തോല്‍വിയിലും മാസ് ഡയലോഗുമായി രംഗത്തെത്തിയ് മുന്‍ മന്ത്രി എം എം മണിയായിരുന്നു. കൊച്ചി പഴയ കൊച്ചി തന്നെയെന്ന് അദ്ദേഹത്തിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. അക്കാര്യത്തിലും ട്രോളന്മാര്‍ക്ക് അദ്ദേഹത്തെ വിശ്വാസവുമാണ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പരാജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഇടത് വിരുദ്ധ ശക്തികളെ ഒന്നിച്ച് നിര്‍ത്താൻ യുഡിഎഫിന് സാധിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍.
തൃക്കാക്കരയിൽ നടന്നത് കെ റെയിലിന്‍റെ ഹിതപരിശോധനയല്ലെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. മാത്രമല്ല, കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കോടിയേരി ബാലകൃഷ്ണൻ കൂട്ടിചേര്‍ത്തു.
ഇടത് മുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വോട്ട് ലഭിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. ജനവിധി ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള മുന്നറിയിപ്പായി കാണുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും ഇടത് പാളയത്തിലേക്ക് പാളം വലിച്ച കെ വി തോമസും ഉപതെരഞ്ഞെടുപ്പ് വിജയം പുറത്ത് വന്നതിന് പുറകെ ചെറുതല്ലാതെ വിറച്ചെന്നാണ് ട്രോളന്മാര്‍ പറയുന്നത്.
തൃക്കാക്കരയിൽ എൽഡിഎഫ് തോറ്റിട്ടില്ലെന്നായിരുന്നു കെ വി തോമസിന്‍റെ കണ്ട് പിടിത്തം. മാത്രമല്ല, കോൺഗ്രസ്സിന്‍റെ ഉരുക്കു കോട്ടയിൽ വോട്ട് കൂടിയത് വലിയ കാര്യമാണെന്നും അദ്ദേഹം കണ്ടെത്തി. സംഭവിച്ച വീഴ്ച സിപിഎം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
താൻ അവസരവാദിയാണ് എന്ന പ്രതീതി ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും കെ വി തോമസ് ആരോപിച്ചു. കെ വി തോമസിനെ ഇറക്കിയിട്ടും വോട്ട് കിട്ടിയില്ലല്ലോ എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ സ൦സ്ഥാനത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ പക്ഷേ കെ വി തോമസിന് രണ്ടാമതൊരു അഭിപ്രായമില്ല. തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും തെരഞ്ഞെടുപ്പിൽ ഇതെങ്ങനെ ബാധിച്ചുവെന്നത് സിപിഎം പരിശോധിക്കുമെന്നുമായിരുന്നു കെ വി തോമസ് അഭിപ്രായപ്പെട്ടത്.
കൂടെ താൻ ഇപ്പോഴും 'നെഹ്രൂവിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള കോൺഗ്രസ്സുകാര'നാണെന്നും എൽഡിഎഫിന്‍റെ ഭാഗമല്ലെന്നും തനിക്ക് ആരുടെയും ഒപ്പ൦ നിൽക്കാൻ സ്ഥാനങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ നടക്കുന്നത് രൂക്ഷമായ സൈബർ ആക്രമണമാണെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഓരോരുത്തരും അതാത് നിലവാരം കാണിക്കുന്നു. എല്ലാവരു൦ ഈ രീതിയിൽ ആക്രമിക്കുന്നത് കാണുമ്പോൾ 'താൻ സ൦ഭവ'മാണല്ലോ എന്ന തോന്നലുണ്ട് എന്നും കെ വി തോമസ് പറഞ്ഞു.
ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിൽവര്‍ ലൈനിനെതിരെ ഇടത് മുന്നണിക്കകത്ത് അമര്‍ഷം പുകയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനവിധി പാഠമാകണമെന്ന പരസ്യ നിലപാടുമായി നിരവധി സിപിഐ നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു.
ജനകീയ പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിച്ച് സിൽവര്‍ ലൈൻ സര്‍വെയുമായി മുന്നോട്ട് പോകുന്നതിൽ മുതിര്‍ന്ന സിപിഐ നേതാക്കൾ നേരത്തെ തന്നെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാല്‍ ഇടത് മുന്നണിക്ക് 2,244 വോട്ടിന്‍റെ വര്‍ധനവുണ്ടായിട്ടുണ്ട്. വോട്ട് ശതമാനവും വര്‍ദ്ധിച്ചു. യുഡിഎഫ് കോട്ടയായ തൃക്കാക്കരയില്‍ വോട്ട് ശതമാനം വര്‍ദ്ധിച്ചതാണ് പരാജയത്തിലും സിപിഎം ഉയര്‍ത്തിക്കാട്ടുന്നത്.
