സഞ്ചാരിയുടെ തലയ്ക്ക് മുകളിലൂടെ ഹിമപാതം; അത്ഭുതകരമായ ഒരു രക്ഷപ്പെടല്‍ കാണാം

First Published | Jul 11, 2022, 11:48 AM IST

ഴിഞ്ഞ ആഴ്ചയില്‍ വടക്കന്‍ ഇറ്റലിയിലെ ആല്‍പ്സ് പര്‍വ്വത നിരകളിലൊന്നായ മര്‍നമോലഡ ഹിമാനി തകര്‍ന്ന്  (Marmolada glacier collapse) 11 പര്‍വ്വതാരോഹകരാണ് മരിച്ചത്. ഇതിന് പിന്നാലെ മറ്റൊരു ഹിമാനി കൂടി തകര്‍ന്നു. ഇത്തവണ കിര്‍ഗിസ്ഥാനിലെ (Kyrgyzstan) ഇസ്സിക് കുൽ  (Issyk kul) തടാകത്തിന് തെക്ക് വശത്തായി ചൈനീസ് അതിര്‍ത്തിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ടിയാൻ ഷാൻ പർവതനിരകളിലെ ( Tian Shan mountains) ഹിമാനിക്കാണ് ക്ഷതം സംഭവിച്ചത്. പത്ത് പര്‍വ്വതാരോഹകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടപ്പോള്‍ അവര്‍ പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. ആഗോളതാപനമാണ് ഹിമാനികളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് വിദഗ്ദര്‍‌ അഭിപ്രായപ്പെടുന്നു. 

ഒമ്പത് ബ്രിട്ടീഷുകാരും ഒരു അമേരിക്കന്‍ വിനോദ സഞ്ചാരിയുമടങ്ങുന്ന പര്‍വ്വതാരോഹക സംഘമാണ് കഴിഞ്ഞ ദിവസം കിര്‍ഗിസ്ഥാനിലെ ടിയാന്‍ ഷാന്‍ പര്‍വ്വതനിരകള്‍ കീഴടക്കാനായെത്തിയത്. ഇവിടം സ്ഥിരമായി പര്‍വ്വതാരോഹക സംഘങ്ങള്‍ എത്തുന്ന പ്രദേശമാണ്. സ്ഥിരമായ ഗൈഡഡ് ടൂറുകളും ഈ പ്രദേശത്തുണ്ട്. 

സംഘം ടിയാൻ ഷാൻ പര്‍വ്വതനിര കീഴടക്കുന്നതിനിടെയാണ് പെടുന്നനെ ഹിമപാതമുണ്ടായത്. സംഘത്തിലെ ഒരു സ്ത്രീയുടെ കാലിന് സാരമായ പരിക്കേറ്റു. ഇവരെ കുതിരപ്പുറത്ത് കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സാരമായ പരിക്കുകളോടെ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലെ മറ്റാര്‍ക്കും തന്നെ പരിക്കുകളില്ല. എല്ലാവരും സുരക്ഷിതരായിരിക്കുന്നു. 

Latest Videos


സംഘാഗമായ ഹാരി ഷിമ്മിൻ പകര്‍ത്തിയ ഹിമപാത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് തന്നെ തരംഗമായി. 'ഞങ്ങൾ ട്രെക്കിംഗിന്‍റെ ഏറ്റവും ഉയർന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു പാറയുടെ അരികിൽ നിന്ന് ചിത്രമെടുക്കാൻ ഞാൻ ഗ്രൂപ്പിൽ നിന്ന് പിരിഞ്ഞു.' ഷിമ്മിൻ പറയുന്നു.

ചിത്രങ്ങളെടുക്കുന്നതിനിടെയാണ് പിന്നില്‍ നിന്ന് അഗാധമായ ഒരു ശബ്ദം കേട്ടത്. ഒരു നിമിഷം ഭയന്നെങ്കിലും പെട്ടെന്ന് തന്നെ അത് ഹിമപാതമാണെന്ന് വ്യക്തമായി. കുറച്ച് മിനിറ്റുകളോളം ഞാനവിടെ ഉണ്ടായിരുന്നതിനാല്‍ എന്‍റെ തൊട്ടടുത്ത് ഒരു അഭയ സ്ഥലമുണ്ടെന്ന് എനിക്കറിയാമായിരുന്നു.' അദ്ദേഹം തുടര്‍ന്നു. 

'ഞാൻ ഒരു പാറയുടെ അരികിലായിരുന്നു. അവിടെ നിന്ന് ഓടിപ്പോവുക മാത്രമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. പക്ഷേ ആ സമയം അത് അപ്രായോഗികമാണെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനത് ചെയ്തില്ല. കാരണം അതൊരു സുരക്ഷിത സ്ഥാനമാണെന്ന് എനിക്ക് തോന്നി.' ഹാരി ഷിമ്മിൻ കൂട്ടിച്ചേര്‍ത്തു. 

