Ukraine war: റഷ്യക്കാരുടെ ബിയര്‍ കുടിയും മുട്ടും; കാൾസ്ബർഗും ഹൈനെക്കനും റഷ്യ വിട്ടു

First Published | Mar 29, 2022, 11:45 AM IST


ഷ്യന്‍ പ്രസിഡന്‍റ് വ്ളോഡിമിര്‍ പുടിന്‍റെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ലോകത്തെ പ്രമുഖ ബിയര്‍ ഉത്പാദാക്കളായ കാൾസ്ബർഗും ഹൈനെക്കനും റഷ്യന്‍ വിപണി ഉപേക്ഷിക്കുന്നു. യുക്രൈന്‍ യുദ്ധം പ്രഖ്യാപിച്ച ഫെബ്രുവരി 24 മുതല്‍ യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കെതിരെ നിരവധി ഉപരോധങ്ങളാണ് സാമ്പത്തിക - വാണിജ്യ മേഖലയില്‍ കൊണ്ടുവന്നിരുന്നത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് പ്രമുഖ ബിയര്‍ കമ്പനികളുടേത്. 

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയിൽ നിന്ന് തങ്ങളുടെ ബിസിനസുകൾ പിൻവലിക്കുമെന്ന് കാൾസ്‌ബെർഗും ഹെയ്‌നെക്കനും ഇന്നാണ് പ്രഖ്യാപിച്ചത്. പുടിന്‍റെ അധിനിവേശത്തിനെതിരെ പ്രതികരിച്ച് റഷ്യന്‍ വിപണി വിടുന്ന അന്താരാഷ്ട്രാ ഉത്പന്നങ്ങളില്‍ ഏറ്റവും ഒടുവിലത്തെ കമ്പനികളാണ് കാൾസ്‌ബെർഗും ഹെയ്‌നെക്കനും.

'റഷ്യയിൽ ഞങ്ങളുടെ ബിസിനസ്സ് പൂർണമായി വിനിയോഗിക്കുന്നതിന് ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്, നിലവിലെ പരിതസ്ഥിതിയിൽ ചെയ്യേണ്ടത് ശരിയായ കാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ' കാൾസ്ബർഗ് പറഞ്ഞു. 'പദ്ധതി പൂർത്തിയായാൽ റഷ്യയിൽ ഞങ്ങളുടെ  സാന്നിധ്യമുണ്ടാകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

Latest Videos


സംഘർഷം രൂക്ഷമാകുന്നത് കാണുന്നതിൽ അതീവ ദുഖമുണ്ടെന്ന് കാൾസ്ബർഗ് പറഞ്ഞു. പിന്നാലെ റഷ്യയിലെ  334.5 മില്യൺ പൗണ്ട് (438 മില്യൺ ഡോളർ) വരുന്ന ബിസിനസില്‍ നിന്ന് തങ്ങളും പുറത്ത് കടക്കുകയാണെന്ന് ഡച്ച് ബ്രൂവർ കമ്പനിയായ ഹെയ്‌നെകെനും തിങ്കളാഴ്ച പ്രഖ്യാപിച്ചു.

റഷ്യയിൽ 1,800 പേർ ജോലി ചെയ്യുന്ന ബിയർ കമ്പനിയായ ഹൈനെകെന്‍ റഷ്യയിലെ ഉത്പാദനവും വിൽപനയും ഇതിനകം നിർത്തിവെച്ചിരുന്നു.  ഈ മാസം ആദ്യം തന്നെ റഷ്യയിലേക്കുള്ള പുതിയ നിക്ഷേപങ്ങളും കയറ്റുമതിയും കമ്പനി നിർത്തിവച്ചിരുന്നു. 

യുദ്ധം കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. യുക്രൈനില്‍ യുദ്ധം തുടരുകയും തീവ്രമാവുകയും ചെയ്യുന്നത് തുടരുകയാണ്.' ഹൈനെകെൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. 'റഷ്യയിലെ ഞങ്ങളുടെ വിപണിയിലെ  ഹൈനെക്കന്‍റെ ഉടമസ്ഥാവകാശം നിലവിലെ അന്തരീക്ഷത്തിൽ സുസ്ഥിരമോ പ്രായോഗികമോ അല്ലെന്ന് ഞങ്ങൾ കണക്കുകൂട്ടുന്നതായും കമ്പനി പറയുന്നു. 

ഇതിനെ തുടര്‍ന്നാണ് റഷ്യ വിടാനുള്ള തീരുമാനമെന്നും കമ്പനി അറിയിച്ചു. 'യുദ്ധം ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് പാശ്ചാത്യ സ്ഥാപനങ്ങൾ റഷ്യയിൽ കടകളും ഓഫീസുകളും അടച്ചുപൂട്ടി. റഷ്യൻ വിപണിയിൽ ഏറ്റവുമധികം സ്വാധീനമുണ്ടായിരുന്ന കാൾസ്‌ബെർഗ്, വിപണി അടയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴും കമ്പനിയുടെ എട്ട് മദ്യനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 

റഷ്യയിൽ നിന്ന് പുറത്തുകടക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ഈ വർഷം 'ഗണ്യമായ നോൺ-ക്യാഷ് ഇംപയർമെന്‌‍റ് ചാർജ്' ഈടാക്കുമെന്ന് കൂടുതൽ വിശദാംശങ്ങൾ നൽകാതെ കമ്പനി അറിയിച്ചു. കാൾസ്ബർഗിന്‍റെ മൊത്തം ആസ്തിയുടെ 15% അല്ലെങ്കിൽ മൊത്തം ഇക്വിറ്റിയുടെ 44%  റഷ്യയില്‍ നിന്നായിരുന്നെന്ന് അതിന്‍റെ വാർഷിക റിപ്പോർട്ട് കാണിക്കുന്നു. 

