കെഎസ്ആര്‍ടിസി ബസ്സില്‍ ക്ലാസ്, മെട്രോയില്‍ വിവാഹ ഷൂട്ടിങ്ങ്, കെ റെയില്‍ ബാര്‍ ആക്കാമോയെന്ന് ട്രോളന്മാര്‍

First Published | May 18, 2022, 4:41 PM IST


ര്‍ക്കാര്‍ ഏതൊരു പുതിയ പദ്ധതി വരുന്നതിനും മുന്നെ, പദ്ധതി വിജയിക്കുമോയെന്ന സാദ്ധ്യതാ പഠനം നടത്തും. കാരണം, പദ്ധതി പ്രാവര്‍ത്തികമായതിന് ശേഷം പിന്നീട് നഷ്ടത്തിലായാല്‍ അത് സര്‍ക്കാറിന് ക്ഷീണമാണെന്നത് കൊണ്ട് തന്നെ. അങ്ങനെ ഒരു വിജയ പദ്ധതിയായി അവതരിപ്പിച്ചായിരുന്നു മെട്രോ റയില്‍ കേരളത്തിലെത്തിയത്. എന്നാല്‍, കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പ്രതിദിനം ഒരുകോടി രൂപയാണ് കൊച്ചി മെട്രോയുടെ നഷ്ടമെന്ന് സര്‍ക്കാറിന്‍റെ കണക്കുകള്‍ തന്നെ തെളിവ് തരുന്നു. ഇതിനിടെയാണ് മറ്റൊരു വിജയകരമായ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്, കെ റെയില്‍. കെ എസ് ആര്‍ ടിസിയുടെ നഷ്ടക്കണക്ക് കൂടി വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. വരുമാനം കണ്ടെത്താനായി കെഎസ്ആര്‍ടിസി ബസില്‍ ക്ലാസ് റൂം ആരംഭിക്കാനും മെട്രോ റെയില്‍ വിവാഹ ഷൂട്ടിങ്ങിന് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അപ്പോഴാണ്, വരാനിരിക്കുന്ന കെ റെയില്‍ ബാറാക്കാമോയെന്ന് ചോദിച്ച് ട്രോളന്മാര്‍ രംഗത്തെത്തിയത്. കാണാം സര്‍ക്കാറിന്‍റെ നൂതന പദ്ധതികളും പിന്നെ ട്രോളുകളും.  

കടം കേറി മുങ്ങാറായ നിലയിലാണ് കെഎസ്ആര്‍ടിസി എന്ന പൊതു ഗതാഗതസംവിധാനമെന്ന് സര്‍ക്കാര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ വര്‍ഷവും കൂടുതല്‍ പണം വകയിരുത്തി നഷ്ടം നികത്താനുള്ള ശ്രമം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുമുണ്ട്. 

പക്ഷേ, കെഎസ്ആര്‍ടിസിയുടെ വളര്‍ച്ച താഴേക്കാണെന്ന് ലാഭ, നഷ്ട കണക്കുകള്‍ കാണിക്കുന്നു. ഇനിയും പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാറിന്‍റെ ഭാഷ്യം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ഈ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. 


ധനമന്ത്രിയും ഗതാഗത മന്ത്രിയും ശമ്പള വിതരണത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനിടെ കെഎസ്ആര്‍ടിസിക്ക് പുതിയൊരു വരുമാനം കണ്ടെത്താനുള്ള ബുദ്ധി ഉപദേശിച്ചത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 

ഉപയോഗശൂന്യമായി സ്ക്രാപിനായി നീക്കി വച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ വൈവിധ്യവത്കരണത്തിലൂടെ പുനരുപയോഗിക്കാനുള്ള പദ്ധതിയാണിത്. ഇതിന്‍റെ ഭാഗമായി ksrtc low floor ബസ്സുകള്‍ ക്ളാസ് മുറികളാക്കി മാറ്റും.

വി.ശിവൻകുട്ടിയുടെ ആശയത്തെ ഗതാഗതമന്ത്രി ആൻറണി രാജു പിന്താങ്ങി. ഇക്കാര്യത്തില്‍ ഇരുവകുപ്പുകളും യോജിച്ച് മുന്നോട്ട് പോകുമെന്നാണ് ഗതാഗതമന്ത്രി ആൻറണി രാജു വ്യക്തമാക്കിയത്. 

തിരുവനന്തപുരം  മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ്സ് മുറി ഉയരുക. രണ്ട് ബസ്സുകൾ ഇതിനായി നല്‍കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. മണ്ണാർക്കാടുള്ള ഒരു സ്കൂളും ബസ്ല് ആവശ്യപ്പെട്ടിട്ടുണ്ട്. 

സര്‍ക്കാര്‍ ബസ് വിട്ടുനല്‍കും. സ്കൂളുകള്‍ക്ക് വേണമെങ്കില്‍ ബസ് സ്വന്തം നിലയ്ക്ക് വാങ്ങി ക്ലാസ് മുറിയാക്കി മാറ്റണമെന്ന് മാത്രം. കെഎസ്ആര്‍ടിസി രക്ഷപ്പെടുത്താനായുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ബുദ്ധിയെ പ്രകീര്‍ത്തിക്കുകയാണ് ട്രോളന്മാര്‍.

ഇതിനിടെയാണ് കോടികളുടെ മറ്റൊരു ലാഭക്കണക്കുമായി തുടങ്ങിയ മെട്രോ റെയിലും നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഒന്നും രണ്ടുമല്ല. ഒരോ ദിവസവും ഒരുകോടി രൂപയാണ് കൊച്ചി മെട്രോയുടെ നഷ്ടം. 

