ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് സറ്റോപ്പിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സംഭവത്തിൽ പ്രതിഷേധവുമായി തിരുവനന്തപുരം ഗവൺമെന്‍റ് എൻജിനീയറിങ് കോളേജിലെ (സിഇടി) വിദ്യാർത്ഥികൾ തന്നെ രംഗത്തെത്തിയിരുന്നു.
അടുത്തിരിക്കാൻ വിലക്കുമായെത്തിയവർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ഒരാൾ മറ്റൊരാളുടെ മടിയിലിരുന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തരംഗമായപ്പോള്‍ മേയര്‍ തന്നെ നേരിട്ടെത്തി പുതിയൊരു ജന്‍റര്‍ ന്യൂട്രല്‍ ബസ് സ്റ്റോപ്പ് പണിയുമെന്ന് പ്രഖ്യാപിച്ചു.
അടുത്തിരിക്കരുതെന്ന് പറഞ്ഞവരോട് മടിയിൽ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാർത്ഥികൾ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിന്‍റെ ചിത്രം മുൻ എംഎൽഎ കെ എസ് ശബരീനാഥനടക്കമുള്ളവരും പങ്കുവച്ചു. സിഇടി പൂർവ്വവിദ്യാർത്ഥിയാണ് ശബരീനാഥൻ.
ബസ് സ്റ്റോപ്പിലെ ഇരിപ്പിട വിഷയത്തില്‍ വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും. തിരുവനന്തപുരം സിഇടി വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കാര്യമെന്തായാലും കേശവന്‍ മാമന്മാരുടെ ചങ്ക് കലങ്ങിയെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. ഇനി കൂട്ടത്തിലുള്ള ഇരുത്തം ഒഴിവാക്കാനായി ഒറ്റ ടയറുള്ള സൈക്കിള്‍ മുതലുള്ള കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതതയും ട്രോളന്മാര്‍ തള്ളിക്കളയുന്നില്ല.
അതോടൊപ്പം ഡിവൈഎഫ്ഐയുടെ ഇരട്ടമുഖം തുറന്ന് കാണിക്കാനും ട്രോളന്മാര്‍ മടിച്ചില്ല. ഇടവഴിയില്‍ മോശം സാഹചര്യത്തില്‍ കാണുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഇടവഴി ഒഴിവാക്കി മെയിന്‍ റോഡിലൂടെ പോകണമെന്നും ഇല്ലെങ്കില്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുമെന്ന ഡിവൈഎഫ്ഐ , എസ്എഫ്ഐ പ്രസ്ഥാനങ്ങളുടെ പേരിലിറക്കിയ ഫ്ലക്സ് ബോര്‍ഡുകള്‍ ട്രോളന്മാര്‍ വ്യാപകമായി ഉപയോഗിച്ചു.
കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടത്. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നും കമ്മീഷന്‍ ശുപാർശ ചെയ്തു.
ഒരു കൂട്ടം കേശവന്‍ മാമന്മാര്‍ പ്രായപൂര്‍ത്തിയായ ആണ്‍-പെണ്‍ കുട്ടികള്‍ അടുത്തിരിക്കരുതെന്ന് വാശി പിടിച്ച് ബസുകാത്തിരിപ്പ് കേന്ദ്രങ്ങളിലെ ഇരിപ്പിടങ്ങള്‍ പോലും രാത്രിയുടെ മറവില്‍ മുറിച്ച് മാറ്റുമ്പോഴാണ് ഇനി ബോയ്സ് ഗോള്‍സ് സ്കൂളുകള്‍ വേണ്ടെന്ന നിര്‍ദ്ദേശം ഉയര്‍ന്നത് തികച്ചും യാദൃശ്ചികം മാത്രം.
നേരത്തെ കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് ജെന്‍റര്‍ ന്യൂട്രല്‍ വസ്ത്രം എന്ന ആശയം നടപ്പാക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി മിക്സഡ് സ്കൂള്‍ എന്ന ആശയത്തെ കാണാം. എന്നാല്‍ സദാചാരവാദികള്‍ അത് എങ്ങനെ സഹിക്കുമെന്നാണ് ട്രോളന്മാരുടെ ആശങ്ക.
കാര്യമെന്തായാലും ജെന്‍റര്‍ വിഷയത്തില്‍ സര്‍ക്കാരും സദാചാര ന്യൂനപക്ഷവും രണ്ട് തട്ടിലാണ്. സംഘര്‍ഷം എപ്പോഴും പ്രതീക്ഷിക്കാമെന്നാണ് ട്രോളന്മാരുടെ നിരീക്ഷണം.
തുല്യതയിലേക്കുള്ള നിർണ്ണായക ചുവടുവയ്പ്പായ ഉത്തരവാണ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിപ്പിച്ചത്. വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നിലവിൽ 280 ഗേൾസ് സ്കൂളുകളും 164 ബോയസ് സ്കൂളുകളുമാണുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പതിനൊന്ന് സ്കൂളുകൾ മിക്സഡാക്കിയിരുന്നു. പിടിഎ ആവശ്യപ്പെട്ടാൽ സ്കൂളുകൾ മിക്സഡ് ആക്കി മാറ്റാം എന്നാണ് സർക്കാർ നിലപാട്.