'ഞങ്ങളുടെ ട്രെക്കിംഗ് അഞ്ച് മിനിറ്റ് കൂടി നടന്നിരുന്നെങ്കിൽ, ഒരു പക്ഷേ ഞങ്ങൾ എല്ലാവരും ആ ഹിമപാതത്തിനടിയിലായേനെ'. 'വീഡിയോയിൽ സൂക്ഷിച്ചുനോക്കിയാൽ, പുല്ലിലൂടെ വളഞ്ഞുപുളഞ്ഞ ചാരനിറത്തിലുള്ള ഒരു പാത കാണാം. അതായിരുന്നു ഞങ്ങളുടെ വഴി.' ഹാരി ഷിമ്മിൻ  പറയുന്നു. 

എത്രയും പെട്ടെന്ന് ഒരു അഭയ സ്ഥാനം കണ്ടെത്താനായിരുന്നു എന്‍റെ ശ്രമം. ദൂരെ നിന്ന് ഹിമാപാതം വരുന്നത് കാണ്ടപ്പോള്‍ തനിക്ക് ആദ്യം സ്വയം നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍, ആ വലിയ മഞ്ഞിടിച്ചില്‍ അടുത്തടുത്ത് വരുമ്പോള്‍ തനിക്ക് ശ്വസിക്കാന്‍ പ്രയാസം നേരിട്ടതായും അദ്ദേഹം പറഞ്ഞു. 

ആ ഹിമപാതം തന്നെയും ഉറച്ച് കളയുമെന്ന് തോന്നി. മരിച്ച് പോകുമോയെന്ന് ഒരു വേള ഭയന്നതായും അദ്ദേഹം പറയുന്നു.  ആ വലിയ പാറയ്ക്ക് പിന്നില്‍, അത് ഒരു ഹിമപാതത്തിനുള്ളിലെന്നത് പോലെ ഞാന്‍ സ്വയം ഒളിപ്പിച്ചു. ഒടുവില്‍ ഹിമപാതം അടങ്ങിയപ്പോള്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ ശരീരത്തില്‍ അല്പം മാത്രം ഹിമ പോടികള്‍ പറ്റി നിന്നു.  മറ്റ് സംഘാംഗങ്ങള്‍ ഹിമപാതത്തില്‍ നിന്നും ഏറെ അകലെയാണെന്ന ആശ്വാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 

'ഹിമപാതമടങ്ങിയപ്പോള്‍ സംഘാംഗങ്ങള്‍ മുഴുവനും ചിരിക്കും കരച്ചിലിനുമിടയിലായിരുന്നു. ചിലര്‍ വാവിട്ട് കരഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ചിരിച്ച് കൊണ്ടിരുന്നു. ജീവിച്ചിരിക്കുന്നു എന്ന് പലരും പലതരത്തില്‍ പ്രകടിപ്പിക്കുകയായിരുന്നു. ഞങ്ങള്‍ എത്ര വലിയ ഭാഗ്യവാന്മാരാണെന്ന് പിന്നീടാണ് ഞങ്ങള്‍ക്ക് മനസിലായത്.' ഹാരി ഷിമ്മിൻ പറഞ്ഞു നിര്‍ത്തി. 

ഹിമാലയം, ആല്‍പ്സ്, ടിയാൻ ഷാൻ പർവതനിരകള്‍ പോലെ ലോകത്തിന്‍റെ ഉയര്‍ന്ന മലനിരകളിലെല്ലാം കാലങ്ങളായി അടിഞ്ഞ് കൂടിയ വന്‍ ഹിമാനികളുണ്ട്. ചില ഹിമാനികള്‍ ഓരോ വര്‍ഷവും പുതുക്കപ്പെട്ടുമ്പോള്‍ മറ്റ ചിലവ കൂടുതല്‍ ശക്തമായി കൊണ്ടിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഇത്തരം ഉയര്‍ന്ന പ്രദേശങ്ങളിലെ ഹിമാനികളുടെ വ്യാപ്തി കുറഞ്ഞ് വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ആഗോള കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയിലെ ചൂട് 1.5 സെല്‍ഷ്യസ് വര്‍ദ്ധിക്കുമെന്ന് വര്‍ഷങ്ങളായി കാലാവസ്ഥാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിനെ പ്രതിരോധിക്കാനുള്ള നടപടികളില്‍ നിന്ന് ലോക രാജ്യങ്ങള്‍ പിന്നോട്ട് പോയി. ഇതിന്‍റെ ഫലമായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ദ്ധിക്കുകയും ആഗോള തലത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരന്തഫലങ്ങള്‍ ദൃശ്യമായി തുടങ്ങി. 

ചില ഭൂഖണ്ഡങ്ങളില്‍ ശക്തമായ ഉഷ്ണതരംഗങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ മറ്റ് ചിലയിടങ്ങളില്‍ പ്രളയം ശക്തമായി. കടലിലെ ചൂട് കൂടിയത് ആഗോളതലത്തില്‍ തന്നെ വായു പ്രവാഹങ്ങളെ സ്വാധീനിച്ചു. ഇതിനിടെയാണ് ഹിമാനികള്‍ തകര്‍ന്ന് വീഴുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. ആഗോളതാപനം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഈ ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 

click me!