കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ജെല്ലി ഫിഷ് കരയ്ക്കടിഞ്ഞു

First Published | Aug 5, 2021, 2:10 PM IST

ടിഞ്ഞാറന്‍ അയര്‍ലന്‍റിലെ ഫാനോര്‍ കടല്‍ത്തീരത്തടിഞ്ഞ ഭീമാകാരമായ ജീവിയെ കണ്ടവര്‍ ആദ്യമൊന്ന് അമ്പരന്നു. എന്നാല്‍, മുന്നിലുള്ളത് ലോകത്തിലെ കണ്ടത്തിയതില്‍ വച്ച് ഏറ്റവും വലിയ ജല്ലിഫിഷാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നവാതിഥിയെ കാണാന്‍ നിരവധി പേര്‍ ഒത്തുകൂടി. ' ബറൻ ഷോറുകൾ - ഫാനോർ ബീച്ചിലെ ബീച്ച്‌കോംബിങ്ങും മറ്റും ' എന്ന സമൂഹമാധ്യമ പേജിൽ പങ്കുവച്ച കൂറ്റൻ ജല്ലിഫിഷിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ യൂറോപ്പിലെ സമൂഹമാധ്യമ പേജുകളിലെ താരം. ജൂലൈ മാസം ആദ്യമാണ് വെസ്റ്റേൺ അയർലൻഡിലെ ഫാനോർ കടൽത്തീരത്ത് ചുവപ്പും തവിട്ടും നിറങ്ങളുള്ള വലിയ ജെല്ലിഫിഷിനെ കണ്ടെത്തിയത്. 2021 ലെ ജെല്ലിഫിഷ് സീസണില്‍ നല്ല തുടക്കമാണിതെന്ന് ' ബറൻ ഷോറുകൾ' എന്ന ഫേസ്ബുക്ക് പേജ് പറയുന്നു. കാരണം സീസണില്‍ ആദ്യം കണ്ടത് തന്നെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ജെല്ലിഫിഷാണ്.

ലോകത്തിലെ ഏറ്റവും വലിയ ജെല്ലി ഫിഷ് ഇനങ്ങളിൽ ഒന്ന്. രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയത് 1865 -ൽ മസാച്ചുസെറ്റ്സ് തീരത്ത് നിന്ന് കണ്ടെത്തിയ ജെല്ലി ഫിഷായിരുന്നു.
അതിന് 210 സെന്‍റീമീറ്റർ (7 അടി) വ്യാസമുള്ള ശരീരവും 36.6 മീറ്റർ (120 അടി) നീളമുള്ള  ടെന്‍റക്കിളുകളുകളും ഉണ്ടായിരന്നു. 

ജെല്ലി ഫിഷുകളുടെ ഗണത്തിലെ ഏറ്റവും വലുപ്പമേറിയ ഇനമാണ് ലയണ്‍സ് മെയ്ന്‍ ജെല്ലിഫിഷ്. സ്യാനിയ ക്യാപിലാറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇവയ്ക്ക് സിംഹത്തിന്‍റെ സടയ്ക്ക് സമാനമായ രൂപമാണ്. 


രൂപവും വലിപ്പവും കാരണം ഇവ ജയന്‍റ് ജെല്ലിഫിഷെന്നും ഹെയര്‍ ജെല്ലിഫിഷെന്നുമൊക്കെ അറിയപ്പെടുന്നു. ഇത്തരം ജെല്ലി ഫിഷുകള്‍ക്ക് ഒരു സാധാരണ നീലത്തിമിംഗലത്തോളം വളരാന്‍ സാധിക്കും.   

നടുവിലുള്ള വയര്‍ ഭാഗത്തിന് ഏകദേശം ഏഴടി വരെ വ്യാസമുണ്ട്. ഇതാണ് ജെല്ലി ഫിഷുകളുടെ പ്രധാനഭാഗം. ഇതിന് സമീപത്തായാണ് ജെല്ലിഫിഷിന്‍റെ വായയുടെ ഭാഗം. വായയ്ക്ക് ചുറ്റുമായാണ് സിംഹത്തിന്‍റെ സട പോലെ തോന്നിപ്പിക്കുന്ന ടെന്‍റക്കിളുകളുള്ളത്.  

