്ച് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട 'ദൃശ്യ'ത്തിന്‍റെ സീക്വല്‍ എന്നതും ദൃശ്യം 2നായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. ചിത്രം 'ദൃശ്യ'ത്തിനൊപ്പം എത്തുമോ എന്നും ആദ്യഭാഗത്തിന്‍റെ പേര് കളയുമോ എന്നുമൊക്കെ ആരാധകര്‍ക്കിടയില്‍ സംശയങ്ങളുണ്ടായിരുന്നെങ്കിലും അതിനെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ടുള്ള മൗത്ത് പബ്ലിസിറ്റിയാണ് റിലീസ്ദിനം മുതല്‍ ചിത്രത്തിന് ലഭിച്ചത്. ഫലം ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ ഒടിടി ഹിറ്റുകളിലൊന്നായി ദൃശ്യം 2.
3. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍സമീപകാല മലയാളസിനിമയിലെ സര്‍പ്രൈസ് പാക്കേജ് ആയിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഉള്ളടക്കത്തിലെ വിമര്‍ശനസ്വഭാവം ചൂണ്ടിക്കാട്ടി വന്‍കിട പ്ലാറ്റ്ഫോമുകള്‍ നിരസിച്ച ചിത്രം പിന്നീട് റിലീസ് ചെയ്യപ്പെട്ടത് നീസ്ട്രീം എന്ന പുതിയ പ്രാദേശിക ഒടിടി വഴിയായിരുന്നു. പക്ഷേ ഒറ്റദിവസം കൊണ്ട് ചിത്രം വന്‍ പബ്ലിസിറ്റി നേടി. സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളോളം ഈ സിനിമ മാത്രമാണ് അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. 90 ദിവസത്തെ എക്സ്ക്ലൂസീവ് കണ്ടന്‍റ് ആയിരുന്നു നീസ്ട്രീമിന് ഈ ചിത്രം. ആ കാലാവധിക്കുശേഷം ആമസോണ്‍ പ്രൈം ഉള്‍പ്പെടെ നിരവധി പ്ലാറ്റ്ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടു. ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ചിത്രത്തിന്‍റെ നിരൂപണങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
4. സി യു സൂണ്‍കുമ്പളങ്ങി നൈറ്റ്സിനും ട്രാന്‍സിനും (തിയറ്റര്‍ റിലീസിനു ശേഷം ഒടിടി) ശേഷമുള്ള ഫഹദ് ഫാസില്‍ ചിത്രം എന്ന നിലയിക്കാണ് റിലീസിനു മുന്‍പ് സി യു സൂണ്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. കൊവിഡ് കാലത്ത് അതിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കകത്തുനിന്ന്, അതിന് യോജിക്കുന്ന തരത്തിലുള്ള ദൃശ്യഭാഷയുമായെത്തിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത ചിത്രം ഒടിടിയില്‍ ഫഹദിനുള്ള താരമൂല്യവും വിശ്വാസ്യതയും ഒന്നുകൂടി വര്‍ധിപ്പിച്ചു.
5. ജോജിവീണ്ടും ഫഹദില്‍ നിന്നും ഒരു ഡയറക്റ്റ് ഒടിടി റിലീസ്, അതും മഹേഷിന്‍റെ പ്രതികാരവും തൊണ്ടിമുതലും ഒരുക്കിയ ദിലീഷ് പോത്തനൊപ്പം. ശ്യാം പുഷ്‍കരന്‍റെ തിരക്കഥ. 'മാക്ബെത്തി'ന്‍റെ പ്രചോദനം.. റിലീസിനു മുന്‍പ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ ശ്രദ്ധിച്ചത് ഇത്രയുമൊക്കെയായിരുന്നു. ദിലീഷ് പോത്തന്‍- ഫഹദ്- ശ്യാം പുഷ്‍കരന്‍ കൂട്ടുകെട്ട് എന്നതായിരുന്നു ആ പ്രോജക്റ്റിന്‍റെ യുഎസ്‍പി. ആ പ്രതീക്ഷ തെറ്റിക്കാതിരുന്ന ചിത്രം അന്തര്‍ദേശീയ മാധ്യമങ്ങളിലടക്കം സമീപകാലത്ത് ഇടംനേടിയ മറ്റൊരു മലയാളചിത്രമായി.
6. കപ്പേളഅന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്‍തഫ ഒരുക്കിയ ചിത്രം കൊവിഡ് ആദ്യതരംഗത്താല്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുന്‍പ് തിയറ്റര്‍ വിടേണ്ടിവന്ന ചിത്രമാണ്. എന്നാല്‍ കൊവിഡ്‍കാലത്ത് നെറ്റ്ഫ്ളിക്സിലേക്ക് എത്തിയതോടെ വലിയ പ്രേക്ഷകസ്വീകാര്യത നേടി. മുന്‍പ് പല മലയാളചിത്രങ്ങളും സ്ട്രീം ചെയ്‍തിട്ടുണ്ടെങ്കിലും കപ്പേളയിലൂടെയാണ് നെറ്റ്ഫ്ളിക്സിന് ഒരു മലയാളം ഹിറ്റ് ലഭിച്ചത്. ഒടിടിയില്‍ ശ്രദ്ധ നേടിയതിനു പിന്നാലെ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശവും വിറ്റുപോയി.
7. നായാട്ട്കൊവിഡ് അനന്തരം തുറന്ന തിയറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട്. തിയറ്ററുകളിലും ശ്രദ്ധ നേടിയ ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യപ്പെട്ടതോടെ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും എത്തി. ഒടിടി സ്ലീപ്പര്‍ ഹിറ്റ് ആയിരുന്നു നായാട്ട്.
ഒടിടിയുടെ വര്‍ത്തമാനകാലംകൊവിഡ് കാലം മലയാള സിനിമയ്ക്ക് തുറന്നുകൊടുത്ത പുതുവഴിയാണ് ഒടിടി. ഏതെങ്കിലും തരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ക്കൊക്കെ സാറ്റലൈറ്റ് റൈറ്റിനൊപ്പം ഒരു അധിക വരുമാന മാര്‍ഗ്ഗമായി മാറുകയാണ് ഒടിടി. തിയറ്റര്‍ തുറക്കാതിരിക്കുന്ന സാഹചര്യത്തില്‍ പല നിര്‍മ്മാതാക്കളും ഡയറക്റ്റ് ഒടിടി റിലീസ് ആയും തങ്ങളുടെ ചിത്രങ്ങള്‍ എത്തിക്കാന്‍ നോക്കുന്നു. മലയാളത്തില്‍ നിന്ന് അടുത്ത് വരാനിരിക്കുന്ന ശ്രദ്ധേയ ഡയറക്റ്റ് ഒടിടി റിലീസ് മഹേഷ് നാരായണന്‍റെ ഫഹദ് ഫാസില്‍ ചിത്രം മാലിക് ആണ്. ഈ മാസം 15ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തിലേറെ മലയാള ചിത്രങ്ങളാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

Latest Videos

click me!