കറുത്ത മാസ്കും വസ്ത്രവുമണിയാന്‍ അധികാരം തന്ന മുഖ്യന് ജയ് വിളിച്ച് ട്രോളന്മാര്‍

First Published | Jun 14, 2022, 2:33 PM IST

യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രീയ കേരളം വീണ്ടും സംഘര്‍ഷഭരിതമായി. മുഖ്യമന്ത്രിയുടെ പരിപാടികളിലും യാത്രാവഴിയിലും പ്രതിഷേധം ശക്തമായപ്പോള്‍ കറുത്ത മാസ്കിനും കറുത്ത വസ്ത്രങ്ങള്‍ക്കും പൊലീസ് വിലക്ക് കല്‍പ്പിച്ചു. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അത്തരമൊരു വിലക്കില്ലെന്ന് പറയേണ്ടിവന്നു. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ പ്രതിഷേധിക്കാനെത്തിയവരെ ഇ പി ജയരാജന്‍ ഒരു പ്രത്യേക ആക്ഷനിലൂടെ തള്ളി മാറ്റുന്നതും കേരളം കണ്ടു. രംഗം കൊഴുപ്പിക്കാന്‍ ട്രോളന്മാരും രംഗത്തുണ്ട്. 

കോട്ടയത്തും എറണാകുളത്തും കോഴിക്കോടും കണ്ണൂരും പ്രതിഷേധങ്ങള്‍ക്ക് നടവിലായിരുന്നു മുഖ്യമന്ത്രി. ഒരു ഘട്ടത്തില്‍ സ്വന്തം വീട്ടില്‍ പോലും അദ്ദേഹം സുരക്ഷിതനല്ലെന്നായിരുന്നു പൊലീസിന്‍റെ റിപ്പോര്‍ട്ട്. 

ഇതേ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പിണറായിലെ സ്വന്തം വീട്ടില്‍ നിന്നും മാറി, അദ്ദേഹത്തിന് ഒരു രാത്രി ഗസ്റ്റ് ഹൗസില്‍ തങ്ങേണ്ടി വന്നു. 


കോട്ടയത്ത് വച്ച് പ്രതിഷേധങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പൊലീസ് വഴിയാത്രക്കാരെയും മറ്റും ബുദ്ധിമുട്ടിച്ച് തുടങ്ങിയതായ പരാതികള്‍ ഉയര്‍ന്നിരുന്നു. 

കറുത്ത മാസ്കിനും കറുത്ത തുണിക്കും അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ പൊലീസ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയില്‍ നിന്ന് പോലും ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് വരെയെത്തി കാര്യങ്ങള്‍. 

ഇത് തന്നെയായിരുന്നു മറ്റ് ജില്ലകളിലും സംഭവിച്ചത്. കറുത്ത മാസ്കും കറുത്ത വസ്ത്രങ്ങളും പ്രതിഷേധത്തിന്‍റെ സൂചനയാണെന്നും അത്തരം ചിഹ്നങ്ങളൊന്നും പാടില്ലെന്നുമുള്ള അപ്രഖ്യാപിത നിയമവാഴ്ചയിലേക്ക് കാര്യങ്ങള്‍ നീങ്ങി. 

ഒടുവില്‍ മുഖ്യമന്ത്രിക്ക് തന്നെ അങ്ങനെയൊരു അപ്രഖ്യാപിത വിലക്ക് ഇല്ലെന്ന് പറയേണ്ടിവന്നു. കറുത്ത മാസ്കിന്‍റെ വിലക്ക് നീക്കിയ മഹാനായ മുഖ്യമന്ത്രിയെയും ട്രോളന്മാര്‍ പുകഴ്ത്തി. 

ഇതിനിടെ ആകാശയാത്രയിലും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായി. കണ്ണൂരില്‍ നിന്നും പ്രതിഷേധങ്ങളേറ്റുവാങ്ങിയ മുഖ്യമന്ത്രി ഇന്‍റിഗോ വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്ക് തിരിച്ചത്. 

വിമാനത്തില്‍ കയറിപ്പറ്റിയ ഫർസീൻ മജീദ്,  ആർ കെ നവീൻ എന്നീ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തി. 

