മൂക്കറ്റം കടം, എന്നിട്ടും മൊത്തം ചെലവിനെ ബാധിക്കാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര; കാണാം ട്രോളുകള്‍

First Published | Sep 14, 2022, 12:58 PM IST

ണം കഴിഞ്ഞതിന് തൊട്ട് പിന്നാലെ മലയാളി കണ്ട പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്നായിരുന്നു സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെന്നത്. സംസ്ഥാന ഖജനാവ് ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിലാണെന്നും കടമെടുപ്പ് സാധ്യതകളെല്ലാം സംസ്ഥാനം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി നിയന്ത്രണത്തിന്‍റെ വക്കിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15,000 കോടിയാണ് ഓണത്തോടനുബന്ധിച്ച് സംസ്ഥാനം കടമെടുത്തത്. ആ കോടികളുടെ ബലത്തിലായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും ഓണക്കിറ്റും എന്തിന് എസ്ആര്‍ടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തിയത്. ശ്രീലങ്കയും പാകിസ്ഥാനുമൊക്കെ കടമെടുത്ത് കടമെടുത്ത് പാപ്പരായ വാര്‍ത്തകള്‍ക്ക് പിന്നാലെ കേരളത്തിന്‍റെ കടമെടുപ്പിനെ കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ഇതെല്ലാം. കടക്കണക്കിന് ചൂടാറും മുന്നേ മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലോക മാതൃക കണ്ട് പഠിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇതോടെ ട്രോളന്മാരും സടകുടഞ്ഞെഴുന്നേറ്റു. കാണാം ആ വിദേശയാത്രാ ട്രോളുകള്‍. 

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പ് സന്ദർശനത്തിനൊരുങ്ങുന്നുവെന്നായിരുന്നു ആ വാര്‍ത്ത. രണ്ടാഴ്ച നീളുന്ന ആ യാത്ര  ഒക്ടോബർ ആദ്യത്തെ ആഴ്ച ആരംഭിക്കും.  

വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ്പ് സന്ദർശിക്കുന്നതെന്നാണ് സർക്കാർ നല്‍കിയ വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു. 

Latest Videos


വാര്‍ത്തയിലുള്ള മറ്റൊരു രസകരമായ വിവരം സംഘത്തില്‍ എത്ര മന്ത്രിമാരുണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നതാണ്. ചിലപ്പോൾ കൂടുതൽ മന്ത്രിമാരും യൂറോപ്യന്‍ യാത്രാ സംഘത്തിലുണ്ടാകാൻ സാധ്യതയുണ്ട്. എത്ര മന്ത്രിമാരുണ്ടാകുമെന്ന കാര്യത്തിൽ പൊതുഭരണവകുപ്പ് ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. 

എന്നാല്‍, യാത്ര അനുമതിക്കായുള്ള നടപടി ക്രമങ്ങൾ പൊതുഭരണവകുപ്പ് ആരംഭിച്ചതായും വാര്‍ത്ത ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ ഭാഗമായി അംബാസഡർമാരുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും വാര്‍ത്ത സൂചിപ്പിക്കുന്നു. 

നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർ​ഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും ‌യൂറോപ് സന്ദർശിച്ചിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ റൂം ഫോർ റിവർ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്നും അന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍, അതിന് ശേഷം പല തവണ അതിതീവ്രമഴ കേരളത്തില്‍ പെയ്തൊഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു മന്ത്രി പറഞ്ഞത്, മഴ പെയ്ത് വെള്ളം കെട്ടികിടന്നാല്‍ ചാല് കീറി ഒഴുക്കിവിടുമെന്നായിരുന്നു. 

ഇതായിരുന്നോ ആ ഡച്ച് മാതൃക എന്ന് ചോദിച്ച് ട്രോളന്മാര്‍ അന്നും രംഗത്തെത്തിയിരുന്നു. പദ്ധതി റൂം ഫോർ റിവർ അല്ലെന്നും പകരും ഡോര്‍ ഫോര്‍ റിവറാണെന്നും അന്ന് മന്ത്രിയെ ട്രോളന്മാര്‍ കണക്കിന് കളിയാക്കി. 

