ചെഗുവേര കേരളത്തില്‍!
First Published | Jun 14, 2019, 8:19 PM ISTമുണ്ടുടുത്ത ചെഗുവേര. ക്ഷേത്രോല്‍സവത്തിലെ ചെഗുവേര. പാര്‍ട്ടി ഓഫീസുകളിലെയും റോഡരികിലെ കെട്ടിടങ്ങളിലെയും ചെഗുവേര. മലയാളി ജീവിതത്തിന്റെ തൂണിലും തുരുമ്പിലുമുള്ള നിറസാന്നിധ്യം. 1967ല്‍ ബൊളീവിയന്‍ സൈന്യം വെടിവെച്ചുകൊന്നെങ്കിലും മാര്‍ക്‌സിസ്റ്റ് വിപ്ലവകാരി ഏണസ്‌റ്റോ ചെഗുവേര കേരളത്തിലിന്നും സജീവമാണ്. പില്‍ക്കാലത്ത് ഒരു ബ്രാന്റായി മാറ്റിത്തീര്‍ക്കപ്പെട്ട ചെഗുവേര ഫോട്ടോകളിലൂടെയും പ്രശസ്തമായ ഉദ്ധരണികളിലൂടെയുമാണ് കേരളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കേരളത്തില്‍ അറുപതു മുതല്‍ ചെഗുവേരയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, അന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആളായാണ് ചെ മുദ്രകുത്തപ്പെട്ടത്. ചെഗുവേര കൃതികള്‍ വായിക്കരുതെന്ന വിലക്ക് പോലും അന്നു മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എടുത്തിരുന്നുവെന്ന് കെ. വേണുവിനെ പോലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. നക്‌സല്‍ കാലത്തിനും അടിയന്തിരാവസ്ഥയ്ക്കും ശേഷമാണ് മുഖ്യധാരാ ഇടങ്ങളിലേക്കുള്ള ഈ വിപ്ലവ ഇതിഹാസത്തിന്റെ പ്രവേശനം സാദ്ധ്യമാവുന്നത്. മരണാനന്തരം ലോകമെങ്ങും ഒരു ബ്രാന്റെന്ന നിലയില്‍ വളര്‍ന്ന ചെഗുവേര പിന്നീട്, അതേ സാദ്ധ്യതകള്‍ ഉപയോഗിച്ച് കേരളത്തിലും യൗവനത്തിന്റെ ഇതിഹാസ പുരുഷനായി മാറുകയായിരുന്നു.
ഇപ്പോള്‍ ചെഗുവേരയ്ക്ക് കേരളത്തില്‍ ഒരു രാഷ്ട്രീയ മുഖമുണ്ട്. ഇടതു പ്രത്യയശാസ്ത്രം പങ്കുവെയ്ക്കുന്നവര്‍ അവരുടെ ഐക്കണായി ചെഗുവേരയെ കണക്കാക്കുന്നു. അതേ കാരണത്താല്‍, ചെഗുവേര എതിര്‍ക്കപ്പെടേണ്ട ഒരാളായി എതിര്‍വശത്തുള്ള പാര്‍ട്ടികളും കരുതുന്നു. അതു പലപ്പോഴും സംഘര്‍ഷങ്ങളിലെത്തുന്നു. ചെഗുവേരയുടെ പേരില്‍ കേരളത്തില്‍ ഒരു ഹര്‍ത്താല്‍ പോലും നടന്നത് ഇവിടെ കൂട്ടിവായിക്കണം.
'കൊല്ലാനേ കഴിയൂ, നശിപ്പിക്കാനാവില്ല' എന്ന പ്രശസ്തമായ വാക്കുകള്‍ പോലെ ചെഗുവേര കേരളത്തിലിന്നും മുണ്ടും മടക്കിക്കുത്തി നടക്കുക തന്നെയാണ്. കേരളത്തിന്റെ തെരുവുകളില്‍ കാണുന്ന ചെഗുവേര ചിത്രങ്ങള്‍ക്ക് പലപ്പോഴും മലയാളികളുടെ മുഖമാണ്. സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയുമെല്ലാം മുഖസാദൃശ്യമുള്ള ചെഗുവേരയെ നമുക്ക് തെരുവുകള്‍ നീളെ കണ്ടെടുക്കാനാവും.