ഒക്ടോബർ 9ന് ആയിരുന്നു 2024ലെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത്. TG 434222 എന്ന നമ്പറിന് ആയിരുന്നു 25 കോടിയുടെ സമ്മാനം. നറുക്കെടുപ്പ് കഴിഞ്ഞ് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ തന്നെ ഭാഗ്യവാനെ ഏഷ്യാനെറ്റ് ന്യൂസ് വഴി കേരളക്കര കാണുകയും ചെയ്തു. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫ് ആണ് ഭാഗ്യശാലി. കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ലോട്ടറി എടുക്കുന്ന അൽത്താഫ്, വയനാട്ടിൽ ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു ടിക്കറ്റ് എടുത്തത്. ഒടുവിൽ ഭാഗ്യം തുണയ്ക്കുകയും ചെയ്തു. മകളുടെ വിവാഹം നടത്തണം, പുതിയ വീട് വയ്ക്കണം എന്നതാണ് മെക്കാനിക്ക് കാരനായ ഈ ഭാഗ്യവാന്റെ ആഗ്രഹം. 25 കോടിയിൽ നികുതിയും ഏജൻസി കമ്മീഷനും കഴിച്ച് 12.8 കോടി രൂപയാകും അൽത്താഫിന് ലഭിക്കുക.
2023ൽ ഓണം ബമ്പർ തുണച്ചത് തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കളെയാണ്. പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി, നടരാജ് എന്നിവരാണ് ആ ഭാഗ്യശാലികൾ. അസുഖ ബാധിതനായ സുഹൃത്തിനെ കാണാൻ വന്നപ്പോൾ വാളയാറിൽ നിന്നുമായിരുന്നു ഇവർ ടിക്കറ്റെടുത്ത്. തങ്ങൾക്കാണ് 25 കോടി അടിച്ചതെന്ന് അറിഞ്ഞ നാൽവർ സംഘം ലോട്ടറി ഓഫീസിൽ നേരിട്ട് എത്തി ടിക്കറ്റ് കൈമാറുകയായിരുന്നു. ഇവരുടെ ഫോട്ടോ എടുക്കരുതെന്ന് ആദ്യമെ തന്നെ ഉദ്യോഗസ്ഥരോട് ഭാഗ്യവാന്മാർ അഭ്യർത്ഥിച്ചിരുന്നു.
കേരള ലോട്ടറി ആദ്യമായി ഓണം ബമ്പറിന് 25 കോടി സമ്മാനം നൽകിയ വർഷം ആയിരുന്നു 2022. തിരുവനന്തപുരം സ്വദേശി അനൂപ് ആയിരുന്നു ആ ഭാഗ്യവാൻ. നറുക്കെടുത്ത് മണിക്കൂറുകൾക്കകം തന്നെ പൊതുവേദിയിൽ എത്തിയ അനൂപിന് ഭാഗ്യത്തോടൊപ്പം സമാധാനമില്ലായ്മയും കൂട്ടിന് വന്നിരുന്നു. കടം ചോദിച്ച് എത്തുന്നവരുടെ ശല്യം സഹിക്ക വയ്യാതെ വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിവരെ വന്ന അനൂപിന്റെ അവസ്ഥ ബിബി വരെ വാർത്തയാക്കിയിരുന്നു. ഓട്ടോ ഡ്രൈവർ ആയിരുന്ന അനൂപ് ഇപ്പോൾ ലോട്ടറി ഏജൻസി തുടങ്ങിയിട്ടുണ്ട്. ഒന്ന്, രണ്ട് വീടും കുറച്ചു സ്ഥലും അനൂപ് വാങ്ങി. ബാക്കി ഫിക്സഡ് ആയിട്ട് ബാങ്കിൽ ഇട്ടേക്കുകയാണെന്ന് അനൂപ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
2021ൽ ഭാഗ്യം തുണച്ചത് തൃപ്പുണ്ണിത്തുറ മരട് സ്വദേശിയായ ജയപാലനെ ആണ്. കഴിഞ്ഞ 32 വർഷത്തിലേറെയായി ഓട്ടോ ഓടിക്കുന്ന ജയപാലൻ അന്ന് മുതൽ രണ്ടും മൂന്നും ടിക്കറ്റുകൾ സ്ഥിരമായി എടുക്കാറുണ്ടായിരുന്നു. കോടീശ്വരൻ ആയെങ്കിലും ഇന്നും ഓട്ടോ ഓടിച്ച് കുടുംബം നോക്കുകയാണ് ജയപാലൻ. മക്കൾക്ക് വേണ്ടി സ്ഥലം വാങ്ങി വീട് വച്ചു. ബാക്കി തുക ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ പലിശ മ്യൂച്വൽ ഫണ്ടിലേക്കും മാറ്റിയിട്ടുണ്ട് ജയപാലൻ. 12 കോടി ആയിരുന്നു അന്ന് ഒന്നാം സമ്മാനം. ഇതിൽ 7 കോടി നാല്പത്തി നാലര ലക്ഷം രൂപയാണ് കിട്ടിയത്.
TB 173964 എന്ന നമ്പറിലൂടെ ആയിരുന്നു 2020ൽ അനന്തുവിനെ ഭാഗ്യം തേടി എത്തിയത്. ഇടുക്കി കട്ടപ്പന സ്വദേശിയായ അനന്തുവിന്റെ പെയിന്റിംഗ് തൊഴിലാളിയായ അച്ഛനും അന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ അച്ഛന് ഭാഗ്യം നഷ്ടമായെങ്കിലും മകനിലൂടെ വീട്ടിലേക്ക് 12 കോടി എത്തുക ആയിരുന്നു.