15,000 കോടി കടത്തില്‍ നില്‍ക്കുമ്പോള്‍, ഇനി കടമെടുക്കാന്‍ വഴിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ എങ്ങനെ ഇത്രയും മന്ത്രിമാരുടെ വിദേശയാത്ര സാധിക്കുന്നെതെന്നാണ് ട്രോളന്മാര്‍ ആശ്ചര്യപ്പെടുന്നത്. എന്നാല്‍, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തയെ ധനമന്ത്രി  കെഎൻ ബാലഗോപാൽ തള്ളിക്കളഞ്ഞു. 

സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും എന്നാൽ പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളില്ലെന്നായിരുന്നു ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍. കേരളം കടമെടുക്കേണ്ടിവന്നത് കേന്ദ്രം ഭീമമായ തോതിൽ പണം വെട്ടിക്കുറച്ചതാണെന്നും ഇത് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു ധനമന്ത്രിയുടെ കണ്ടെത്തല്‍. 

കേന്ദ്രത്തിൽ നിന്നും ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. എന്നാലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറയുന്നു. കേന്ദ്രം, സംസ്ഥാനത്തിന് നല്‍കേണ്ട പണം തന്നില്ലെങ്കിൽ ഭാവിയിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കും. എന്നാൽ, ഓവർ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെന്നും ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ധനമന്ത്രിയുടെ നിഗമനങ്ങള്‍ ഇങ്ങനെയാണെങ്കിലും കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി നിയന്ത്രണത്തിന്‍റെ വക്കിലാണെന്ന് ധനവകുപ്പിന്‍റെ വിലയിരുത്തല്‍. കൊവിഡിനെ തുടര്‍ന്ന് ആഘോഷങ്ങളില്ലാതിരുന്ന രണ്ട് വര്‍ഷത്തിന് ശേഷം ഈ വര്‍ഷമാണ് സര്‍ക്കാറിന് അറിഞ്ഞൊന്ന് ആഘോഷിക്കാന്‍ ഒരവസരം കിട്ടിയത്. 

ഒട്ടും കുറച്ചില്ല. 15,000 കോടി കടമെടുത്തു. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ, എല്ലാവര്‍ക്കും ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുതൽ കെഎസ്ആര്‍ടിസി... അങ്ങനെ കടമെടുത്ത പണമെല്ലാം ചിലവഴിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാൾ 6500 കോടി രൂപയില്‍ അധികം കടമെടുത്തെന്ന് വാര്‍ത്തകള്‍. 

സാമ്പത്തിക വര്‍ഷം അഞ്ച് മാസം പിന്നിടുമ്പോൾ നിശ്ചയിച്ച 43 ശതമാനത്തിന് പകരം നൂറ് ശതമാനം വരെ പണം ചില വകുപ്പുകള്‍ ചെലവഴിച്ചെന്ന് ധനകാര്യ വകുപ്പ് കണ്ടെത്തി. ഇതോടെ വകുപ്പുകളുടെ ധനവിനിമയത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ധനവകുപ്പ് ആലോചന തുടങ്ങി. കേന്ദ്രത്തിൽ നിന്ന് ധനക്കമ്മി നികത്തൽ ഗ്രാന്‍റും ജിഎസ്ടി നഷ്ടപരിഹാരവും സംസ്ഥാനത്തിന് ഇതുവരെ കിട്ടിയില്ല. 

കൂടാതെ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതുവഴി മാത്രം 23,000 കോടിരൂപയുടെ  ബാധ്യത സംസ്ഥാന ഖജനാവിനുണ്ടായെന്നാണ് ധനവകുപ്പിന്‍റെ കണ്ടെത്തല്‍. റിസര്‍വ് ബാങ്കിൽ നിന്ന് എടുക്കാവുന്ന വെയ്സ് ആന്‍റ് മീൽസ് പരിധിയും തീര്‍ന്നാണ്  ഖജനാവ് ഓവര്‍ഡ്രാഫ്റ്റ് പരിധിയിലേക്ക് എത്തുന്നതെന്ന് വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു.  

