വരാനിരിക്കുന്നത് ഐപിഒക്കാലം: സുപ്രധാന കമ്പനികളുടെ ഓഹരികൾ ഈ വർഷം വിപണിയിൽ എത്തും; കീശ നിറയ്ക്കാം

First Published | Feb 23, 2021, 4:24 PM IST

കൊവിഡ് -19 വാക്സിനുകളുടെ സാധ്യതകളെ അടിസ്ഥാനമാക്കി തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്ന സമ്പദ്‍വ്യവസ്ഥയെയാണ് നമ്മൾ ഈ സാമ്പത്തിക പാദത്തിൽ കാണുന്നത്. സമാനമായി ഓഹരി വിപണിയും പുതുവർഷത്തിൽ മികച്ച വ്യാപാര മുന്നേറ്റം പ്രകടിപ്പിച്ചു. 2021 ൽ ഇന്ത്യൻ വിപണി അനേകം പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) സാക്ഷ്യം വഹിക്കുമെന്ന സൂചന നൽകിക്കൊണ്ട് ഇതിനോടകം തന്നെ കമ്പനികളുടെ പ്രഖ്യാപനങ്ങൾ പുറത്തുവന്നുകഴിഞ്ഞു. മാർച്ചിൽ ആരംഭിച്ച തകർച്ചയ്ക്ക് ശേഷം വിപണി വികാരം മെച്ചപ്പെട്ടതിനെത്തുടർന്ന്, 2020 ലെ ഭൂരിപക്ഷം ഐപിഒകളും രണ്ടാം പകുതിയിലാണ് നടന്നത്. ചിലത് 2021 ലേക്ക് മാറ്റിവയ്ക്കുകയും ചെയ്തി‌‌ട്ടുണ്ട്. കഴിഞ്ഞ വർഷം കമ്പനികൾ 31,000 കോടി രൂപ വിപണിയിൽ നിന്ന് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുകയും ചെയ്തു. 

പോസിറ്റീവായ വിപണി സാഹചര്യത്തെ കണക്കിലെടുത്ത് ഐപിഒ വിപണിയിൽ നിരവധി വലിയ ലോഞ്ചുകൾ ഉണ്ടായേക്കുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. 2021 ൽ സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലാണെന്നത് കമ്പനികളുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. 

ഈ വർഷം പ്രതീക്ഷിക്കാവുന്ന പത്ത് സുപ്രധാന ഐപിഒകൾ:
 

സൊമാറ്റോഈ വർഷം ഐപിഒ നടത്താനുളള ഒരുക്കത്തിലാണ് സൊമാറ്റോ. രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിക്ക് ഇന്ത്യയിൽ 50 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്. കഴിഞ്ഞ മാസം ഐപിഒയ്ക്ക് മുമ്പുള്ള ധനസമാഹരണത്തിന്റെ ഭാ​ഗമായി കമ്പനി 500 മില്യൺ ഡോളർ സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ. ആന്റ് ഫിനാൻഷ്യൽസിന് കമ്പനിയിൽ 26% ഓഹരിയുണ്ട്. ഈ വർഷം ജൂണോടെ ഐപിഒ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2019-20 സാമ്പത്തിക വർഷത്തിലെ നഷ്ടത്തിൽ 160.6 ശതമാനത്തിന്റെ വർധനവാണ് സൊമാറ്റോ റിപ്പോർട്ട് ചെയ്തത്. എന്നാൽ, വരുമാനം മുൻ സാമ്പത്തിക വർഷത്തേക്കാൾ 98 ശതമാനം വർദ്ധിച്ചു. 2020 സാമ്പത്തിക വർഷം 2,451 കോടി രൂപയാണ് നഷ്ടം.
എൽഐസിഈ വർഷം നിക്ഷേപകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓഹരി വിൽപ്പനയാണ് എൽഐസിയുടെ ഐപിഒ. എൽഐസിയുടെ 10 ശതമാനം ഓഹരി വിൽപ്പന മൂലധന വിപണികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെ‌ടുന്നത്. ഐപിഒ വഴി ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. പകർച്ചവ്യാധിയെ തുടർന്ന് കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ പ്രതീക്ഷിച്ചിരുന്ന ഐപിഒ പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ഈ വർഷം ഒക്ടോബറിന് ശേഷം ഇത് പ്രതീക്ഷിക്കപ്പെടുന്നു.

