പബ് വന്നില്ലേ, നമ്മുടെ പബ്‍സ്... വന്നില്ലേ.. ; കാണാം പബ് ട്രോളുകള്‍
First Published | Nov 13, 2019, 10:20 AM ISTകേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയില്‍ മൂന്നരക്കോടി ടൂറിസ്റ്റുകളെ ടാര്‍ഗറ്റ് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്‍റെ മദ്യരംഗത്തേക്ക് പബ്ബുകള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഐടി രംഗത്തും മറ്റും കൂടുതല്‍ വികസനം കൊണ്ട് വരാനും കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനും അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും ഇക്കാര്യം ഗൗരവമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
നമ്മുടെ സംസ്ഥാനത്തിന്‍റെ വികസനത്തിനായി ചില കാര്യങ്ങള്‍ വേണ്ടി വരുമെന്ന് തന്നെയാണ് കാണുന്നത്. ഇപ്പോള്‍ രാത്രി 11 മണി വരെ ജോലി ചെയ്യുന്ന ആളുകള്‍ക്ക് രാത്രി ജോലി കഴിഞ്ഞു വന്ന് ഒരു ഹോട്ടലിലോ പബ്ബിലോ പോകണമെന്ന് തോന്നിയാല്‍ അത്തരം സൗകര്യങ്ങള്‍ ഇവിടെ ഇല്ല. ഇതൊരു വലിയ ആക്ഷേപമായി തന്നെ ഞങ്ങളുടെ മുന്നിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അതിപ്പോള്‍ ഗൗരവമായി പരിശോധിച്ചു വരികയാണ്. കാരണം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ അടക്കം ഇവിടേക്ക് വരികയാണ്. നമ്മുടെ നാട്ടില്‍ തന്നെയുള്ള വലിയൊരു വിഭാഗം ഇതാഗ്രഹിക്കുന്നവരാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ ഇടതുപക്ഷ സര്‍ക്കാറിന്‍റെ നയപ്രഖ്യാപനത്തിന് വിരുദ്ധമായി പബ്ബുകള്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തുകൊണ്ട് പല ഭാഗത്ത് നിന്നും വാദങ്ങള്‍ ഉയര്‍ന്നു. ഇതോടെ ട്രോളുകളും രംഗത്തെത്തി. കേരളത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ മുതല്‍ റേഡിലെ കുഴിയും യൂണിയന്‍ വഴി പബ്ബില്‍ ജോലി കിട്ടിയ സിപിഎമ്മുകാരന്‍ വരെ ട്രോളുകളില്‍ നിറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് മെട്രോയും വിഎസിന്‍റെ കാലത്ത് ഐടിപാര്‍ക്കും പിണറായിയുടെ കാലക്ക് മലയാളിക്ക് പബും. കാണാം പബ്ബ് ട്രോളുകള്‍.