എട്ട് ഭാഗങ്ങളായാണ് ഈ ടെന്‍റക്കിളുകളുടെ സ്ഥാനം. ഇത് ജെല്ലിഫിഷിന്‍റെ ശരീരത്തിന് ചുറ്റുമായി നിലനില്‍ക്കുന്നു. ഇത്തരത്തില്‍ നിലവധി വിഭാഗങ്ങളായി നില്‍ക്കുന്ന ടെന്‍റിക്കിളുകളില്‍ ഓരോ വിഭാഗത്തിലും കുറഞ്ഞത് 150 ടെന്‍റക്കിളുകളെങ്കിലുമുണ്ടാകും. 

ഓരോന്നിനും ഏതാണ്ട് 190 അടി വരെ നീളം കണക്കാക്കുന്നു. ഇത്തരത്തിലുള്ള നീണ്ട  ടെന്‍റക്കിളുപയോഗിച്ചാണ് ലയണ്‍സ് മെയ്ന്‍ ജെല്ലിഫിഷുകളുടെ ഇര പിടുത്തം. 

കടലില്‍ കാണുന്ന ചെറുജീവികളായ പ്ലാങ്ക്തണുകള്‍, മറ്റ് ചെറുജീവികള്‍, ചെറിയ മത്സ്യങ്ങള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം. 

ഭക്ഷണമാക്കേണ്ട ജീവികളുടെ ശരീരത്തിലേക്ക് ടെന്‍റക്കിളുകള്‍ കൊണ്ട് കുത്തുന്നു. ഇതോടെ ടെന്‍റക്കിളിലൂടെ ഇരയിലേക്ക് കുത്തിവെയ്ക്കപ്പെടുന്ന വിഷത്തിന്‍റെ കാഠിന്യത്താല്‍ ഇര ചലനശേഷി നഷ്ടപ്പെട്ട് മയങ്ങി കിടക്കുന്നു. 

ഈ സമയത്ത് ഇരയെ പിടികൂടി ഭക്ഷിക്കുകയാണ് ഇത്തരെ ജെല്ലി ഫിഷുകളുടെ ഭക്ഷണ രീതി. ഇവയുടെ ശരീരത്തിലെ വിഷാംശം കൊണ്ടുള്ള കുത്തേറ്റാല്‍ മനുഷ്യര്‍ക്ക് പോലും അതികഠിമായ വേദനയാണ് അനുഭവപ്പെടുക. 

ആര്‍ട്ടിക് സമുദ്രത്തിലും പസിഫിക് സമുദ്രത്തിലുമാണ് പ്രധാനമായും ഇവയെ കാണാറുളളത്. അതില്‍ത്തന്നെ തണുപ്പേറിയ വെള്ളത്തില്‍ കഴിയാനാണ് ഇവയ്ക്ക് കൂടുതലിഷ്ടം. 

ഐറിഷ് തീരങ്ങളിൽ ഇത്തരെ ജെല്ലിഫിഷുകളെ സാധാരണയായി കാണാറില്ല. ശക്തമായ സമുദ്ര പ്രവാഹങ്ങള്‍ മൂലമാകാം ഇവ അയര്‍ലന്‍റിന്‍റെ തീരദേശത്തെത്തിയതെന്ന് കരുതുന്നു. 

ഇത്തരം കടല്‍ ജീവികള്‍ കരയിലേക്ക് വരുന്നത് പൊതുവേ കുറവാണ്. അതുകൊണ്ടു തന്നെ മറ്റ് സമുദ്രജീവികളെപ്പോലെ സാധാരണക്കാര്‍ക്ക് ഇത്തരം ജീവികളെ കുറിച്ച് അറിയില്ല. 

കരയിലേക്ക് കയറിയാല്‍ പിന്നെ ഇവയുടെ ടെന്‍റക്കിളുകള്‍ അപ്രത്യക്ഷമാകും. എന്നാല്‍ കടലില്‍ ഈ ടെന്‍റക്കിളുകളാണ് ഇവയെ സഞ്ചരിക്കാനും ഇരപിടിക്കാനും സഹായിക്കുന്നത്. 

ടെന്‍റക്കിളുകളുടെ ചലനം ഉപയോഗിച്ചാണ് ജെല്ലിഫിഷുകള്‍ സമുദ്രജലത്തില്‍ സഞ്ചരിക്കുന്നത്. ജലാംശം പാതി ഖനീഭവിച്ച തരത്തിലുള്ള ഈ ടെന്‍റക്കിളുകള്‍ കരയിലെത്തുമ്പോള്‍ ചൂടും മറ്റും കാരണം സ്വാഭാവികമായി നശിക്കുന്നതിനാലാണ് മനുഷ്യര്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയാത്തതും.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!