ആരവമില്ലെങ്കിലും ആവേശമുയര്‍ത്താന്‍ കായിക മാമാങ്കത്തിന് തുടക്കം; ചിത്രങ്ങള്‍ കാണാം

First Published | Jul 24, 2021, 12:12 PM IST

ഹാമാരിയുടെ പിടിയില്‍ നിന്നും ഇനിയും മോചനം ലഭിച്ചിട്ടില്ലെങ്കിലും കായിക മാമാങ്കത്തിന് ജപ്പാനില്‍ തുടക്കം കുറിച്ചു. ജപ്പാന്‍ ചക്രവര്‍ത്തി നരുഹിത്തോ ഒളിംപിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. തൊട്ട് പുറകെ ജപ്പാന്‍റെ ബേസ്ബോള്‍ ഇതിഹാസങ്ങളായ ഹിഡേക്കി മാറ്റ്സുയിയും സദാഹരു ഓയും ഷീഗോ നഗാഷിമയും ചേര്‍ന്ന് സ്റ്റേഡിയത്തിനുള്ളിലെത്തിച്ച ഒളിംപിക് ദീപം പാരാലിംപിക് താരം വക്കാക്കോ സുചിഡക്ക് കൈമാറി. അദ്ദേഹത്തില്‍ നിന്നും ജപ്പാനീസ് ടെന്നീസ് താരം നവോമി ഒസാക്ക ഒളിംപിക് ദീപം തെളിയിച്ചു. ആഗസ്റ്റ് 8 വരെ കായിക ലോകത്തിന്‍റെ കണ്ണുകള്‍ ഇനി ജപ്പാനിലായിരിക്കും. കാണാം കായിക മാമാങ്കത്തിന്‍റെ ചിത്രങ്ങള്‍ (ഗെറ്റിയില്‍ നിന്ന്).

ജപ്പാന്‍ ചക്രവര്‍ത്തി നരുഹിത്തോ ടോക്യോ ഒളിംപിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നു. 

കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംമ്പിക്സ് കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. ഇത്തവണയും രോഗവ്യാപനമുണ്ടെങ്കിലും ഇനിയും ഒളിംപിക്സ് മാറ്റിവെക്കേണ്ടതില്ലെന്ന ജപ്പാന്‍റെ തീരുമാനത്തെ തുടര്‍ന്നാണ് കായിക മാമാങ്കത്തിന് ഇന്നലെ തുടക്കമായത്. 


സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ നിന്ന് ആകാശത്ത് വർണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോ​ഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കും വിടപറഞ്ഞ ഒളിംപ്യൻമാർക്കും ആദരമർപ്പിച്ച് മൗനമാചരിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. 

കായിക മാമാങ്കത്തിന് തുടക്കം കുറിച്ച് നടത്തിയ മൗനാചരണത്തിനിടെ സ്റ്റേഡിയത്തിന് പുറത്തെ ഒളിംപിക്സ് വിരുദ്ധ പ്രക്ഷോഭകരുടെ ശബ്ദം സ്റ്റേഡിയത്തിനകത്തെത്തി.

കൊവിഡ് വ്യാപനത്തിനിടെയും കായിക മാമാങ്കം നടത്തുന്നതിനെതിരെയായിരുന്നു സ്റ്റേഡിയത്തിന് പുറത്തെ പ്രതിഷേധം. 

ജപ്പാൻ ചക്രവർത്തി നരുഹിത്തോയും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്കും ചടങ്ങിൽ പങ്കെടുത്തു. പിന്നാലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു. ഒളിംപിക്സിന്‍റെ ജൻമനാടായ ​ഗ്രീസ് ആണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്.

രണ്ടാമതായി അഭയാർത്ഥികളുടെ ടീം മാർച്ച് പാസ്റ്റ് ചെയ്തു. 

ജപ്പാനീസ് അക്ഷരമാല ക്രമത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ‌ 21-മതായാണ് ഇന്ത്യ എത്തിയത്. ബോക്സിം​ഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിം​ഗുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്.

20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രിതനിധീകരിച്ച് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. 

ജപ്പാന്‍റെ തനത് കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു, 

ജപ്പാന്‍ ടെന്നീസ് താരം നവാമി ഒസാക്ക 2020 ടോക്യോ ഒളിംപിക്സിന് ദീപശിഖ തെളിയിക്കുന്നു. 

‘മുന്നോട്ട്’എന്ന തീം ആധാരമാക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ അണിയിച്ചൊരുക്കിയത്. മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും അവസാനമായി ആതിഥേയരായ ജപ്പാനീസ് സംഘമെത്തി. 

ഇനിയുളള ദിവസങ്ങളിൽ കാഴ്ചയുടെ ആവേശപ്പൂരമൊരുക്കി 33 കായിക ഇനങ്ങളിലായി കൂടുതൽ വേ​ഗത്തിൽ, ഉയരത്തിൽ, കരുത്തോടെ 205 രാജ്യങ്ങളിൽ നിന്നുള്ള 11,200 കായിക താരങ്ങൾ തങ്ങളുടെ മികവിന്‍റെ മാറ്റുരക്കും. 

41 വേദികളിൽ 33 കായിക ഇനങ്ങളിലായി 339 മെഡൽ വിഭാഗങ്ങളിലാണ് ടോക്കിയോയിൽ താരങ്ങൾ മത്സരിക്കുക. ഇന്ത്യയ്ക്ക് വേണ്ടി 18 കായിക ഇനങ്ങളിലായി 126 താരങ്ങൾ കളത്തിലിറങ്ങും. ഇതിൽ ഒൻപത് മലയാളികളുമുണ്ട്.

മഹാമാരിക്കാലത്ത് വേ​ഗത്തിനും ഇയരത്തിനും കരുത്തിനുമൊപ്പം ഒരുമിച്ച് എന്നൊരു വാക്കുകൂടി അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷൻ കൂട്ടിച്ചേർത്തിട്ടുണ്ട്.

ആവേശത്തിന്‍റെ പരകോടിയിലേക്ക് ഉയരാന്‍ ഇരുന്നറിലധികം രാജ്യങ്ങളാണ് മത്സരിക്കുന്നത്.ഓഗസ്റ്റ് എട്ടിനാണ് ഒളിംപിക്സിന്‍റെ സമാപനം.

ഇതിഹാസപദവിയിലേക്ക് ഉയരുമെന്ന പ്രതീക്ഷയിൽ ടോക്കിയോയിലെത്തിയ നൂറുകണക്കിന് കായിക താരങ്ങളാണ് മത്സരത്തില്‍ മാള്‍.

ലോകത്തിന്‍റെ കണ്ണുകള്‍ ഈ താരങ്ങളെ പൊതിഞ്ഞുനിൽക്കുമ്പോള്‍, ഒളിംപിക്സോളത്തില്‍ അലിയാന്‍, സമ്മോഹനമായ ആ മുഹൃര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകാന്‍ കണ്ണിമ പൂട്ടാതെ നമുക്കും കാവലിരിക്കാം.

ഉദ്ഘാടന ചടങ്ങിൽ ജാപ്പനീസ് പിയാനിസ്റ്റ് ഹിരോമിയുടെ സംഗീതാലാപനവും ഉണ്ടായിരുന്നു. 

ടോക്യോ ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്.

ടോക്യോ ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്.

ടോക്യോ ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്.

ടോക്യോ ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്. 

ടോക്യോ ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!