ഫ്ലിപ്കാർട്ട്വാൾമാർട്ട് പിന്തുണയുള്ള ഇ-കൊമേഴ്സ് സ്ഥാപനം ഈ വർഷം അവസാനം ഐപിഒയ്ക്ക് പദ്ധതിയിടുന്നു. ഐപിഒ മുന്നൊരുക്കങ്ങൾക്കായി വാൾമാർട്ട് ഗോൾഡ്മാൻ സാച്ചിനെ നിയമിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2025 ഓടെ ഇന്ത്യൻ ഇ-കൊമേഴ്സ് വ്യവസായം 130 ബില്യൺ ഡോളറിലേക്ക് വികസിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. 21 ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിലാണ് വാൾമാർട്ട് 2018 ൽ ഫ്ലിപ്കാർട്ടിൽ 82 ശതമാനം ഓഹരി സ്വന്തമാക്കിയത്.
ഒലബെംഗളൂരു ആസ്ഥാനമായ ക്യാബ് സേവന ദാതാവ് ഈ വർഷം വിപണിയിൽ കമ്പനിയെ പട്ടികപ്പെടുത്താൻ പദ്ധതിയിടുന്നു. ഇന്ത്യയിൽ 50-55 ശതമാനം വിപണി വിഹിതമുണ്ട് ഒലയ്ക്ക്. 250 ലധികം നഗരങ്ങളിലും 1.5 ദശലക്ഷം ഡ്രൈവർ പങ്കാളികളിലും പ്രതിവർഷം ഒരു ബില്യൺ റൈഡുകളും ഉൾപ്പടെ വിപണിയിൽ ശക്തമായ സാന്നിധ്യമാണ് കമ്പനി. ഓസ്ട്രേലിയ, യുകെ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്ക് വളർന്ന കമ്പനി അന്താരാഷ്ട്ര സാന്നിധ്യവും വർധിപ്പിക്കുകയാണ്.
പേടിഎംവിജയ് ശേഖർ ശർമയുടെ നേതൃത്വത്തിലുള്ള പ്രമുഖ പേയ്മെന്റ് കമ്പനിയായ പേടിഎം ഈ വർഷം ഐപിഒയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിക്ക് നിലവിൽ 150-200 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്. അവസാന റൗണ്ട് മൂല്യനിർണ്ണയ പ്രകാരം 16 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ മൂല്യം. കമ്പനിയിൽ 40% ഓഹരി വിഹിതമുളള ഏറ്റവും വലിയ നിക്ഷേപകനാണ് ജാക് മായു‌ടെ ഉടമസ്ഥതതയിലുളള ആന്റ് ഫിനാൻഷ്യൽസ്.
കല്യാൺ ജ്വല്ലേഴ്സ്വാർബർഗ് പിനസ് പിന്തുണയുള്ള കേരളം ആസ്ഥാനമായുള്ള റീട്ടെയിൽ ജ്വല്ലറി കമ്പനിയായ കല്യാൺ ജ്വല്ലേഴ്സ് ഈ വർഷം പ്രാഥമിക വിപണിയിലെത്തും. 1,750 കോടി രൂപ പ്രാരംഭ പബ്ലിക് ഓഫറിൽ (ഐപിഒ), 1,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഇഷ്യുവും 750 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (ഒഎഫ്എസ്) ഉൾക്കൊള്ളുന്നുവെന്ന് ഡ്രാഫ്റ്റ് ഓഫർ രേഖയിൽ കമ്പനി പറയുന്നു. ജ്വല്ലറി ഷോറൂം ശൃംഖലയ്ക്ക് ഉടമകളായ കമ്പനിക്ക് മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ നിന്ന് ഒക്ടോബർ 15 ന് പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് (ഐപിഒ) കടക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
ബൈജൂസ്ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ കമ്പനിയായ (എഡ്യൂ ടെക്) ബൈജൂസ് ഈ വർഷം പ്രാഥമിക വിപണിയിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നു. കൊവിഡ്-19 പകർച്ചവ്യാധി മൂലമുള്ള ലോക്ക്ഡൗൺ എഡ്യൂ ടെക്കിന് 300% വരെ അധിക ട്രാഫിക് നൽകി. 70 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണ് ബൈജൂസിനുള്ളത്. അവസാന റൗണ്ട് മൂല്യനിർണ്ണയം ഏകദേശം 11 ബില്യൺ ഡോളറായിരുന്നു. പ്രധാന നിക്ഷേപകർ നാസ്പേർസ്, സെക്വോയ എന്നിവരാണ്.
ഒയോഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഒയോ ഹോട്ടൽസ് ആൻഡ് ഹോംസ് ഈ സാമ്പത്തിക വർഷം ഐപിഒ ന‌ട‌ത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് കമ്പനി കരകയറുകയാണെന്നും പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) വരെയുളള പ്രവർത്തനങ്ങൾക്കായി ഒരു ബില്യൺ ഡോളർ കമ്പനിയുടെ പക്കലുണ്ടെന്നും 2020 ഡിസംബറിൽ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ റിതേഷ് അഗർവാൾ പറഞ്ഞു. ഒയോ റൂംസ് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയും ആഗോളതലത്തിൽ ആറാമത്തെ വലിയ ശൃംഖലയുമാണ്. ആഗോളതലത്തിൽ ഒരു ദശലക്ഷത്തിലധികം മുറികളുടെ പോർട്ട് ഫോളിയോയും 800 നഗരങ്ങളിലായി 23,000 എക്സ്ക്ലൂസീവ് ഹോട്ടലുകളും കമ്പനിയുടെ പ്ലാറ്റ്ഫോമിലുണ്ട്. ഇന്ത്യയിൽ 18,000 പ്രോപ്പർട്ടികളുള്ള 415 ഇന്ത്യൻ നഗരങ്ങളിൽ ഒയോയുടെ സാന്നിധ്യം ഉണ്ട്.
പോളിസിബസാർഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്ഫോം പോളിസിബസാർ 2021 ൽ ഐപിഒ ആരംഭിക്കാൻ പദ്ധതിയിടുന്നു. കമ്പനിയുടെ മൂല്യം 3.5 ബില്യൺ ഡോളറായിരിക്കുമെന്നാണ് കണക്കാക്കുന്നത്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ വിഷൻ ഫണ്ട്, ടൈഗർ ഗ്ലോബൽ മാനേജ്മെന്റ്, ടെൻസെന്റ് ഹോൾഡിംഗ്സ് എന്നിവയാണ് കമ്പനിയുടെ പിന്തുണ. ഇന്ത്യയിൽ ഏകദേശം 90% വിപണി വിഹിതവും കമ്പനിക്കുണ്ട്.ഗ്രോഫേഴ്സ്സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഗ്രോഫേഴ്സ് ഈ വർഷം അവസാനത്തോടെ പ്രാഥമിക ഓഹരി വിൽപ്പന നടത്തുമെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ 2022 ൽ ഐപിഒയ്ക്ക് കമ്പനി പദ്ധതിയിട്ടിരുന്നു.

Latest Videos

click me!