2019ല്‍ ഓണം ബമ്പർ കോടീശ്വരന്മാരാക്കിയത് ആറ് സുഹൃത്തുക്കളെ ആയിരുന്നു. കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ റോണി, സുബിൻ തോമസ്, വിവേക്, റംജിൻ, രാജീവൻ, രതീഷ് എന്നിവരായിരുന്നു ഭാഗ്യശാലികൾ. ഇതിൽ രാജീവൻ ഏതാനും വർഷം മുൻപ് ഹൃദയാഘാതം മൂലം മരിച്ചു. TM 160869 എന്ന നമ്പറിന് ആയിരുന്നു ഭാഗ്യം. ഒരാൾക്ക് 1.26 കോടി വച്ചായിരുന്നു തുക കിട്ടിയത്. അത്യാവശ്യത്തിന് മാത്രം തുക ചെലവാക്കി ബാക്കി പണം എല്ലാവരും ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ് ഇവർ.
2018ൽ ഓണം ബമ്പർ വിരുന്നെത്തിയത് വത്സല വിജയനെ തേടി ആയിരുന്നു. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിനിയായ വത്സലയ്ക്ക് TB 128092 എന്ന ടിക്കറ്റിനാണ് 10 കോടി രൂപ സമ്മാനം ലഭിച്ചത്. 250 രൂപയായിരുന്നു അന്ന് ടിക്കറ്റ് വില. നികുതി എല്ലാം കഴിഞ്ഞ് അഞ്ച് കോടി 30 ലക്ഷം രൂപയാണ് വത്സലയ്ക്ക് ലഭിച്ചു. സമ്മാനത്തുക മൂന്ന് മക്കൾക്കുമായി ഭാഗം വച്ച വത്സല ബാക്കി തുക ഉപയോഗിച്ച് സ്വന്തമായി വീടും വച്ചിരുന്നു.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫയെ തേടി 2017ലാണ് ഭാഗ്യം എത്തിയത്. AJ 442876 എന്ന നമ്പറിലൂടെ 10 കോടി രൂപയാണ് മുസ്തഫയ്ക്ക് കിട്ടിയത്. ഇതിൽ നികുതി കഴിച്ച് 6.30 കോടി രൂപ മുസ്‌തഫയ്ക്ക് ലഭിച്ചു. ലോട്ടറി അടിച്ച് അഞ്ച് വർഷത്തിന് ഇപ്പുറം മുസ്തഫയുടെ വീട്ടിൽ ആരുമില്ലാത്ത വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മക്കളും ഭാര്യയും ഇദ്ദേഹത്തെ ഉപേക്ഷിച്ച് പോയി. 50 ലക്ഷം രൂപ രൂപ മാത്രമാണ് ബമ്പറടിച്ച വകയിൽ തന്റേൽ ഉള്ളതെന്ന് മുൻപ് മുസ്തഫ പറഞ്ഞിരുന്നു. അതും മ്യൂച്യൽ ഫണ്ടിൽ നിഷേപിച്ചിരിക്കുന്നത് കൊണ്ട് മാത്രം.
2016ൽ പാലക്കാട് നെന്മാറ സ്വദേശി ഗണേശന് ആയിരുന്നു ബമ്പർ അടിച്ചത്. TC 788368 എന്ന നമ്പറിലൂടെ എട്ട് കോടി രൂപയാണ് ഗണേശന് ലഭിച്ചത്. തൃശൂരില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു ഗണേശന്‍.
തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി അയ്യപ്പന്‍ പിള്ളയെ ഭാഗ്യം തുണച്ചത് 2015ൽ ആണ്. ഏഴ് കോടിയായിരുന്നു അന്നത്തെ ഒന്നാം സമ്മാനം. നികുതി കഴിച്ച് 4 കോടി 40 ലക്ഷം രൂപയാണ് അയ്യപ്പൻ പിള്ളക്ക് കിട്ടിയത്. നാല് മക്കളാണ് അയ്യപ്പൻ പിള്ളയ്ക്ക്. ഇവർക്ക് ഓരോരുത്തർക്കും വീട് വച്ചുകൊടുക്കുകയും ബാക്കി തുക വിവിധ സംഘടനകളിൽ നിഷേപിക്കുകയും ചെയ്തിരുന്നു.
2013ൽ പാലക്കാട് സ്വദേശി മുരളീധരന് ആയിരുന്നു ഒന്നാം സമ്മാനം അടിച്ചത്. ഇതിന് മുൻപ് കാരുണ്യ ഭാഗ്യക്കുറിയിലൂടെ 25,000 രൂപ മുരളീധരന് ലഭിച്ചിരുന്നു. ഈ തുക കൊണ്ടാണ് 150 ഓണം ബമ്പർ ടിക്കറ്റുകൾ താൻ എടുത്തതെന്ന് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. 100 രൂപയായിരുന്നു അന്നത്തെ ടിക്കറ്റ് വില. അഞ്ച് കോടിയിൽ 3 കോടി 12 ലക്ഷം രൂപയാണ് മുരളീധരന് ലഭിച്ചത്. ജ്വല്ലറി നടത്തിയിരുന്ന ഇദ്ദേഹം ഇപ്പോൾ, പമ്പാ ഗണപതി ലോട്ടറി ഏജൻസി നടത്തിവരികയാണ്.