ഇലോണും ജെന്നിഫറും ഒരു പ്രണയകാലത്ത്; ശതകോടീശ്വരന്‍റെ പ്രണയകാല ചിത്രങ്ങള്‍ ലേലത്തിന്
First Published | Aug 26, 2022, 11:27 AM ISTലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍റെ ചിത്രങ്ങള്‍ ലേലത്തിന് വച്ചിരിക്കുകയാണ്. അതെ അത് മറ്റാരുമല്ല, എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാനിഷ്ടപ്പെടുന്ന ഇലോണ്‍ മസ്കിന്‍റെ പ്രണയ ചിത്രങ്ങളാണ് ലേലത്തിന് വയ്ക്കപ്പെട്ടിരിക്കുന്നത്. 1971 ല്‍ സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ജനിച്ച ഇലോണ്‍ മസ്ക് 1992 ലാണ് പെന്‍സിന്‍വാലിയ സര്‍വ്വകലാശാലയില്‍ പഠനത്തിനായെത്തുന്നത്. ഇലോണ്‍ മസ്കിന്‍റെ സര്‍വ്വകലാശാലാ പഠന കാലം പ്രണയകാലം കൂടിയായിരുന്നു. 1994-ൽ, മസ്‌ക് സിലിക്കൺ വാലിയിൽ രണ്ട് ഇന്‍റേൺഷിപ്പുകളാണ് ചെയ്തത്. ഒന്ന് എനർജി സ്റ്റോറേജ് സ്റ്റാർട്ടപ്പായ പിനാക്കിൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍, ഊർജ സംഭരണത്തിനായി ഇലക്‌ട്രോലൈറ്റിക് അൾട്രാപാസിറ്ററുകളുടെ അന്വേഷണത്തിലായിരുന്നു അയാള്‍. മറ്റൊന്ന് പാലോ ആൾട്ടോ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ് റോക്കറ്റ് സയൻസ് ഗെയിംസിലും. 1995-ൽ, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ മെറ്റീരിയൽ സയൻസിൽ പിഎച്ച്.ഡിക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം ആ വാഗ്ദാനം നിരസിച്ചു. ഈ കാലഘട്ടം ഇലോണ്‍ മസ്കിന്‍റെ പ്രണയ കാലം കൂടിയായിരുന്നു. അക്കാലത്തെ അദ്ദേഹത്തിന്‍റെ ഓര്‍മ്മ ചിത്രങ്ങള്‍ ഇന്ന് ലേലത്തിന് വയ്ക്കപ്പെട്ടിരുന്നു.
മുന്‍ കാമുകി ജെന്നിഫര്‍ ഗ്വിനാണ് ഇലോണിമായുള്ള തങ്ങളുടെ പ്രണയ ചിത്രങ്ങള്‍ ലേലത്തിന് വയ്ക്കാനായി ലേല സ്ഥാപനമായ ആര്‍ ആര്‍ ഓക്ഷന് നല്‍കിയത്. പെന്‍സില്‍വാലിയ സര്‍വ്വകലാശാലയില്‍ പഠിക്കുന്ന സമയത്തെ ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളാണ് അവയില്‍ കൂടുതലും. തന്‍റെ വളർത്തുമകന്‍റെ വിദ്യാഭ്യാസത്തിനുള്ള പണം സ്വരൂപിക്കുന്നതിനാണ് തങ്ങളുടെ പ്രണയ ചിത്രങ്ങള്‍ ലേലത്തിന് വച്ചതെന്ന് ജെന്നിഫര്‍ ഗ്വിന്‍ പറയുന്നു. ഒരു വര്‍ഷം നീണ്ട പ്രണയകാലം ജെന്നിഫര്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. "ഞങ്ങൾ 1994 അവസാനത്തോടെ കണ്ടുമുട്ടി. ഞാൻ ജൂനിയർ ആയിരുന്നു, അവൻ സീനിയറും. ഞങ്ങൾ ഒരേ ഡോമിൽ ആയിരുന്നു, ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തു. അവന്‍റെ ലജ്ജാശീലമാണ് ആദ്യം എന്നെ ആകർഷിച്ചത്. '" 1995 ൽ മസ്‌ക് പാലോ ആൾട്ടോയിലേക്ക് താമസം മാറിയതോടെ ആ ബന്ധം അവസാനിച്ചു. 100 ഡോളർ മുതലാണ് ഓരോ ചിത്രങ്ങളുടെയും ലേലത്തുക ആരംഭിക്കുന്നത്.