അതേസമയം, അന്തർദേശീയവും പ്രാദേശികവുമായ നിയമങ്ങൾക്ക് അനുസൃതമായി തങ്ങളുടെ ബിസിനസ്സ് ഒരു പുതിയ ഉടമയ്ക്ക് 'ഓർഡർലി ട്രാൻസ്ഫർ' ആയി നല്‍കാന്‍ ലക്ഷ്യമിടുന്നതായും ഇടപാടിൽ നിന്ന് ലാഭമൊന്നും എടുക്കില്ലെന്നും ഇത് കമ്പനിക്ക് 400 മില്യൺ യൂറോ (438 മില്യൺ ഡോളർ) യുടെ വരുമാനം കൊണ്ടുവരുമെന്നും ഹൈനെകെൻ അറിയിച്ചു.

റഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മദ്യനിർമ്മാണ നിർമ്മാതാക്കളാണ് ഹൈനെകെൻ, അവിടെ പ്രാദേശിക വിപണിയിൽ Zhigulevskoe, Oxota എന്നീ ജനപ്രിയ ബ്രാൻഡുകൾ ഹൈനെകെന്‍റെതായുണ്ട്. ദേശസാൽക്കരണത്തിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനും ജീവനക്കാരുടെ നിലവിലുള്ള സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും ഒരു നിശ്ചിത കാലയളവിൽ കുറഞ്ഞ പ്രവർത്തനങ്ങള്‍ റഷ്യയിലുണ്ടാകുമെന്നും കമ്പനി അറിയിച്ചു.

എല്ലാ സാഹചര്യങ്ങളിലും ഞങ്ങളുടെ 1,800 ജീവനക്കാര്‍ക്ക് അവരുടെ ശമ്പളം അവസാനം വരെ നൽകുമെന്നും ഞങ്ങൾ ഉറപ്പുനൽകുന്നു. 2022-ൽ, അവരുടെ ഭാവി തൊഴിൽ സംരക്ഷിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും ഹൈനെകെൻ നിലപാട് വ്യക്തമാക്കി. 

കൈമാറ്റം പൂർത്തിയായാല്‍ ഹെയ്‌നെകെന്‍റെ സാന്നിധ്യം റഷ്യയിലുണ്ടാകില്ല. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുടെ സാമ്പത്തിക വാണിജ്യ ഉപരോധത്തില്‍ റഷ്യുയുടെ വിപണി ഏതാണ്ട് തകർന്നു. മൊബൈല്‍ കമ്പനികള്‍ മുതല്‍ അന്താരാഷ്ട്രാ തലത്തിലെ പല ബ്രാന്‍റുകളും റഷ്യയിലെ തങ്ങളുടെ ഉത്പാദനം നിര്‍ത്തി. 

റഷ്യയുടെ അധിനിവേശത്തിനെതിരെ നടപടിയെടുക്കാന്‍ അന്താരാഷ്ട്രാ കമ്പനികളോട് യുക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പല കമ്പനികളും റഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയത്. 

റഷ്യയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ഫ്രഞ്ച് കമ്പനികളോട് തന്‍റെ രാജ്യത്തിനെതിരെയുള്ള ആക്രമണം 'സ്‌പോൺസർ ചെയ്യുന്നത്' നിർത്തണമെന്ന് കഴിഞ്ഞ ആഴ്ച സെലെന്‍സ്കി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കാർ ഭീമനായ റെനോ , മോസ്കോയിലെ തങ്ങളുടെ ഫാക്ടറിയുടെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. 

പല കമ്പനികളും റഷ്യ വിട്ട് പോകുന്നതിനിടെ ഫ്രഞ്ച് റീട്ടെയിൽ ഭീമനായ ഓച്ചന്‍റെ ചീഫ് എക്സിക്യൂട്ടീവ് യെവ്സ് ക്ലോഡ് റഷ്യയിൽ തുടരാനുള്ള കമ്പനിയുടെ തീരുമാനത്തെ ന്യായീകരിച്ചു. റഷ്യുടെ അധിനിവേശത്തിനെതിരെ പ്രതികരിക്കാന്‍ സെലെന്‍സ്കി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് ഓച്ചന്‍റെ പുതിയ തീരുമാനം. 

വ്യാപാര - വാണിജ്യ ഉപരോധം ശക്തമായതോടെ റഷ്യയില്‍ സാധനങ്ങളുടെ വില വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യൂറോപ്പും മറ്റ് രാജ്യങ്ങളും പെട്രോളിയും വാങ്ങുന്നത് നിര്‍ത്തിവച്ചത് റഷ്യയുടെ സാമ്പത്തിക സ്ഥിതിയെ പരിമിതപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. 

click me!