'അടിച്ചു മോളേ...' ആ ഓണം ബംമ്പര്‍ കോടീശ്വരന്മാരും കോടീശ്വരികളും ഇതാ ഇവിടെയുണ്ട്!
First Published | Sep 12, 2020, 2:12 PM ISTരാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ തേടിയ സംസ്ഥാനമാണ് കേരളം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ച് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 50,000 രൂപ സമ്മാനത്തുകയുടെ ഓണം ബംമ്പറുമായി 1967 നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തില്‍ ആദ്യമായി ലോട്ടറി വില്‍പ്പന ആരംഭിക്കുമ്പോള്‍ പി.കെ കുഞ്ഞ് ധനമന്ത്രി, പി.കെ.സെയ്തു മുഹമ്മദ് സ്ഥാപക ഡയറക്ടറുമായിരുന്നു. പിന്നീടിങ്ങോട്ട് വര്‍ഷാവര്‍ഷം നിരവധി ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേരളാ സംസ്ഥാന ഭാഗ്യക്കുറി മുന്നില്‍ നിന്നു. 50,000 രൂപയില്‍ തുടങ്ങിയ ഓണം ബംമ്പര്‍ ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ലോട്ടറിയാണ്. ഭാഗ്യക്കുറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം മുതലാണ് ഇത്രയും വലിയ തുക സമ്മാനമായി സർക്കാർ പ്രഖ്യാപിച്ചത്.
അതെ, നാളെയാണ്... നാളെയാണ്... നാളെയാണ്... ആ സുദിനം..
2020 തിരുവോണം ബംമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. നമ്മളന്വേഷിക്കുന്ന ആ ഭാഗ്യശാലി ആരായിരിക്കും ? ആ ഭാഗ്യശാലിയാരായാലും ഇതിനോടകം നിരവധി പേരാണ് ഓണം ബമ്പറിലൂടെ കോടീശ്വരന്മാരും കോടീശ്വരികളും ആയിട്ടുള്ളത്. പലരുടെയും സാമ്പത്തിക ഭദ്രത വർദ്ധിച്ചു. ചിലർ സ്വന്തമായി വീടുകൾ വാങ്ങി, മറ്റ് ചിലരാകട്ടെ വാഹനങ്ങൾ വാങ്ങി. എന്നാൽ കിട്ടിയ തുക ബാങ്കിൽ നിഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ട്. മറ്റ് ചിലരാകട്ടെ തങ്ങളുടെ ഭാഗ്യജീവിതത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് തിരുവോണം ബമ്പറിലൂടെ കോടിപതികളായ ഏതാനും ചിലരുടെ വിശേഷങ്ങളറിയാം.