മുഖ്യമന്ത്രിയുടെ സീറ്റിനടുത്തെത്തിയ പ്രതിഷേധക്കാരെ എല്‍ഡിഎഫ് കണ്‍വീനറായ ഇ പി ജയരാജന്‍ ഒരു പ്രത്യേക ആക്ഷനിലൂടെ തള്ളി താഴെയിട്ടു.

പ്രതിഷേധിക്കാനെത്തിയവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും അവര്‍ക്ക് മദ്യപിച്ച് ലക്കുകെട്ട രീതിയിൽ ബോധമില്ലായിരുന്നെന്ന് ഇ പി ജയരാന്‍ ആരോപിച്ചു. 

മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രതിഷേധത്തിനെത്തിയവര്‍ മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ഡോക്ടറോ, മെഡിക്കൽ കോളേജിൽ നടത്തിയ വിശദപരിശോധനയിലോ പ്രതികൾ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. 

എന്നാല്‍, പ്രതിഷേധത്തിനെത്തിയവര്‍ക്കെതിരെ രാഷ്ട്രീയവൈരാഗ്യത്താൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് വലിയതുറ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചയാള്‍ക്ക് നേരെ പരസ്യഭീഷണിയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. 

പ്രതിഷേധക്കാരില്‍ ഒരാളായ ഫർസീൻ മജീദ് മട്ടന്നൂർ യുപി സ്കൂളിലെ അധ്യാപകനാണ്. അദ്ദേഹം ഇനി സ്കൂളിലെത്തിയാൽ അടിച്ച് കാല് പൊട്ടിക്കുമെന്ന് ഇതിനിടെ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ ഭീഷണിപ്പെടുത്തി.  

മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുന്നവരെ തെരുവിൽ നേരിടുമെന്നും പ്രതിരോധിക്കാൻ ഞങ്ങള്‍ ഉണ്ടാകുമെന്നും ഷാജർ പറഞ്ഞു. ഇതോടെ ആഭ്യന്തര വകുപ്പ് ഡിവൈഎഫ്എഐ ഏറ്റെടുത്താതായി ട്രോളന്മാരും. 

എന്നാല്‍, ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരുപോലെയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പ്രവര്‍ത്തകരെ സംരക്ഷിക്കും. ഭയന്നോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മാത്രം 700 പൊലീസുകാരുടെ സുരക്ഷാ വലയത്തിലായിരുന്നു മുഖ്യമന്ത്രി.

ഇതിനിടെ ഡോക്ടർക്ക് നൽകിയ മൊഴിയിൽ നിന്ന് ഇ. പി. ജയരാജന്‍റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമ്മർദ്ദം ചെലുത്തിയെന്ന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. 

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് പരാതി നൽകുമെന്നും അറിയിച്ചു. 

കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിണറായി വിജയനെ കാണാനില്ലെന്ന് കാണിച്ച് പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിഷേധ പ്രകടനമായി എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനെ ബാരികേഡില്‍ തന്നെ 'ലുക്ക ഔട്ട് നോട്ടീസ് പതിപ്പിച്ചു.'

കറുത്ത തുണിക്കും കുറത്ത വസ്ത്രത്തിനും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും എന്തിന് അദ്ദേഹം പോകുന്ന വഴികളില്‍ പോലും പൊലീസ് വിലക്കിയിരുന്നു. ഇതോടെ കറുത്ത നിറത്തിലുള്ള എന്തും ട്രോളിന് വളമായി മാറി. 

