തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ഹജ്ജിന്റെ കര്‍മ്മങ്ങളില്‍ ഇത്തവണ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ചരിത്രം പരിശോധിച്ചാല്‍ പല തവണ ലോകത്തിന്റെ നാനാദിക്കില്‍ നിന്നുള്ള പങ്കാളിത്തമില്ലാതെ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി ഹജ്ജ് നടത്തിയിട്ടുണ്ട്.
കോളറ, പ്ലേഗ് എന്നീ വ്യാധികളുംപലതരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളും മൂലം വിവധ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ക്ക് എത്താനാകാതെ വന്ന സാഹചര്യത്തില്‍ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി ഹജ്ജ് നടത്തിയിട്ടുണ്ട്.
എന്നാല്‍ കൊവിഡ് മഹാമാരിയുടെ കാലത്തോളം വെല്ലുവിളി സൃഷ്ടിച്ച മറ്റൊരു കാലവും ഹജ്ജ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ ആളുകളെ തെരഞ്ഞെടുക്കുകയാണ് ഇത്തവണ ചെയ്തത്.
ഹജ്ജിനായുള്ള തെരഞ്ഞെടുപ്പിലെ ഒരേയൊരു മാനദണ്ഡം അപേക്ഷകരുടെ ആരോഗ്യസ്ഥിതി മാത്രമായിരുന്നു.
ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മുഴുവന്‍ ചെലവുകളും ഇത്തവണ വഹിക്കുന്നത് സൗദി ഭരണകൂടമാണ്.
സൗദിയിലെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആളുകളില്‍ നിന്നും ഹജ്ജിനായി അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.
അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിച്ചിരുന്നു.
ലഭിച്ച അപേക്ഷകളില്‍ നിന്ന് ആരോഗ്യ മാനദണ്ഡം മാത്രം പരിഗണിച്ച് ആളുകളെ തെരഞ്ഞെടുത്തു.
ലോകത്തെ മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധയും പുലര്‍ത്തിയിരുന്നു.
70 ശതമാനവും വിദേശരാജ്യങ്ങള്‍ക്കായി മാറ്റി വെച്ചുകൊണ്ടായിരുന്നു ഇത്തവണ ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തത്. ഇതിനായി അതത് നയതന്ത്ര കാര്യാലയങ്ങളുടെ കൂടെ സഹകരണം ഉറപ്പാക്കി.
160 രാജ്യങ്ങളുടെയും പ്രാതിനിധ്യം ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ഉറപ്പാക്കി.
മുപ്പതോളം ഇന്ത്യക്കാരെയാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇക്കുറി തെരഞ്ഞെടുത്തത്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടു.
കൊവിഡ് കാലത്തെ സേവനങ്ങള്‍ക്ക് ആദരവായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക മുന്‍ഗണനയും ഹജ്ജിനായുള്ള തെരഞ്ഞെടുപ്പില്‍ നല്‍കിയിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടകരെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മക്കയിലെത്തിച്ചു. നിര്‍ബന്ധിത ക്വാറന്റീനിലാക്കി.
കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടുള്ള മികച്ച താമസസൗകര്യം ഹാജിമാര്‍ക്കായി ക്രമീകരിച്ചിരുന്നു.
അഞ്ച് ചെറു ഗ്രൂപ്പുകളായി തിരിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തീര്‍ത്ഥാടകരെഅനുവദിച്ചത്.
ഡോക്ടര്‍മാരുള്‍പ്പെടുന്ന വലിയ സംഘം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന്റെ ഓരോ ഘട്ടത്തിലും സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധമായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പുണ്യസ്ഥലങ്ങളിലെഎല്ലായിടത്തും കൃത്യമായ ഇടവേളകളില്‍ ശുചീകരണ, അണുവിമുക്ത പ്രക്രിയകള്‍ നടത്തുന്നത് തുടര്‍ന്നു.
തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് കടന്നുപോകുന്ന റോഡുകളിലെല്ലാം സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും കനത്ത ജാഗ്രതയോടെനിലകൊണ്ടു.
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘങ്ങളും തീര്‍ത്ഥാടകരെ അനുഗമിച്ചിരുന്നു.
കൊവിഡ് പ്രതിസന്ധിയില്‍ അടച്ചിട്ട പുണ്യനഗരി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സജീവമായത്.