ഈ ചെറിയ നഷ്ടം പോലും സഹിക്കാന്‍ പറ്റില്ലെന്നാണ് മെട്രോയുടെ പരാതി. അതിനാല്‍ ലാഭത്തിനായി പുതിയൊരു വഴി സര്‍ക്കാര്‍ കണ്ടെത്തി. മെട്രോ റെയില്‍ Save the date ഷൂട്ടിനും വിവാഹ ഷൂട്ടിനും നല്‍കുക. 

അപ്പോള്‍ യാത്രക്കാരെന്ത് ചെയ്യുമെന്നാണ് ചോദ്യമെങ്കില്‍ മെട്രോയുടെ പഴയ പരസ്യം പോലെ ആദ്യം കയ്ക്കും പിന്നെ മധുരിക്കും. 'ആര്‍ക്കെന്ന' ചോദ്യം നിരോധിച്ചിരിക്കുന്നു. 

സേവ് ദ ഡേറ്റ് (Save The Date) ഫോട്ടോ ഷൂട്ട് കേരളത്തിൽ ട്രെന്റിം​ഗ് ആയ സാഹചര്യത്തിൽ മെട്രോയിൽ നിന്നുള്ള വധൂവരന്മാരുടെ കിടിലൻ ഫോട്ടോകള്‍ മെട്രോയെ നഷ്ടത്തില്‍ നിന്ന് കരകേറ്റുമെന്ന് സര്‍ക്കാരും കരുതുന്നു. 

ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ടിങ്ങ് അനുവദിക്കും. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ട് ഷൂട്ട് ചെയ്യാം, മറ്റ് തടസങ്ങളില്ലെന്ന് മെട്രോ തന്നെ പറയുന്നു.

എന്നാൽ ഓരോന്നിനും നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. കാശാണ് സര്‍ക്കാറിനാവശ്യം. നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കര്‍ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് നിരക്ക്.  മൂന്ന് കോച്ചിന് 12,000 രൂപ നിരക്ക് വരും.

സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യണമെങ്കിൽ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ്. മാത്രമല്ല, ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. ഒരു കോച്ചിന് 10000 രൂപയാണ് ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25,000 രൂപയും ഡെപ്പോസിറ്റായി നൽകണം. ഷൂട്ട് കഴിയുമ്പോൾ ഈ തുക തിരിച്ച് നൽകും. 

കേന്ദ്ര സംസ്ഥാന വിഹിതത്തിന് പുറമെ മെട്രോ റെയിലും ജലമെട്രോയുമെല്ലാം പണിത് ഉയരുന്നത് ഫ്രഞ്ച്, ജർമ്മൻ വികസന ഏജൻസി മുതൽ ഹഡ്കോ, കാനറ ബാങ്ക്, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിവയിൽ നിന്നെല്ലാം കോടിക്കണക്കിന് രൂപ കടമെടുത്തിട്ടാണ്.

സ്റ്റേഷനുകളിലെ ബ്രാൻഡിംഗ്, പരസ്യങ്ങൾ ,വ്യാപാര സ്ഥലങ്ങളുടെ വാടക ഇനത്തിൽ കിട്ടുന്ന വരുമാനം ഇതൊക്കെയാണ് മെട്രോയെ പിടിച്ച് നിർത്താൻ ഇനി സഹായിക്കുകയെന്നാണ് സര്‍ക്കാറിന്‍റെ കണ്ടെത്തല്‍. 

ലാഭത്തിലോടിക്കുമെന്ന കണക്ക് നിരത്തി ഓരോരോ സര്‍ക്കാറുകള്‍ കൊണ്ടുവന്ന പദ്ധതികളെല്ലാം വര്‍ഷങ്ങള്‍ക്ക് ശേഷം നഷ്ടത്തിലാണെന്ന് പറയാന്‍ സര്‍ക്കാറിന് ഒരു മടിയുമില്ല. കാരണം നഷ്ടം ജനങ്ങളറിയണം. നികുതി കാശ് കൊണ്ട് പണിതുടര്‍ത്തിയതാണിതെല്ലാമെന്നത് തന്നെ. 

നഷ്ടക്കണക്കുകള്‍ കൂടിയപ്പോഴാണ് ട്രോളന്മാരും രംഗത്തെത്തിയത്. തുടങ്ങും മുമ്പ് സര്‍ക്കാര്‍ കണക്കുകളില്‍ കോടികളുടെ ലാഭത്തിലാണ് കെ റെയില്‍. തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കെഎസ്ആര്‍ടിസിയുടെയും മെട്രോയുടെയും അവസ്ഥയിലാകുമെന്നത് സര്‍ക്കാറിനറിയില്ലെങ്കിലും ട്രോളന്മാര്‍ക്ക് അറിയാം. 

അതുകൊണ്ട് തന്നെ ഒരു മുഴം മുന്നേ എറിയുകയാണ് ട്രോളന്മാര്‍. വരാനിരിക്കുന്ന കെ റെയില്‍, നിര്‍മ്മാണം കഴിഞ്ഞ ശേഷം നഷ്ടത്തിലോടുമ്പോള്‍ അത് പബ് ആയോ ബാറായോ പരിവര്‍ത്തിപ്പിക്കണം എന്ന് ഇപ്പോഴേ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ട്രോളന്മാര്‍. 

Latest Videos

click me!