പ്രതിപക്ഷത്തിരിക്കുമ്പോള്‍ നിയമസഭായ്ക്കുള്ളില്‍ സംഘര്‍ഷം സൃഷ്ടിച്ച കേസിലെ പ്രതികളായ പലരും ഇന്ന് മന്ത്രിമാരും മുന്‍മന്ത്രിമാരുമാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുമ്പോള്‍, സര്‍ക്കാര്‍ മാസ്കും സാനിറ്റേഷനും കര്‍ശനമാക്കുകയാണ്. അതിനിടെ പ്രതിഷേധത്തിന്‍റെ പേരും പറഞ്ഞ് ചില ജില്ലകളിലെ പൊലീസ് അധികാരികള്‍ കറുത്ത മാസ്ക്കിനും കറുത്ത വസ്ത്രത്തിനും വിലക്കേര്‍പ്പെടുത്തിയത്. ഇത് അറിഞ്ഞ അപ്പോള്‍ തന്നെ വിലക്ക് നീക്കാന്‍ ഉത്തരവിട്ടെന്ന് ട്രോളന്മാരും. 

പക്ഷേ, അപ്പോഴും ജനങ്ങളിലെ ഭയം പോയിട്ടില്ല. വെറും ഒരു നിറത്തിന്‍റെ പേരില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ആര്‍ക്കാണ് താത്പര്യം. 

ചിലരങ്ങനെയെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. എവിടെ പോയാലും എന്തെങ്കിലും കാണും.കരയിലാണെങ്കില്‍ കേരളാ പൊലീസ്,  എയറിലാണെങ്കില്‍ സാക്ഷാല്‍ ഇ പി ജയരാജന്‍. എവിടെ പോയാലും കോണ്‍ഗ്രസിന് കഷ്ടകാലമെന്ന് ട്രോളന്മാരും. 

ഊരിപ്പിടിച്ച വാളുകള്‍ക്ക് നടുവിലൂടെ നടന്ന് നീങ്ങുകയെന്ന കാല്പനിക വീര്യത്തിന് ഇന്ന് അല്‍പ്പം ഇടിവ് വന്നിട്ടുണ്ട്. പകരും ചുറ്റും നിര്‍ത്തിയ കാക്കിക്ക് പിന്നില്‍ നിന്നാണ് ഇപ്പോള്‍ മുഖ്യന്‍റെ കസര്‍ത്തുകളെന്ന് ട്രോളന്മാര്‍. 

കറുത്ത എന്ത് വസ്തുക്കളെ കണ്ടാലും അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. അത്തരമൊരു കാലത്ത് കോട്ടയത്തെ കാക്കകള്‍ക്ക് പോലും രക്ഷയുണ്ടാകില്ല. 

അത് പിന്നെ സ്വന്തം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ഇങ്ങനെ ഇറങ്ങിയാല്‍ കൈ കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് യുവജനവിഭാഗത്തിന്‍റ ലൈന്‍. ഇന്നലെ രാത്രിയില്‍ തന്നെ തിരുവനന്തപുരം നഗരത്തില്‍ പകരം ചോദിച്ചാണ് ഡിവൈഎഫ്ഐ വര്‍ഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന വീര്യം പുറത്തെടുത്തത്. 

കാര്യമെന്തായാലും ആ പ്രത്യേക ആക്ഷന്‍... അതും വെറും തള്ള് അല്ല. റിയല്‍ ആക്ഷന്‍. അതിനെ സമ്മതിച്ച് കൊടുക്കണമെന്നാണ് ട്രോളന്മാരുടെ ഒരിദ്. 

ചിലപ്പോഴങ്ങനാണ്. പണ്ട് ഊരിപ്പിടിച്ച വാളിന് നടുവിലൂടെ നടന്നെന്ന് കരുതി എല്ലാവര്‍ക്കും എപ്പോഴും അതൊക്കെ ചെയ്യാന്‍ പറ്റുമോയെന്നാണ് ട്രോളന്മാരുടെ ചോദ്യം. വയസും പ്രായമൊക്കെ ഏറി വരുമ്പോള്‍ പ്രത്യേകിച്ചും. 

‍അത് പിന്നെ പറയേണ്ടതില്ലെന്നാണ് ട്രോളന്മാരും പറയുന്നത്. അദ്ദേഹത്തിനെതിരെ എത് പാതിരാത്രിക്കെന്നില്ലാതെ എന്ത് ആരോപണം ഉയര്‍ന്നാലും പ്രതിരോധിക്കാന്‍ ഒരു മതിലുപോലെയുണ്ടാകുമെന്ന് ട്രോളന്മാര്‍.

Latest Videos

click me!