കേസിന്‍റെ മുഴുവൻ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങളെടുക്കും. ശക്തമായ തെളിവുകളുള്ള കേസാണ്. പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ട കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ നടപടി ഉണ്ടാകുമെന്നും ഐ ജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
വലിയ ക്രൈമാണ് നടന്നത്. പ്രതിക്ക് കനത്ത ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചെന്നും ഐജി പറഞ്ഞു. ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്‍റെ വിശദാംശങ്ങൾ നൽകുമെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
വിസ്മയയുടെ ഭര്‍ത്താവ് കിരൺ വീട്ടിൽ വന്ന് അതിക്രമം നടത്തിയ കേസ് പുനരന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ജനുവരിയിൽ നടന്ന സംഭവത്തിൽ പൊലീസ് ഇടപെട്ട് കിരണിനെ താക്കീത് ചെയ്യുകയും കേസ് ഒത്തുതീര്‍പ്പാക്കുകയുമായിരുന്നു. എന്നാല്‍, ഇക്കാര്യത്തിൽ ഒരു വീഴ്ചയും പൊലീസിന് സംഭവിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞത്.
അന്ന് വിവാഹം കഴിഞ്ഞ് ആറ് മാസമായിരുന്നതേയുള്ളൂ. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടെന്നാണ് വിസ്മയയും കുടുംബവും തീരുമാനിച്ചത്. അതനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും ഐജി വിശദമാക്കി. കേസ് ഏറ്റെടുത്ത അന്വേഷണ ഉദ്യോഗസ്ഥയോട് കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചിട്ടുണ്ടെന്നും ഇതുവരെയുള്ള പൊലീസ് നടപടിയിൽ തൃപ്തിയുണ്ടെന്നും വിസ്മയയുടെ കുടുംബവും പ്രതികരിച്ചു.
പോരുവഴിയിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ കിരണിന്‍റെ വീട്ടിലും ഹര്‍ഷിത അട്ടല്ലൂരി സന്ദര്‍ശിച്ചു. വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന് പുറമേ മറ്റ് ബന്ധുക്കളെയും കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.
വിസ്മയയുടേത് തൂങ്ങി മരണമാണെന്ന് പറയുന്ന പൊലീസ് പക്ഷേ, ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ തയാറായിട്ടില്ലെന്നത് ദുരൂഹതയുയര്‍ത്തുന്നു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്തൂവെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഷ്യം.
അതേ സമയം ഇന്നലെ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിലാണ്. സ്ത്രീധനമൊന്നും നല്‍കേണ്ടതില്ലെന്ന വാഗ്ദാനവുമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കിരണ്‍ കുമാറും കുടുംബവും വിവാഹ ആലോചനയുമായി വിസ്മയയുടെ കുടുംബത്തെ സമീപിച്ചത്.
എന്നാല്‍ വിവാഹം കഴിഞ്ഞയുടനെ കിരണ്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡനം തുടങ്ങുകയായിരുന്നെന്ന് വിസ്മയയുടെ കുടുംബം പറയുന്നു.എന്നാല്‍ ഇതെല്ലാം പൊളളത്തരമായിരുന്നെന്ന് വിസ്മയയുടെ കുടുംബം തിരിച്ചറിഞ്ഞത് വിവാഹത്തിനു ശേഷം മാത്രം. സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് വിസ്മയയുടെ സഹോദരനെ പോലും കിരണ്‍കുമാര്‍ മര്‍ദിച്ചിരുന്നു.
പ്രവാസി ജീവിതത്തിലെ തന്‍റെ സമ്പാദ്യത്തില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയുമാണ് പിതാവ് ത്രിവിക്രമന്‍ നായര്‍ വിസ്മയയ്ക്ക് നല്‍കിയിരുന്നത്. ഇതിനൊപ്പം പത്ത് ലക്ഷം രൂപയോ തത്തുല്യമായ വിലയ്ക്കുള്ള കാറോ നല്‍കുമെന്നും അറിയിച്ചിരുന്നു.
ഇതനുസരിച്ച് കാര്‍ വാങ്ങി നല്‍കുകയും ചെയ്തു. എന്നാല്‍, സ്ത്രീധനമായി കിട്ടിയ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നും അത് തന്‍റെ സ്റ്റാറ്റസിന് ചേരുന്നതല്ലെന്നും പറഞ്ഞായിരുന്നു കിരണിന്‍റെ ഭാര്യപീഢനം.
ഈ വര്‍ഷം ജനുവരിയില്‍ മദ്യപിച്ച് പാതിരാത്രിയില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു.
ഗതികെട്ടാണ് അവര്‍ വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണ്‍കുമാറിന്‍റെ ബന്ധുക്കളുടെ വിസ്മയയോടുളള പെരുമാറ്റത്തെ കുറിച്ചും പരാതിയുണ്ട്. പന്തളം എന്‍എസ്എസ് കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച വിസ്മയ.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona