കൊവിഡ് 19; മരണം ഏട്ടര ലക്ഷത്തിലേക്ക്

First Published | Aug 30, 2020, 12:42 PM IST

രോഗവ്യാപനത്തെ കുറിച്ച് അനിശ്ചിത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും ലോകരാജ്യങ്ങള്‍ മഹാമാരിക്കെതിരെയുള്ള പ്രതിരേധങ്ങളില്‍ ഇളവുകള്‍ ആരംഭിച്ചു. രേഖപ്പെടുത്തപ്പെട്ട മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയായി ചുരുങ്ങിയ കാലയളവിനുള്ളില്‍ വ്യാപിച്ച കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളിലും അതിനെ തുടര്‍ന്ന് കൈക്കൊണ്ട അടച്ചുപൂട്ടല്‍ തന്ത്രത്തിലും കാര്യമായ വ്യതിചലനങ്ങളിലേക്ക് ലോക രാജ്യങ്ങള്‍ കടന്നു. പക്ഷേ, അപ്പോഴും രോഗികളുടെ എണ്ണവും മരണ സംഖ്യയും കൂടുതല്‍ ഉയരങ്ങളിലേക്ക് തന്നെ പോകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെയായി 2,51,70,014 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 1,75,09,856 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 8,46,785 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയില്‍ ഇന്നലെ മാത്രം 76,472 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ലോകത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന രോഗബാധിതരില്‍ ഇന്ത്യ ഇന്ന് ഒന്നാമതാണെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. 

ഓണക്കാലത്തും കേരളത്തില്‍ ആശങ്കയുടെ കണക്കുകളാണ് പുറത്ത് വരുന്നത്. സര്‍ക്കാറിന്‍റെ കണക്കുകളില്‍ ഇതുവരെയായി കേരളത്തില്‍ 280 പേര്‍ കൊവിഡ് 19 രോഗബാധയേ തുടര്‍ന്ന് മരിച്ചു. എന്നാല്‍ ഈ കണക്കുകള്‍ കൃത്യമല്ലെന്ന് ഡോക്ടര്‍മാരുടെ കൂട്ടായ്മ ആരോപിക്കുന്നു.
നിലവില്‍ കേരളത്തില്‍ 71,701 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 48,079 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം കേരളത്തില്‍ 2,397 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 2137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 197 പേരുടെ ഉറവിടം വ്യക്തമല്ല.

കഴിഞ്ഞ അഞ്ച ദിവസമായി രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടായിരം കടക്കുമ്പോള്‍, കേരളത്തില്‍ ഓണാഘോഷങ്ങള്‍ ആരംഭിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗം ഓണക്കാലത്ത് കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് മാസങ്ങള്‍ക്ക് മുമ്പേ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളത്തില്‍ കൊവിഡ് 19 ന്‍റെ ഏറ്റവും രൂക്ഷമായ ഘട്ടമാകാന്‍ സാധ്യത സെപ്തംബര്‍ മാസമാണെന്ന് സര്‍ക്കാറിന് വിദഗ്ദസമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഏഴ് മാസത്തോളം നീണ്ട ലോക്ഡൗണിന് ശേഷം നിയന്ത്രിതമായി തുറന്നെങ്കിലും കാര്യമായ കച്ചവടമൊന്നും നടന്നിരുന്നില്ല.
കേരളത്തില്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികളും ഏറ്റവും കൂടുതല്‍ മരണവും രേഖപ്പെടുത്തിയത്. 5230 സജീവ രോഗികള്‍ തിരുവനന്തപുരം ജില്ലയിലുണ്ട്. ഇതുവരെയായി 85 പേരാണ് ജില്ലിയില്‍ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചത്.
ഓണക്കാലത്ത് ഗൃഹസന്ദര്‍ശനം ഒഴിവാക്കി ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കടകളിലേക്ക് പോകുമ്പോള്‍ കുട്ടികളെയും മുതിര്‍ന്നവരെയും കൊണ്ട് പോകരുത്. കഴിയുന്നതും ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതിനിടെ ലോകത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതാണ്. ഇന്ത്യയില്‍ ഇന്നലെ (29.8.20) മാത്രം 78,761 പേര്‍ക്ക് രോഗം ബാധിച്ചു. ലോകത്തിൽ എറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 35,42,733 ആയെന്ന് വേള്‍ഡേമീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു.
63,657 പേര് ഇതുവരെയായി ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതിന് മുമ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളില്‍ രോഗികള്‍ രേഖപ്പെടുത്തിയത്. 77,266 പേര്‍ക്കാണ് അന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,021 മരണമാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് ആകെ മരണം. 63,657 ആയി. 1.8 ശതമാനമാണ് ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്ക്. ആഗോള ശരാശരിയെക്കാള്‍ താഴെയാണിത്. 3.4 ശതമാനമാണ് ആഗോള ശരാശരി.
യുഎസില്‍ 2.1 ഉം ബ്രസീലില്‍ 3.2 ഉം മാണ് മരണനിരക്ക്. ഇന്ത്യയില്‍ മഹാരാഷ്ട്രാ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
മഹാരാഷ്ട്രയിൽ മാത്രം 16,867 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,64,281 ആയി. 328 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 24,103 ആയി.
ആന്ധ്രയില്‍ 10,548 പേര് ഇന്നലെ രോഗ ബാധിതരായി. ഇതിനകം 3,796 പേര്‍ മരിച്ചു. 4,14,164 പേര്‍ക്കാണ് ആന്ധ്രയില്‍ മാത്രം രോഗം ബാധിച്ചത്. തമിഴ്നാട്ടില്‍ 7,137പേര്‍ മരിച്ചപ്പോള്‍ 4,15,590 പേര്‍ക്കാണ് രോഗബാധ രേഖപ്പെടുത്തിയത്.
5483 പേര്‍ മരിച്ച് കര്‍ണ്ണാടകയില്‍ 3,27,076 പേര്‍ക്കാണ് രേഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഒരിടയ്ക്ക് രോഗവ്യാപനത്തില്‍ കുറവുണ്ടായിരുന്ന ദില്ലിയില്‍ വീണ്ടും രോഗം വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ആയിരത്തില്‍ താഴെ രോഗികളിലേക്ക് പ്രതിദിന വര്‍ദ്ധന രേഖപ്പെടുത്തിയിടത്ത് നിന്ന് വീണ്ടും ആയിരത്തിന് മുകളില്‍ രോഗികളാണ് പ്രതിദിനം ദില്ലിയില്‍ ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. 4,404 പേര്‍ മരിച്ച ദില്ലിയില്‍ 1,71,366 പേര്‍ക്ക് രോഗബാധയുണ്ടായി.
2989 പേരുടെ ജീവനാണ് ഗുജറാത്തിന് നഷ്ടമായത്. 93,883 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 3,356 പേര്‍ മരിക്കുകയും 2,19,457 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിലെ പാളിച്ചയും കൃത്യമായ ധാരണയില്ലാതിരുന്നതുമാണ് ഇന്ത്യയിലെ രോഗവ്യാപന നിരക്കുകള്‍ കൈവിട്ട് പോകാനുള്ള പ്രധാനകാരണം. പല സംസ്ഥനങ്ങളുടെയും ആരോഗ്യ വിഭാഗത്തിന്‍റെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവും ആരോഗ്യമേഖലയിലെ സ്വകാര്യവത്കരണവും രോഗവ്യാപനത്തെ പലരീതിയില്‍ സഹായിക്കുകയാണ് ചെയ്തത്.
ഇന്ത്യയിലെ കണക്കുകള്‍ ഇങ്ങനെയാണെങ്കില്‍ ലോകത്തില്‍ ഇപ്പോഴും യുഎസ്എയാണ് രോഗവ്യാപനത്തിലും മരണനിരക്കിലും മുന്നില്‍. 1,86,855 പേര്‍ ഇതിനകം മരിച്ച യുഎസ്സില്‍ 61,39,078 പേര്‍ക്കാണ് രോഗം ബാധിച്ചത്.
രണ്ടാമതുള്ള ബ്രസീലിലാകട്ടെ 38,46,965 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,20,498 പേര്‍ക്ക് ജീവന്‍ നഷ്ടമായി. യുഎസ്സും ബ്രസീലുമാണ് മരണസംഖ്യയില്‍ ലക്ഷം കടന്ന രണ്ട് രാജ്യങ്ങള്‍. മരണ സംഖ്യയില്‍ മൂന്നാമതുള്ള മെക്സിക്കോയിലാകട്ടെ 63,819 പേര്‍ മരിച്ചു.
മരണസംഖ്യയില്‍ നാലാമതുള്ള ഇന്ത്യ അടുത്ത ദിവസങ്ങളില്‍ തന്നെ മെക്സിക്കോയെ മറികടക്കും. ഇന്ത്യയില്‍ ഇതുവരെയായി 63,657 പേരാണ് മരിച്ചത്. മരണസംഖ്യയില്‍ മൂന്നാമതാണെങ്കിലും മെക്സിക്കോ രോഗവ്യാപനത്തില്‍ എട്ടാമതാണ്.
മരണനിരക്കില്‍ നാലാമതുള്ള ഇന്ത്യ രോഗവ്യാപന നിരക്കില്‍ മൂന്നാമതാണ്. തൊട്ടടുത്തുള്ള ബ്രസീലുമായി ലക്ഷങ്ങളുടെ വ്യത്യാസം മാത്രമേ ബ്രസീലും ഇന്ത്യയുമായുള്ളൂ. ഇന്ത്യയിലെ രോഗവ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍ രണ്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ ലോകത്തെ കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെയും കടന്ന രണ്ടാം സ്ഥാനത്തെത്തും.
കൊവിഡ് 19 വൈറസിനെതിരെ വാക്സിന്‍ ഉപയോഗിച്ച് തുടങ്ങിയ റഷ്യയില്‍ ഇതുവരെയായി 9,85,346 പേര്‍ക്ക് രോഗബാധയേറ്റു. 17,025 പേരാണ് റഷ്യയില്‍ ഇതുവരെ കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചത്.

Latest Videos

click me!