ഇതിനെല്ലാം പുറമെ 2012 ലെ കടപത്ര മുതലും തിരിച്ചടക്കേണ്ടത് ഈ വര്‍ഷമാണെന്നും വാര്‍ത്തകള്‍ പറയുന്നു. അതായത് പഴയ കടവും ഈ വര്‍ഷം അടച്ച് തുടങ്ങണം. മൊത്തത്തില്‍ ധനവകുപ്പ് പ്രതിസന്ധിയിലാണെന്നും പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ട്രഷറി നിയന്ത്രണത്തിനും സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു. 

സ്കോളര്ഷിപ്പ് , ചികിത്സാ സഹായം , മരുന്ന് വാങ്ങൽ, ശമ്പളം, പെൻഷൻ തുടങ്ങി അത്യാവശ്യ നിത്യ ചെലവുകൾക്ക് ഒഴികെയുള്ളവയ്ക്ക് നിയന്ത്രണം വന്നേക്കുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇതിനിടെയാണ് ലോകമാതൃക കണ്ട് പഠിക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ്യന്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകളെത്തിയത്. 

ഇതോടെ ധനമന്ത്രിക്ക് വീണ്ടും മാധ്യമങ്ങളെ കാണേണ്ടിവന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം. ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. ലോകത്തുള്ള കാര്യങ്ങൾ കാണാൻ നമ്മൾ പോകണം. അത് കണ്ട് പഠിക്കേണ്ടതുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. യൂറോപ്പിലേക്ക് ആരും പോകണ്ട എന്നാണോ പറയുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ചോദിച്ചു. 

മുഖ്യമന്ത്രിയുടെ യാത്ര, സംസ്ഥാനത്തെ മൊത്തം ചെലവിനെ ബാധിക്കില്ലെന്ന കണക്കും ധനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കേരളം അത്രയ്ക്ക് ദരിദ്രമായ സംസ്ഥാനമല്ലെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യങ്ങളല്ല ചർച്ച ചെയ്യേണ്ടതും കൂട്ടി ചേര്‍ത്തു. 

കേരളം എത്ര ചെലവാക്കിയെന്നല്ല, മറിച്ച് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതത്തെ കുറിച്ചാണ് നമ്മള്‍ ചർച്ച ചെയ്യേണ്ടതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളെ ഓര്‍മ്മപ്പെടുത്തി. സംസ്ഥാനത്ത് നിലവിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും ധനമന്ത്രി ആവര്‍ത്തിച്ചു. 

എന്നാല്‍, ഓണത്തിന് അൽപം ചെലവ് കൂടിയെന്ന യാഥാര്‍ത്ഥ്യത്തെ അദ്ദേഹം അംഗീകരിച്ചു. പക്ഷേ, ഖജനാവിന് അപകടമില്ലെന്ന് കൂട്ടി ചേര്‍ത്തു. സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്ന് ധനമന്ത്രി ഉറപ്പ് നല്‍കി. 

കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളയും ശ്വാസംമുട്ടിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വിഹിതം കേന്ദ്രം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറക്കുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 

കൃഷിക്കാരെ വിദേശത്ത് കൊണ്ടുപോകാൻ പണം നീക്കിവെച്ച സർക്കാരാണിതെന്നും ധനമന്ത്രി മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി. ഒമാനിലെക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയ സ്ഥലമാണ് കേരളമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 

സംസ്ഥാനങ്ങളിലുള്ള ആസൂത്രണ ബോർഡുകൾക്ക് പകരം നീതി ആയോഗ്  കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനത്തെ ധനമന്ത്രി എതിർത്തു, പ്ലാനിംഗ് ബോർഡ് ഉള്ളത് തന്നെയാണ് സംസ്ഥാനത്തിന് നല്ലതെന്നും  ആസൂത്രണ സംവിധാനങ്ങൾ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്‍റേതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ആരോപിച്ചു. 

ഇതിനിടയില്‍ ഏറെ ആസൂത്രണം നടത്തിയിട്ടും കരകയറാത്ത കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പ്  പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തിയതായുള്ള വാര്‍ത്തയും വന്നു. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ വി.  നമശിവായം അധ്യക്ഷനായ സമിതിയെ ധനവകുപ്പ് ചുമതലപ്പെടുത്തിയെന്നാണ് വാര്‍ത്ത. 

click me!