മരണം കാത്തൊരു വ്യവസായം ; മഹാമാരി ഇല്ലാതാക്കിയ ആഢംബര കപ്പല്‍ വ്യവസായം

First Published | Oct 5, 2020, 1:00 PM IST

ലോകം നിശ്ചലമായ വേളയില്‍ ഇല്ലാതായ വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ആഢംബര ക്രൂയിസ് കപ്പലുകള്‍. കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനം ശക്തമാകുന്ന കാലത്ത് തന്നെ ആഢംബര ക്രൂയിസ് കപ്പലുകളെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആഢംബര ക്രൂയിസ് കപ്പലുകളിലെ യാത്രക്കാര്‍ക്ക് കൊവിഡ് രോഗാണു ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കയും യൂറോപ്പിലുമുള്ള ഒന്നാം ലോകരാജ്യങ്ങള്‍ പലതും ഇത്തരത്തിലുള്ള യാത്രാ കപ്പലുകളെ തങ്ങളുടെ തുറമുഖത്ത് അടുപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. മാസങ്ങളോളം തുറമുഖത്ത് നങ്കൂരമിടാനാകാതെ കടലില്‍ ഒഴുകി നടക്കേണ്ടിവന്ന കപ്പലുകളേ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു അന്ന്. ഒടുവില്‍ ജപ്പാനാണ് കൊവിഡ് 19 രോഗാണുബാധയുള്ള ആഢംബര ക്രൂയിസ് കപ്പലിലേക്ക് ആദ്യമായി മരുന്നും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ തയ്യാറായത്. മാസങ്ങള്‍ പിന്നെയും കടന്ന് പോയി. ഇന്ന് ക്രൂയിസ് കപ്പലുകള്‍ അവയുടെ നല്ലകാലത്തെ ഓര്‍ത്ത് മരണം കാത്ത് കിടക്കുകയാണെന്നാണ് വാര്‍ത്തകള്‍. 

മഹാമാരിയുടെ പിടിയില്‍ ലോകമമര്‍ന്നപ്പോള്‍ പല വ്യവസായങ്ങളും നിശ്ചലമായി. ഇതില്‍ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് ക്രൂയിസ് കപ്പല്‍ വിപണി. ലോകം മുഴുവനും മാസങ്ങളോളം കറങ്ങി നടക്കുന്ന ക്രൂയിസ് കപ്പലുകള്‍ ഇന്ന് ആളില്ലാതെ, അനക്കമില്ലാതെ കിടക്കുന്നു.
വ്യവസായം തകര്‍ന്നതോടെ കപ്പലുകളുടെ സംരക്ഷണം കമ്പനികള്‍ക്ക് വലിയ ബാധ്യതയായി തീര്‍ന്നു. ഇന്ന് പല ക്രൂയിസ് കപ്പലുകളും ആക്രിവിലയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുകയാണ് കമ്പനികള്‍.

