1. 'മഖ്ബൂലി'ലെ ടൈറ്റില്‍ കഥാപാത്രം-വിശാല്‍ ഭരദ്വാജിന്‍റെ സംവിധാനത്തില്‍ 2003ല്‍ പുറത്തെത്തിയ ക്രൈം ഡ്രാമ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം മിയാന്‍ മഖ്ബൂല്‍. വില്യം ഷേക്സ്പിയറിന്‍റെ നാടകം 'മാക്ബത്തി'ന്‍റെ ചലച്ചിത്രാവിഷ്‍കാരമായിരുന്നു ചിത്രം. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ലെങ്കിലും അന്തര്‍ദേശീയ തലത്തില്‍ നിരൂപകശ്രദ്ധ നേടി ചിത്രം. ഒപ്പം ഇര്‍ഫാന്‍റെ പ്രകടനവും.
2. 'ദി നെയിം സേകി'ലെ അശോകെ ഗാംഗുലി-ജുംപാ ലാഹിരിയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി മീരാ നായരുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തെത്തിയ ചിത്രം. പശ്ചിമ ബംഗാളില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ആദ്യ തലമുറയുടെ ആകുലതകള്‍ പറഞ്ഞ ചിത്രത്തില്‍ ഇര്‍ഫാന്‍റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
3. 'സ്ലംഡോഗ് മില്യണയറി'ലെ പൊലീസുകാരന്‍-ഡാനി ബോയിലിന്‍റെ സംവിധാനത്തില്‍ 2008ലെത്തിയ ബ്രിട്ടീഷ് ചിത്രം സ്ലംഡോഗ് മില്യണയറില്‍ ഒരു പൊലീസ് ഓഫീസറെയാണ് ഇര്‍ഫാന്‍ അവതരിപ്പിച്ചത്. അന്തര്‍ദേശീയ പ്രേക്ഷകസമൂഹം ഈ നടനെ ശ്രദ്ധിച്ച മറ്റൊരു ചിത്രം.
4. 'ലൈഫ് ഓഫ് പൈ'യിലെ ടൈറ്റില്‍ കഥാപാത്രം-ആംഗ് ലീയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ അഡ്വഞ്ചര്‍ ഡ്രാമ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തിന്‍റെ മുതിര്‍ന്ന ഭാഗം അവതരിപ്പിച്ചത് ഇര്‍ഫാന്‍ ആയിരുന്നു.
5. 'പാന്‍ സിംഗ് തോമറി'ലെ നായകന്‍-തിഗ്‍മാന്‍ഷു ധൂലിയയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ജീവചരിത്രസിനിമയിലെ നായക കഥാപാത്രം. സൈനികനും അത്ലറ്റുമായ കഥാപാത്രം വ്യവസ്ഥിതിക്ക് എതിരായി മാറുന്നതായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.
6. 'ദി ലഞ്ച് ബോക്സി'ലെ സാജന്‍ ഫെര്‍ണാണ്ടസ്-ഭാഷാതീതമായി ഇര്‍ഫാനിലെ നടനെ പല കോണുകളിലുമുള്ള പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ ചിത്രം. റിതേഷ് ബത്രയുടെ 2013 ചിത്രത്തില്‍ വിഭാര്യനായ സാജന്‍റെ ഒറ്റപ്പെടലും അപ്രതീക്ഷിതമായി പ്രണയം തേടിയെത്തുമ്പോഴുള്ള അയാളുടെ സ്വത്വത്തിലുണ്ടാവുന്ന അയവുമെല്ലാം സൂക്ഷ്‍മമായി അവതരിപ്പിച്ചു ഇര്‍ഫാന്‍.
7. ജുറാസിക് വേള്‍ഡിലെ സൈമണ്‍ മസ്രാണി-ലോകമാകമാനം വിപണന സാധ്യതയുള്ള ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷനുകളില്‍ ഇന്ത്യയില്‍ നിന്നുള്ള അഭിനേതാക്കളില്‍ പലപ്പോഴും ശ്രദ്ധ നേടുന്നത് ഇര്‍ഫാന്‍ ആയിരുന്നു എന്നതിന്‍റെ മറ്റൊരു ഉദാഹരണം.
8. പികുവിലെ റാണ ചൌധരി-ഷൂജിത് സര്‍ക്കാരിന്‍റെ സംവിധാനത്തില്‍ 2015ലെത്തിയ കോമഡി ഡ്രാമ ചിത്രത്തിലെ രസകരമായ കഥാപാത്രം.
9. ഇന്‍ഫേര്‍ണോയില്‍ ടോം ഹാങ്ക്സിനൊപ്പം-റോണ്‍ ഹൊവാര്‍ഡിന്‍റെ സംവിധാനത്തില്‍ 2016ലെത്തിയ ഹോളിവുഡ് മിസ്റ്ററി ത്രില്ലര്‍ ചിത്രത്തില്‍ ഹാരി എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഇര്‍ഫാന്‍ അവതരിപ്പിച്ചത്.
10. ഹിന്ദി മീഡിയത്തിലെ രാജ് ബത്ര-സാകേത് ചൌധരിയുടെ സംവിധാനത്തില്‍ 2017ല്‍ എത്തിയ കോമഡി ഡ്രാമ ചിത്രത്തില്‍ മകളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെക്കുറിച്ച് ആകുലനായ പിതാവിനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2015ല്‍ പുറത്തെത്തിയ മലയാളചിത്രം സോള്‍ട്ട് മാംഗോ ട്രീയുടെ റീമേക്ക് ആയിരുന്നു ഇത്.