ബിജെപി, 20 ട്വന്‍റി, പോലുള്ള ചെറു പാര്‍ട്ടികളുടെ വോട്ടും യുഡിഎഫിന് ലഭിച്ചെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. ബിജെപിക്ക് 15,483 വോട്ടാണ് കഴിഞ്ഞ തവണ വഭിച്ചത്. ഇത്തവണ അത് 12,995 ആയി കുറഞ്ഞു.
ബിജെപി വോട്ടിലെ കുറവ് യുഡിഎഫിന് അനുകൂലമായി മാറി. ട്വന്‍റി ട്വന്‍റിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17,890 വോട്ടുണ്ടായിരുന്നു. എന്നാലിത്തവണ സ്ഥാനാത്ഥിയുണ്ടായിരുന്നില്ല. അതും യുഡിഎഫിനാണ് ലഭിച്ചതെന്നുമാണ് സിപിഎം നിരത്തുന്ന പരാജയ കാരണങ്ങള്‍.
ഒ. രാജഗോപാലിന്‍റെ പിന്‍ഗാമിയായി നിയമസഭയില്‍ താനുണ്ടാകുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പോലും ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ അവകാശപ്പെട്ടത്. എന്നാല്‍, പെട്ട് പൊട്ടിച്ച് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ എ എന്‍ രാധാകൃഷ്ണന് കെട്ടി വച്ച കാശ് പോലും കിട്ടിയില്ല.'
കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ പോള്‍ ചെയ്തതിന്‍റെ ആറിലൊന്ന് വോട്ട് ലഭിക്കണമെന്നാണ് നിയമം. കൊണ്ട് പിടിച്ച പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് 9.57 ശതമാനം വോട്ട് മാത്രമാണ് ആകെ കിട്ടിയത്.
മതസ്പര്‍ദയ്ക്ക് ശ്രമിച്ച കേസില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും വീര്യപരിവേഷത്തോടെ പൊലീസിനെ വെല്ലുവിളിച്ച് ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ പിസി ജോര്‍ജിനെ മണ്ഡലത്തില്‍ കൊണ്ട് വന്നിട്ടും ബിജെപിക്ക് മുൻവർഷത്തെക്കാൾ വോട്ടും വോട്ട് ശതമാനം കുറഞ്ഞു.
യുഡിഎഫ്-എൽഡിഎഫ് നേർക്കുനേർ പോരിൽ ബിജപിക്ക് വലിയ റോളില്ലായിരുന്നെങ്കിലും ഇത്ര വലിയ തിരിച്ചടി പാർട്ടി കരുതിയിരുന്നില്ല. സംസ്ഥാന വൈസ് പ്രസിഡമന്‍റ് എ എൻ രാധാകൃഷ്ണനെന്ന മുതിർന്ന നേതാവിനെ ഇറക്കിയത് വലിയ പോരാട്ടത്തിന് തന്നെയായിരുന്നു.
പി സി ജോർജിന്‍റെ അറസ്റ്റോടെ ഇരട്ടനീതി വാദം കൃസ്ത്യൻ വോട്ട് നിർണ്ണായകമായ മണ്ഡലത്തിൽ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നും ബിജെപി പ്രതീക്ഷിച്ചു. പക്ഷേ, ജോർജിനെ ഇറക്കിയിട്ടും താമരയ്ക്ക് വട്ട പൂജ്യം തന്നെ. 12957 വോട്ട് മാത്രമാണ് അക്കൗണ്ടിൽ കയറി കൂടിയത്.
കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി നേടിയത് 15483 വോട്ടായിരുന്നു. ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയുണ്ടായിട്ട് പോലും അന്നുണ്ടാക്കിയ നേട്ടം ട്വന്‍റി ട്വന്‍റിയുടെ അസാന്നിധ്യത്തിൽ ആവർത്തിക്കാനായില്ല എന്നതും എടുത്ത് പറയേണ്ടതാണ്.
സില്‍വര്‍ ലൈന്‍ സമരം നടന്ന കോട്ടയം മാടപ്പിള്ളിയിൽ പടക്കം പൊട്ടിച്ചാണ് ഇടതു സ്ഥാനാർഥിയുടെ തോൽവി ആഘോഷിച്ചത്. ഇവിടെ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. അതേസമയം, തൃക്കാക്കരയിലെ തോൽവിയിൽ സിപിഎം ഉടൻ പരിശോധനയിലേക്ക് കടക്കുമെന്നും. തോൽവി ജില്ലാ നേതൃത്വത്തിന്‍റെ മാത്രം ഉത്തരവാദിത്തമല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനും വ്യക്തമാക്കി.