കൊവിഡ് കാലത്തിന് മുമ്പ് പുതുക്കിപ്പണിത കാർണിവൽ ഫാന്‍റസി കപ്പല്‍, അടുത്തിടെ കാർണിവൽ ക്രൂയിസ് ലൈൻ വിറ്റു. പ്രതിസന്ധിയെ അവസരമായി മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച് കപ്പൽ റീസൈക്ലിംഗ് ഇൻഡസ്ട്രിയൽസ് അസോസിയേഷൻ ചെയർമാൻ കമിൽ ഓണൽ റോയിട്ടേഴ്സിനോട് പറഞ്ഞത്.
മഹാമാരി പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ കപ്പല്‍ ഗതാഗതത്തിന് ഏറെ ഇടിവ് സംഭവിച്ചു. പ്രത്യേകിച്ചും ആഡംബര കപ്പല്‍ ഗതാഗതത്തിന്. ഇതോടെ ഇവയുടെ സംരക്ഷണവും കമ്പനികള്‍ക്ക് ബാധ്യതയായിമായി. ഇതിനെ തുടര്‍ന്നാണ് ഇത്തരം കപ്പലുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്.
ഇന്ന് ബ്രിട്ടീഷ്, അമേരിക്കൻ, ഇറ്റാലിയൻ ക്രൂയിസ് കപ്പലുകൾ തുർക്കിയിലെ ഒരു കടൽത്തീരത്ത് പൊളിച്ചുനീക്കാനായി കാത്ത് കിടക്കുകയാണ്. തുർക്കി നഗരമായ ഇസ്മിറിന് 30 മൈൽ വടക്ക് അലിയാഗ തുറമുഖത്ത് സ്ക്രാപ്പ് മെറ്റലിനായി അഞ്ച് ഹൾക്കിംഗ് ക്രൂയിസ് കപ്പലുകളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്.
020 ല്‍ ഏതാണ്ട് 4.4 ബില്യൺ ഡോളർ നഷ്ടമുണ്ടായതായി കാർണിവൽ ക്രൂയിസ് ലൈൻ പറയുന്നു. വില്‍പ്പന വേഗത്തിലാക്കാന്‍ ഇത് ആക്കം കൂട്ടി. അടുത്തിയെ പുതുക്കിപ്പണിത ക്രൂയിസ് കപ്പലായ കാർണിവൽ ഫാന്‍റസിയടക്കം പൊളിച്ച് വില്‍ക്കാന്‍ വച്ചിരിക്കുകയാണ്.
കാർണിവൽ ഫാന്‍റസിയെ കൂടാതെ കമ്പനിയുടെ മറ്റ് മൂന്ന് ക്രൂയിസ് കപ്പലുകൾ കൂടി പൊളിക്കാനായി ഊഴം കാത്ത് നില്‍ക്കുകയാണ്. ആക്രി വിൽപ്പനയ്ക്കായി അഞ്ച് ക്രൂയിസ് കപ്പലുകൾ വേർപെടുത്താൻ 2,500 ഓളം തൊഴിലാളികളാണ് ഇന്ന് പ്രവർത്തിക്കുന്നത്.
ഒരു കപ്പൽ റീസൈക്ലിംഗ് ഇൻഡസ്ട്രിയൽസ് അസോസിയേഷൻ ചെയർമാനായ കാമിൽ ഓണൽ പറയുന്നത് ' പകർച്ചവ്യാധിയെത്തുടർന്ന് ക്രൂയിസ് കപ്പലുകൾക്ക് അളിയാഗയിലേക്കുള്ള വഴി പെട്ടെന്ന് മനസിലാകുന്നുവെന്നാണ്.' കൂടുതല്‍ കപ്പലുകള്‍ പൊളിക്കാനായി അളിയാഗയിലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
"കൊവിഡ് പ്രതിസന്ധി കാരണം ഈ മേഖലയിൽ വളർച്ചയുണ്ടായി. കപ്പലുകൾക്ക് ജോലി കണ്ടെത്താൻ കഴിയാത്തപ്പോൾ അവ പൊളിച്ചുമാറ്റുന്നതിലേക്ക് തിരിഞ്ഞു." കപ്പലുകൾ പൊളിച്ചുമാറ്റുന്നതിനും ചുമരുകള്‍, ജനാലകൾ, റെയിലിംഗുകൾ എന്നിവ നീക്കം ചെയ്യുന്നതിനും 2,500 ഓളം തൊഴിലാളികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഓണൽ പറയുന്നു.
ഒരു സമ്പൂർണ്ണ യാത്രാ കപ്പൽ വേർപെടുത്താൻ ഏകദേശം ആറുമാസമെടുക്കും. ആഡംബര കപ്പലിലെ ലോഹേതര ആഡംബര സാധനങ്ങള്‍ ശേഖരിക്കാൻ ഹോട്ടൽ ഓപ്പറേറ്റർമാരും സൈറ്റ് സന്ദർശിച്ചിട്ടുണ്ട്. അതിനാൽ അവ പാഴായിപ്പോകില്ലെന്നും പുതിയ വിപണി കണ്ടെത്തുമെന്നും ഓണൽ പറഞ്ഞു.
തുർക്കി കപ്പൽശാല ജനുവരിയിൽ 7,00,000 ടണ്ണിൽ നിന്ന് 1.1 ദശലക്ഷം ടണ്ണായി ഉയർത്താൻ ശ്രമിക്കുകയാണ്. "പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," ഓണൽ പറഞ്ഞു.
മാർച്ച് 25 ഓടെ ക്രൂയിസ് കപ്പൽ വ്യവസായത്തെയും കൊറോണ വൈറസ് ബാധിച്ചിരുന്നു. ബിസിനസ് ഇൻ‌സൈഡർ റിപ്പോർട്ട് ചെയ്തതനുസരിച്ച് 36 ക്രൂയിസ് കപ്പലുകളിൽ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കൂടെ യാത്രാ നിരോധനവും സാമൂഹിക അകലം പാലിക്കൽ നിയമങ്ങളും ഉൾപ്പെടെയുള്ള നിലവിലുള്ള മഹാമാരി നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്, ഇത് ക്രൂയിസ് കപ്പലുകളുടെ സഞ്ചാരത്തെ തടയുന്നു.
ഇതേതുടര്‍ന്ന് തീരങ്ങളിൽ നങ്കൂരമിട്ട് കിടക്കേണ്ട അവസ്ഥയിലാണ് ഇന്ന് ആഡംബര കപ്പലുകള്‍. പി & ഒ, പ്രിൻസസ് ക്രൂയിസ്, കുനാർഡ് എന്നിവ ഉൾപ്പെടുന്ന കാർണിവൽ ക്രൂയിസുകൾ തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു കഴിഞ്ഞു.
നോർവീജിയൻ ക്രൂയിസ് കപ്പലുകള്‍ വരുമാനത്തിലുണ്ടായ ഭീമമായ ഇടിവ് മൂലം തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചെന്നും വാര്‍ത്തകളുണ്ട്.
ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരം ആഡംബര കപ്പലുകളിലെ തൊഴിലാളികള്‍. ഇവര്‍ പ്രധാനമായും ഭക്ഷണ, ശുചീകരണ മേഖലകളിലാണ് ജോലി ചെയ്തിരുന്നത്.
മഹാമാരി വ്യാപകമായതോടെ യാത്രാക്കപ്പലുകള്‍ യാത്രകള്‍ നിര്‍ത്തിവച്ചു. ഇതോടെ ഈ മേഖലയില്‍ ജോലി നോക്കിയിരുന്നവര്‍ക്ക് ജോലി നഷ്ടമായി.

Latest Videos

click me!